Image

രണ്ടു മലയാളികളെ സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയ സംഭവത്തില്‍ നാട്ടില്‍ ഞെട്ടല്‍

Published on 06 September, 2012
രണ്ടു മലയാളികളെ സൗദിയില്‍ വധശിക്ഷയ്ക്ക് വിധേയരാക്കിയ സംഭവത്തില്‍ നാട്ടില്‍ ഞെട്ടല്‍
കോഴിക്കോട്: മയക്കുമരുന്നു കേസില്‍ മലയാളികള്‍ക്ക് സൗദിയില്‍ വധശിക്ഷ ലഭിച്ച സംഭവത്തില്‍ ജന്മനാട്ടില്‍ ഞെട്ടല്‍. അവസാനനിമിഷം വധശിക്ഷയില്‍ നിന്ന് ഇളവുകിട്ടുമെന്ന് ബന്ധുക്കള്‍ വിശ്വസിച്ചിരുന്നു. എല്ലാ പ്രതീക്ഷകളും തെറ്റിച്ചുകൊണ്ടാണ് ഇന്നലെ കാലത്ത് സൗദി ആഭ്യന്തരവകുപ്പ് രണ്ടു മലയാളികളുടെ വധശിക്ഷ നടപ്പാക്കിയത്. ഇന്ത്യയില്‍ നിന്നുളള കേന്ദ്രമന്ത്രിമാരും അംബാസിഡര്‍മാരും വധശിക്ഷയില്‍ ഇളവുവരുത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സൗദി ആഭ്യന്തരവകുപ്പ് വിധി ശരിവയ്ക്കുകയായിരുന്നു.

കോഴിക്കോട് നടക്കാവ് കാരാട്ട് റോഡ് നസീബ് ഹൗസില്‍ മുഹമ്മദ് സലീം( ശൈഖ്മസ്താന്‍-38), വണ്ടൂര്‍ പുല്ലുപറമ്പ് അമ്പലത്ത് ഹംസ അബൂബക്കര്‍(56) എന്നിവരെയാണ് ബുധനാഴ്ച കാലത്ത് സൗദി ആഭ്യന്തരവകുപ്പ് വധശിക്ഷയ്ക്കു വിധേയരാക്കിയത്. ദമാമില്‍ വച്ചാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. 
ഇവരുടെ മൃതദേഹം നാട്ടിലെത്തിച്ചിട്ടുണ്ട്. മുഹമ്മദ് സലീമിന്റെ ഭാര്യ: ജംഷീജ്. മകള്‍: നെസ്‌വ. മുഹമ്മദ് സലിമിന്റെ മയ്യത്ത് നമസ്‌ക്കാരം ഇന്ന് വൈകീട്ട് നാലിന് നടക്കാവ് ജുമാഅത്ത് പളളിയില്‍ നടക്കും.ഹംസയുടെ ഭാര്യ: റുഖിയ. മക്കള്‍: സുബിന, സജിന, അന്‍സു.

2006 ലാണ് സൗദി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. തുടര്‍ന്ന് പുനര്‍ വിചാരണയും മറ്റു നിയമപരമായ നിരവധി നടപടികളും നടന്നു. കുറ്റം സംശയാതീതമായി തെളിഞ്ഞതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്. 

2004 ജനുവരിയില്‍ കരിപ്പൂരില്‍ നിന്നുളള എയര്‍ഇന്ത്യാവിമാനത്തില്‍ എത്തിയ ഹംസയില്‍ നിന്ന് രണ്ടു കിലോ തൂക്കം വരുന്ന മയക്കുമരുന്ന് അധികൃതര്‍ പിടികൂടിയിരുന്നു. ഹംസയെ പിന്തുടര്‍ന്നാണ് സലീമിനെയും പിടിച്ചത്. എന്നാല്‍ സമാന കേസില്‍ പിടിയിലായ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളള ഏതാനും പേര്‍ നിരപരാധികളെന്ന് തെളിഞ്ഞതിനെ തുടര്‍ന്നു വിവിധ കാലയളവില്‍ ശിക്ഷയില്‍ നിന്ന് ഇളവ് ലഭിച്ചിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക