Image

ലൈബീരിയയില്‍ തടവിലാക്കിയിരുന്ന മലയാളികളടക്കമുള്ളവരെ മോചിപ്പിച്ചു

Published on 06 September, 2012
ലൈബീരിയയില്‍ തടവിലാക്കിയിരുന്ന മലയാളികളടക്കമുള്ളവരെ മോചിപ്പിച്ചു
കോഴിക്കോട്: ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയില്‍ അധികൃതര്‍ തടവിലാക്കിയിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് ലൈബീരിയന്‍ സര്‍ക്കാര്‍ മോചിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നിനും നാലിനുമിടയിലാണ് ഇവരെ മോചിപ്പിച്ചതെന്ന് നാട്ടില്‍ വിവരം ലഭിച്ചു. അനധികൃതമായി തടവിലിട്ട പ്രശ്നം ഉന്നയിച്ച് ആന്റോ ആന്റണി എംപിയുമായി കേന്ദ്രമന്ത്രിമാരുമായി ബന്ധപ്പെട്ടതോടെയാണ് തടവിലുള്ളവരുടെ മോചനത്തിന് വഴിതുറന്നത്. വിദേശകാര്യ വകുപ്പിന്റെ ഉപദേശക സമിതിയില്‍ അംഗമായ ആന്റോ ആന്റണി സംഭവമറിഞ്ഞ ഉടനെതന്നെ വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ലൈബീരിയന്‍ സര്‍ക്കാറുമായി ചര്‍ച്ച നടത്തിയതോടെയാണ് തടവിലുള്ളവര്‍ക്ക് മോചനത്തിന് വഴിയൊരുങ്ങിയത്. അനധികൃതമായിട്ടാണ് തടവിലാക്കിയതെന്ന് കണ്െടത്തിയതോടെ ഉടന്‍തന്നെ ഇവരെ മോചിപ്പിക്കാന്‍ ലൈബീരിയന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. മുന്നൂറോളം മലയാളികള്‍ ഉള്‍പ്പെടെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട ഇന്ത്യക്കാരില്‍ എഴുപതോളം പേരെയാണ് രേഖകള്‍ പരിശോധിക്കാനെന്ന വ്യാജേന താമസ സ്ഥലങ്ങള്‍ റെയ്ഡ് ചെയ്ത് മൂന്നു ദിവസം മുമ്പ് പിടിച്ചുകൊണ്ടുപോയിരുന്നത്. രാത്രി കാലത്ത് വീടുകളും മറ്റ് താമസ സ്ഥലങ്ങളും എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ് ചെയ്താണ് ഇന്ത്യക്കാരെ പിടിച്ചുകൊണ്ടു പോയതെന്ന് ലൈബീരിയയില്‍ നിന്നും മലയാളികള്‍ അറിയിച്ചത്. ലൈബീരിയന്‍ തലസ്ഥാനമായ മൊണ്‍റോവിയയിലെ ബ്രോഡ് സ്ട്രീറ്റില്‍ താമസിക്കുന്നവരില്‍ 40 മലയാളികള്‍ ഉള്‍പ്പടെ എഴുപതോളം ഇന്ത്യക്കാരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പിടിച്ചുകൊണ്ടുപോയിരുന്നത്. ഇവര്‍ക്ക് മതിയായ ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ് തടങ്കല്‍ പാളയത്തില്‍ പാര്‍പ്പിച്ചിരിന്നത്. ജോലിക്കുള്ള പെര്‍മിറ്റ് സംബന്ധിയായ രേഖകള്‍ ഇല്ലെന്ന കാരണം പറഞ്ഞായിരുന്നു ഇവരെ പിടിച്ചുകൊണ്ടുപോയിരുന്നതെന്ന് മോചിപ്പിക്കപ്പെട്ടവര്‍ അറിയിച്ചു. പിടിക്കപ്പെട്ടവരെക്കുറിച്ചുള്ള വിവരം തിരക്കാന്‍ പോയാല്‍ തങ്ങളും പിടിയിലാകുമെന്ന ആശങ്ക കാരണം എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ സമീപിക്കാനും കഴിയാത്ത അവസ്ഥയായിരുന്നു പലര്‍ക്കുമെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷമായി ലൈബീരിയന്‍ തലസ്ഥാനമായ മൊണ്‍റോവിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയായ പ്രമോദ് പറഞ്ഞിരുന്നു. ഇവിടെ മലയാളി അസോസിയേഷനുകളുണ്െടങ്കിലും അവര്‍ക്കും ഫലപ്രദമായി ഇടപെടാന്‍ കഴിഞ്ഞില്ല. ഇവിടുത്തെ ഇന്ത്യന്‍ കോണ്‍സുല്‍ വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിലായതുകാരണം ഇതുമായി ബന്ധപ്പെട്ടുള്ള നടപടികളും തടസപ്പെട്ടു. ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യത്തില്‍ സ്ത്രീകളടക്കമുള്ളവര്‍ ലൈബീരിയക്കാരുടെ തടങ്കല്‍ പാളയത്തില്‍ പീഡനമനുഭവിക്കുകയായിരുന്നു. മൂന്നു ദിവസം കൃത്യമായ ഭക്ഷണമോ, വെള്ളമോ ഇല്ലാതെ സെല്ലുകളില്‍ കൊള്ളാവുന്നതിലുമധികം ആളുകളെ കുത്തി നിറച്ച് തടവിലിട്ടിരിക്കുകയിരുന്നു. ഇതേതുടര്‍ന്നാണ് ആന്റോ ആന്റണിയുടെ ഇടപെടലുണ്ടായതും ഇന്ത്യക്കാരുടെ മോചനത്തിന് വഴി തുറന്നതും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക