Image

വാഷിങ്ടണ്‍പോസ്റ്റിലെ പരാമര്‍ശം: പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് ജസ്വന്ത്‌സിങ്

Published on 06 September, 2012
വാഷിങ്ടണ്‍പോസ്റ്റിലെ പരാമര്‍ശം: പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് ജസ്വന്ത്‌സിങ്
ബാംഗ്ലൂര്‍: അഴിമതിയില്‍ മുങ്ങിയ സര്‍ക്കാറിന് നേതൃത്വംനല്‍കുന്ന പ്രാപ്തിയില്ലാത്ത പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്ങെന്ന വാഷിങ്ടണ്‍പോസ്റ്റിന്റെ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി രാജ്യത്തോട് മാപ്പുപറയണമെന്ന് മുന്‍ പ്രതിരോധമന്ത്രിയും ബി.ജെ.പി. നേതാവുമായ ജസ്വന്ത്‌സിങ് പറഞ്ഞു. ഇക്കാര്യത്തില്‍ വാഷിങ്ടണ്‍പോസ്റ്റിന്റെ പത്രാധിപര്‍ മാപ്പുപറയുന്നതിനുപകരം പ്രധാനമന്ത്രിയുടെ ഓഫീസാണ് രാജ്യത്തോട് മാപ്പുപറയേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്രത്തിലെ ലേഖനം നിര്‍ഭാഗ്യകരമായിപ്പോയെന്നും അവരോട് മാപ്പപേക്ഷിക്കാന്‍ ആവശ്യപ്പെടുമെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അംബികാസോണി കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. പട്ടികജാതിവര്‍ഗ വിഭാഗത്തിന് സര്‍ക്കാര്‍ജോലിയില്‍ സ്ഥാനക്കയറ്റം നല്‍കാനുള്ള ഭരണഘടനാഭേദഗതി ബില്‍ തിടുക്കത്തില്‍ കൊണ്ടുവരാനുള്ള നീക്കം ഭരണഘടനാവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതല്‍ ചര്‍ച്ചയ്ക്കുശേഷമാണ് ബില്‍ നടപ്പാക്കേണ്ടതെന്നും ജസ്വന്ത്‌സിങ് അഭിപ്രായപ്പെട്ടു. ഈ ബില്‍ കോണ്‍ഗ്രസ്സിന് അത്രപെട്ടെന്ന് നടപ്പാക്കാന്‍ കഴിയില്ല. പാര്‍ലമെന്റില്‍ ബി.എസ്.പി.യും എസ്.പി.യും തമ്മില്‍ നടന്ന കലഹം പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ നേതാവ് അരവിന്ദ് കെജ്‌രിവാള്‍ സി.ബി.ഐ.യ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഏതുസന്ദര്‍ഭത്തിലാണ് കെജ്‌രിവാള്‍ ഇത്തരമൊരു പ്രസ്താവന നടത്തിയതെന്ന് അറിയാത്തതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ജസ്വന്ത്‌സിങ് പറഞ്ഞു.

ഭരണഘടനാസ്ഥാപനങ്ങളുടെ വിശ്വാസ്യത നഷ്ടമായാല്‍ അത് രാജ്യത്തിന് ഗുണകരമാവില്ല. കല്‍ക്കരി കുംഭകോണത്തില്‍ ആരോപിതമായ കമ്പനികളില്‍ സി.ബി.ഐ. നടത്തിയ റെയ്ഡ് ഒത്തുകളിയുടെ ഭാഗമായിരുന്നെന്നാണ് കെജ്‌രിവാള്‍ കഴിഞ്ഞദിവസം പറഞ്ഞത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക