Image

കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന്

Published on 06 September, 2012
കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയവരെ മോചിപ്പിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന്
ന്യൂഡല്‍ഹി: സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യാക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നു കടല്‍ക്കൊള്ളക്കാരുടെ പിടിയിലുള്ള മലയാളികളുടെ രക്ഷിതാക്കള്‍. കൊള്ളക്കാരുമായി അനുരഞ്ജന ചര്‍ച്ച ആരംഭിക്കാന്‍ പോലും സര്‍ക്കാര്‍ തയാറാകുന്നില്ലെന്നും പ്രതിരോധമന്ത്രി എ.കെ. ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം എംപിമാരായ കെ.എന്‍. ബാലഗോപാല്‍, എം.ബി. രാജേഷ് എന്നിവര്‍ക്കൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. 

അഞ്ച് മലയാളികളടക്കം 21 ജീവനക്കാരുണ്ടായിരുന്ന കപ്പലാണ് സോമാലിയന്‍ കൊള്ളക്കാര്‍ തട്ടിയെടുത്തത്. മൊത്തം 17 ഇന്ത്യക്കാര്‍. കപ്പലില്‍വച്ചു മരിച്ച ഒരാളുടെ ജഡം കൊള്ളക്കാര്‍ കടലിലേക്ക് വലിച്ചെറിഞ്ഞു. ഒറ്റപ്പാലം പനമണ കൊടക്കാട്ടില്‍ കെ സി മിഥുന്‍(24), ഇരിഞ്ഞാലക്കുട മംഗലത്ത് വീട്ടില്‍ സ്റ്റാന്‍ലി വിന്‍സന്റ് (21), കൊല്ലം ചടയമംഗലം മനീഷാലയത്തില്‍ മനീഷ് മോഹന്‍ (21), തിരുവനന്തപുരം മലയം അഞ്ജനാലയത്തില്‍ അര്‍ജുന്‍, തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി ഡിപിന്‍ എന്നിവരാണ് മാര്‍ച്ച് രണ്ടു മുതല്‍ ബന്ദികളായത്. മക്കളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയേയും പ്രതിരോധ മന്ത്രി എ.കെ ആന്റണിയേയും വിദേശകാര്യ മന്ത്രി എസ്.എം. കൃഷ്ണയേയും ഷിപ്പിംഗ് മന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു രക്ഷിതാക്കള്‍ പറയുന്നു. ജന്തര്‍ മന്തിറില്‍ രണ്ടു ദിവസം ധര്‍ണയും നടത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയായി പ്രശ്‌ന പരിഹാരം ആവശ്യപ്പെട്ട് മന്ത്രിമാരുടെയും മറ്റും ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. ഇന്നലെ പ്രതിരോധ മന്ത്രി എ.കെ ആന്റണിയെയും സന്ദര്‍ശിച്ചു. ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി വിഷയത്തില്‍ ഇടപെടുന്നുണെ്ടന്ന് അദ്ദേഹം പറഞ്ഞു. കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

എന്നാല്‍, കൊള്ളക്കാര്‍ തട്ടിയെടുത്തതു മര്‍ച്ചന്റ് ഷിപ്പായതിനാല്‍ കപ്പല്‍ ഉടമ ഇടപെടട്ടെയെന്നാണ് കേന്ദ്രത്തിന്റെ വാദം. ആദ്യസമയങ്ങളില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്ന കപ്പല്‍ ഉടമ ഇപ്പോള്‍ സംസാരിക്കാന്‍ പോലും തയ്യാറാവുന്നില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു. ബന്തികളുടെ മോചനത്തിനായി ഇടപെടാന്‍ സോമാലിയയിലെ ഇന്ത്യന്‍ എംബസിക്ക് വേണ്ട നിരദേശം നല്‍കണമെന്നും നൈജിരിയന്‍ എംബസിയുമായി ബന്ധപ്പെട്ട് കപ്പല്‍ ഉടമയെ കണെ്ടത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രക്ഷിതാക്കളും എംപിമാരും ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ രക്ഷിതാക്കളായ ചന്ദ്രന്‍, വിനോദിനി ചന്ദ്രന്‍, വിന്‍സന്റ്, റോസി വിന്‍സന്റ്, മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ ബന്ധുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക