Image

വടക്കുകിഴക്കന്‍ ബന്തില്‍ ജനജീവിതം സ്തംഭിച്ചു

Published on 06 September, 2012
വടക്കുകിഴക്കന്‍ ബന്തില്‍ ജനജീവിതം സ്തംഭിച്ചു
ഗോഹട്ടി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ളവര്‍ മറ്റു സംസ്ഥാനങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നതിനെതിരേ മണിപ്പൂര്‍, മിസോറം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ബന്തില്‍ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങള്‍, സ്വകാര്യ-സര്‍ക്കാര്‍സ്ഥാപനങ്ങള്‍, ബാങ്കുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടഞ്ഞുകിടന്നു. ഗോഹട്ടിയില്‍ എന്‍ഇഎസ്ഒയുടെ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. 26 സ്റ്റുഡന്റ്‌സ് സംഘടനകള്‍ ബന്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. 

നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായും ആസാമിനെ പാര്‍ലമെന്റില്‍ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണെന്നും എന്‍ഇഎസ്ഒ ചെയര്‍മാന്‍ സമുജ്ജല്‍ ഭട്ടാചാര്യ കുറ്റപ്പെടുത്തി. 1971 മുതല്‍ കൊക്രാജര്‍, ചിരാഗ്, ദുബ്രി, ബൊംഗായിഗോവ് ജില്ലകളിലേക്കു ബംഗ്ലാദേശില്‍നിന്നു കുടിയേറിയവരെ രാജ്യത്തുനിന്നു പുറത്താക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സമുജ്ജല്‍ പറഞ്ഞു. ബംഗ്ലാദേശികളെ പുറത്താക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ കൈകോര്‍ക്കുകയാണെന്ന് എന്‍ഇഎസ്ഒ വൈസ് ചെയര്‍മാനും മിസോ സ്റ്റുഡന്റ് നേതാവുമായ എസ്. ഖുന്‍ടെ പറഞ്ഞു. കുടിയേറ്റക്കാരെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ ജനകീയപ്രക്ഷോഭത്തിലൂടെ ഇതിന് ഉത്തരം നല്കുമെന്നു നാഗാലാന്‍ഡ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ ഉപദേഷ്ടാവ് എന്‍.എസ്.എന്‍ ലോഥ പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക