Image

ഒരാള്‍കൂടി പെന്‍ഷനായി

ഡി. ബാബുപോള്‍ Published on 05 September, 2012
ഒരാള്‍കൂടി പെന്‍ഷനായി
ഓര്‍മയില്‍ ആദ്യത്തെ പൊലീസ്‌ മാത്തുള്ള കള്ളപ്പേരുതന്നെ എന്ന ഇന്‍സ്‌പെക്ടറാണ്‌. പെരുമ്പാവൂര്‍ ഒഴികെ കുന്നത്തുനാട്‌ താലൂക്കില്‍ പൊലീസ്‌ സ്‌റ്റേഷനുകള്‍ ഉണ്ടായിരുന്നില്ല. വൈകുന്നേരം 'ഇന്‍സട്ടര്‍' സൈക്കിളില്‍ ഊരുചുറ്റും. ഒരുനാള്‍ കിഴക്കോട്ടെങ്കില്‍ പിറ്റേന്ന്‌ വടക്കോട്ട്‌. കൈയില്‍ ഒരു തെരച്ചിവാല്‍ ചാട്ട. അത്‌ സൈക്കിളിന്റെ ഹാന്‍ഡിലിനോടു ചേര്‍ത്തുപിടിച്ചാണ്‌ യാത്ര. കലുങ്കിലൊന്നും ഇരുന്നൂകൂടാ. ഇരുന്നാള്‍ 'യശ്‌മാന്‍' ചാട്ട ചുഴറ്റിയിരിക്കും.

അങ്ങനെ മാത്തുള്ളക്കഥകള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ താരുക്കുട്ടി ഒരു വെടി. ഈ താരുക്കുട്ടി ആറേഴ്‌ വയസ്സിന്‌ മൂത്തതാണ്‌. ഇംഗ്‌ളീഷ്‌ പള്ളിക്കൂടത്തിലെ ഏതോ ഉയര്‍ന്ന ക്‌ളാസിലാണ്‌. 'എന്ത്‌ മാത്തുള്ള? ഐ.ജി. ചന്ദ്രശേഖരന്‍നായര്‍ മൂവാറ്റുപുഴ കടന്ന്‌ വടക്കോട്ട്‌ വരുന്നുവെന്ന്‌ ഒന്ന്‌ പറഞ്ഞുനോക്ക്യേ. മുള്ളും. നിന്നനിപ്പില്‍ മുള്ളും.' തെരച്ചിവാല്‍ ഫെയിമിനോട്‌ മുഖദാവില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്നും അപ്പോള്‍ ആ അരക്കാല്‍ശരായി നനഞ്ഞത്‌ നേരില്‍ കണ്ടിട്ടുണ്ടെന്നും ആണ്‌ ഞങ്ങള്‍ െ്രെപമറിപ്പിള്ളേര്‍ ധരിച്ചിരുന്നത്‌. അതുകൊണ്ട്‌ നേരില്‍ കാണുന്ന താരുക്കുട്ടി, ദൂരെ കാണുന്ന 'ഇന്‍സട്ടര്‍', കണ്ടിട്ടേയില്ലാത്ത ഐ.ജി എന്നിങ്ങനെ മൂന്ന്‌ കഥാപാത്രങ്ങള്‍ പൊലീസ്‌ ചിത്രത്തില്‍ നിറഞ്ഞു.

പില്‍ക്കാലത്ത്‌ ഞാന്‍ ആലപ്പുഴയില്‍ സബ്‌കലക്ടര്‍ ആയപ്പോള്‍ മാത്തുള്ള എനിക്ക്‌ സലാം തന്നിട്ടുണ്ട്‌. പഴയ പ്രതാപശാലി പല ശിക്ഷാനടപടികള്‍ ഏറ്റുവാങ്ങി പെന്‍ഷനടുത്ത കാലത്ത്‌ സര്‍ക്കിളായതാവാം. സാധാരണഗതിയില്‍ ഞാന്‍ പരിചയപ്പെടേണ്ടതായിരുന്നു. പേര്‌ കേട്ടതും പേടിയായി. കണ്ടപ്പോള്‍ പണ്ട്‌ കണ്ടുമറന്ന മുഖം എന്ന്‌ തോന്നിയതോടെ പാവത്തിനെ കേ്‌ളശിപ്പിക്കേണ്ടെന്ന്‌ തോന്നി എന്ന്‌ പാഠഭേദം. ആകെ പത്തുപതിനാറ്‌ കൊല്ലമേ ആയുള്ളൂ. ഒരുവേള പ്രമോഷനൊന്നും ഇന്നത്തെയത്ര വേഗം കിട്ടാതിരുന്നതുമാവാം. എങ്കിലും ശിക്ഷാനടപടികള്‍ ചോദിച്ചുവാങ്ങുന്ന ഇനം എന്നതായിരുന്നു മനസ്സിലെ ചിത്രം.

ചന്ദ്രശേഖരന്‍നായരെ നേരില്‍ കണ്ടതും സബ്‌കലക്ടര്‍ കാലത്താണ്‌. പഴയകഥ അദ്ദേഹത്തോട്‌ പറഞ്ഞു. 'മാത്തുള്ള മിടുക്കനായിരുന്നു' എന്ന്‌ ഐ.ജി ഓര്‍മിച്ചെടുത്തു. അദ്ദേഹത്തിന്റെ വീരശൂരപരാക്രമിഭാവം തിരുവിതാംകൂറിലെ പള്ളിക്കൂടം പിള്ളേര്‍ക്കുപോലും അറിയാമെന്ന അറിവ്‌ ആ വൃദ്ധകേസരിയെ ആഹ്ലാദിപ്പിച്ചു.

ബാല്യകാലസ്‌മരണകളില്‍ മാത്തുള്ളയെ ഒഴിച്ചാല്‍ വയലാര്‍ അബ്രഹാം എന്ന ഒരു ഇന്‍സ്‌പെക്ടറെയും നാട്ടില്‍നിന്ന്‌ കാക്കി കിട്ടിയ രണ്ട്‌ പേരെയും തേക്കാനം പൊലീസും നാറാപിള്ളപൊലീസും മാത്രം ആയിരുന്നു നേരില്‍ പരിചയം. യൂനിയന്‍നേതാവ്‌ ആയിരുന്നെങ്കിലും അരാഷ്ട്രീയസമരവിരുദ്ധനിയമവിധേയപ്രഫഷനല്‍ കോളജിലായിരുന്നു പരിപാടികള്‍ എന്നതിനാല്‍ മിന്നല്‍ പരമശിവന്‍നായരെയും പൊട്ടന്‍ ഭുവനേന്ദ്രനെയുംഅല്‍പം കേള്‍വിക്കുറവുണ്ടായിരുന്നതിനാല്‍ ഭുവനേന്ദ്രന്‍ സ്വയം പരിചയപ്പെടുത്തിയിരുന്നത്‌ 'സര്‍, ഞാന്‍ ഭുവനേന്ദ്രന്‍, പൊട്ടന്‍ ഭുവനേന്ദ്രന്‍, എന്നായിരുന്നു അക്കാലത്ത്‌ ദൂരെ സൈക്കിളില്‍ പോകുന്നവരായി മാത്രം ആയിരുന്നു പരിചയം. ഇവര്‍ ഇരുവരും പില്‍ക്കാലത്ത്‌ സഹപ്രവര്‍ത്തകരായി. 'കഥ ഇതുവരെ' എന്ന കൃതിയില്‍ അവര്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്‌.

സിവില്‍ സര്‍വീസില്‍ പ്രവേശിക്കുമ്പോള്‍ രാമയ്യരാണ്‌ ഐ.ജി. ഐ.പി.എസിന്‌ മുമ്പുള്ള ഐ.പി. ('എസ്‌' ഇല്ല); ഐ.സി.എസിന്റെ യൂനിഫോമിട്ട രൂപം. പി.ടി. ചാക്കോയുടെ കൂടെ ഐ.ജി ആയിരുന്ന മറ്റൊരു ഐ.പിക്കാരന്‍ കൃഷ്‌ണമേനോന്‍അനഭിമതനായി ഭവിച്ചപ്പോള്‍ ഇറക്കുമതി ചെയ്‌തതാണ്‌, ഗുജറാത്തില്‍നിന്നോ മറ്റോ. ചീഫ്‌ സെക്രട്ടറിയും വരത്തനായിരുന്നു. ഒഡിഷക്കാരന്‍. എന്‍.എം. പട്‌നായിക്ക്‌. രാമയ്യരെ ഔപചാരികമായി കണ്ടിരുന്നെങ്കിലും ഓര്‍മകള്‍ ഒന്നും അവശേഷിക്കുന്നില്ല. ഫുള്‍സൂട്ട്‌ ആയിരുന്നു സിവിലിയന്‍ വേഷം. നഗരത്തില്‍ അംബാസഡര്‍ ഉപയോഗിച്ചാലും ദൂരയാത്രകളില്‍ ഒരു നീല ഷെവര്‍ലെ ആയിരുന്നു വാഹനം. പൊലീസിനുള്ള വി.ഐ.പി ഡ്യൂട്ടി വാഹനം.

രാമയ്യരെ ഒരിക്കല്‍ ഒരു പൊലീസുകാരന്‍ പറ്റിച്ചു. ഓവര്‍ബ്രിഡ്‌ജില്‍ ട്രാഫിക്‌ നിയന്ത്രിക്കാന്‍ വീപ്പയുടെ പുറത്ത്‌ പോസ്റ്റ്‌ ചെയ്‌തിരുന്നതാണ്‌. മേല്‍പടിയാന്‌ അത്‌ പിടിച്ചില്ല. ശിക്ഷിച്ച്‌ മാറ്റിയതാകയാല്‍ മാഞ്ഞൂരാന്‍ എന്ന കമീഷണര്‍ ആ പരിഭവം വകവെച്ചതുമില്ല. അങ്ങനെ ഖിന്നനായി കഴിയവെയാണ്‌ സംഭവം. രാമയ്യര്‍ വൈകിട്ട്‌ ഗണപതി കോവിലില്‍ തൊഴാന്‍ പോകും. അതിന്‌ കൃത്യസമയമുണ്ട്‌. ഇന്നത്തെയത്ര തിരക്കൊന്നുമില്ല. എങ്കിലും ഐ.ജി പുളിമൂട്‌ കവല കടന്നാല്‍ ഒരു വിസിലടി ഉണ്ടാവും. രാമയ്യരുടെ വണ്ടി ഗതാഗതക്കുരുക്കില്‍ പെട്ടു. സ്വാമി ചാടിയിറങ്ങി. മുന്നോട്ട്‌ നടന്നു. വീപ്പക്കുറ്റിയുടെ പുറത്ത്‌ അര്‍ധനഗ്‌നനായ സി.പി.ഒ. അതായത്‌ നിക്കറിട്ട പൊലീസ്‌. വായില്‍ 'സ്‌റ്റോപ്പ്‌' കടിച്ചുപിടിച്ചിട്ടുണ്ട്‌. രണ്ട്‌ കൈകളും ഉപയോഗിച്ച്‌ മറ്റ്‌ രണ്ട്‌ ദിശകളിലെയും വാഹനഗതാഗതം സ്‌തംഭിപ്പിച്ചിരിക്കയാണ്‌. ഐ.ജിക്ക്‌ കടന്നുപോകണമല്ലോ. നട്ടുവര്‍ ധനഞ്‌ജയനെക്കാള്‍ വിദഗ്‌ധമായി കാലുകള്‍ വിറപ്പിച്ച്‌ കലാമണ്ഡലം ഗോപിയാശാനേക്കാള്‍ വിദഗ്‌ധമായി രസാഭിനയം നടത്തി മുഖത്ത്‌ ദൈന്യത വരുത്തി കുറ്റബോധമുള്ള നായ യജമാനനെ നോക്കുമ്പോലെ ഒറ്റനില്‍പ്‌. യാദൃച്ഛികമായെന്ന വണ്ണം 'സ്‌റ്റോപ്പ്‌' താഴെവീണു. ഐ.ജിക്ക്‌ കാര്യം 'മനസ്സിലായി' വിവരം ഇല്ലാത്തവനെ ഈ പണിക്ക്‌ വിട്ടവരെ പറഞ്ഞാല്‍ മതി. 'രാമന്‍പിള്ളയെ മേലില്‍ ട്രാഫിക്കില്‍ ഇട്ടുപോകരുത്‌' എന്ന ഉത്തരവ്‌ നിഴല്‍പോലെ എപ്പോഴും കൂടെ ഉണ്ടാകുമായിരുന്ന ക്യാമ്പ്‌ ക്‌ളര്‍ക്ക്‌ കുറിച്ചെടുത്തു.

രാമയ്യര്‍ മുതല്‍ ഇങ്ങോട്ടുള്ള എല്ലാവരെയും ഇപ്പോള്‍ ഓര്‍മവരുന്നുണ്ട്‌. കെ. സുബ്രഹ്മണ്യം ബി.എ, വി.എന്‍. രാജന്‍ തുടങ്ങിയ മുതിര്‍ന്നവര്‍, ജയറാമും മധുവും തുടങ്ങി ഇങ്ങോട്ടുള്ള സമകാലികര്‍, ഉമ്മച്ചന്‍ (ഹോര്‍മിസ്‌ തരകന്‍) മുതല്‍ എണ്ണാവുന്ന പിന്മുറക്കാര്‍. ഓര്‍ക്കാന്‍ കാരണം ജേക്കബ്‌ പുന്നൂസ്‌ പൂര്‍ണസമയ ഗൃഹസ്ഥാശ്രമിയായി മാറിയതാണ്‌്‌.

പുന്നൂസിന്റെ നേട്ടങ്ങളൊക്കെ പത്രങ്ങളും വാരികകളും പുകഴ്‌ത്തിക്കഴിഞ്ഞതാണ്‌. തന്നെയുമല്ല പ്രഫസര്‍ റിബേക്കാ പുന്നൂസ്‌ എന്ന 'വീട്ടിലെ ചീഫ്‌ സെക്രട്ടറി' എന്റെ അനിയത്തിയുമാണ്‌. റിബേക്കയുടെ അമ്മ എന്റെ പതിനഞ്ചാം വയസ്സ്‌ മുതല്‍ എന്നെ 'റിമോട്ട്‌ കണ്‍ട്രോള്‍' വഴി നിയന്ത്രിച്ച പോറ്റമ്മയാണ്‌. ആലുവാ കോളജില്‍ ഇംഗ്‌ളീഷ്‌ പഠിപ്പിച്ച ഗുരുനാഥ എന്ന സ്ഥാനത്തുനിന്ന്‌ അമ്മയായി വളര്‍ന്ന മഹതി. അവര്‍ ജീവിച്ചിരിക്കുമ്പോള്‍ ഒരു പെണ്‍പത്രത്തില്‍ അവരാണ്‌ എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച സ്‌ത്രീ എന്ന്‌ എഴുതി: 'ഗ്രേസിക്കൊച്ചമ്മയെ എങ്ങനെ മറക്കും?' (ടിപ്പണി: ആലുവായിലെ ഗുരുകുലത്തില്‍ അധ്യാപികമാരെ ടീച്ചര്‍ എന്നോ മാഡം എന്നോ കൊട്ടാരം എന്നോ ഒന്നും ആരും വിളിച്ചിരുന്നില്ല; എല്ലാവരും എല്ലാവര്‍ക്കും കൊച്ചമ്മമാര്‍). ഗ്രേസിക്കൊച്ചമ്മ മരിച്ചപ്പോള്‍ ഞാന്‍ വീണ്ടും എഴുതി: ഇനി മരിക്കാന്‍ അമ്മയില്ല. 'ആലുവാപ്പുഴ പിന്നെയും ഒഴുകുന്നു' എന്ന സമാഹാരത്തിലുണ്ട്‌ ആ ഉപന്യാസം. അതായത്‌ പുന്നൂസിനെക്കുറിച്ച്‌ പറയുമ്പോള്‍ എന്റെ ദൗര്‍ബല്യങ്ങള്‍ കടന്നുവരാം. അതുകൊണ്ട്‌ ഒരൊറ്റക്കാര്യം മാത്രം പറയാം.

ഒരു 'അന്ത്യപ്രലോഭന'ത്തില്‍ പുന്നൂസ്‌ പറഞ്ഞു, മൂന്ന്‌ മുന്‍ഗാമികളാണ്‌ തന്നെ സ്വാധീനിച്ചതെന്ന്‌. അനന്തശങ്കരന്‍ (50 മോഡല്‍), എം.കെ. ജോസഫ്‌ (1954), രാജ്‌ഗോപാല്‍ നാരായണ്‍ (1957). മൂവരും ഞാന്‍ അടുത്തറിയുന്നവര്‍. സ്വാമി പ്രഭാതസവാരിക്ക്‌ ഒപ്പം നടന്ന ഗുരു. ഇന്നത്തെ ചീഫ്‌ സെക്രട്ടറിയുടെ ശമ്പളം അനുസരിച്ച്‌ വേണം ഞങ്ങളുടെയൊക്കെ പെന്‍ഷന്‍ നിശ്ചയിക്കാനെന്ന്‌ വാദിച്ച്‌ ജയിച്ചവന്‍. ജോസഫിന്റെ സ്‌നുഷയാണ്‌ എന്റെ ഏകപുത്രി. രാജുവാകട്ടെ ഗ്‌ളാസ്‌മേറ്റും സുഹൃത്തും. ഈ മൂന്നുപേരുടെയും ശക്തി ആവാഹിച്ചെടുക്കുകയും ദൗര്‍ബല്യങ്ങള്‍ അന്യവത്‌കരിക്കുകയും ചെയ്യാനായി എന്നതാണ്‌ പുന്നൂസിന്റെ വിജയരഹസ്യം. അനന്തശങ്കരന്റെ നിയമപരിജ്ഞാനം, ജോസഫിന്റെ വിഹഗവീക്ഷണം, രാജുവിന്റെ വസ്‌തുനിഷ്‌ഠസൂക്ഷ്‌മത എല്ലാം ഏകത്ര സംയോജിച്ചപ്പോള്‍ ജേക്കബ്‌ പുന്നൂസ്‌ അവിസ്‌മരണീയനായി. പരിമിതികള്‍ തിരിച്ചറിയുകയും അവയെ അംഗീകരിച്ചുകൊണ്ട്‌ ചട്ടക്കൂട്‌ ഭേദിക്കാതെ അവയെ അതിജീവിക്കുകയും ചെയ്യുകയാണ്‌ ഒരു ഡി.ജി.പിയും ചീഫ്‌ സെക്രട്ടറിയും ഒക്കെ ചെയ്യേണ്ടത്‌. സര്‍വീസ്‌ തലക്ക്‌ പിടിക്കാതിരിക്കണം. ഐ.എ.എസ്‌ കിട്ടാതിരുന്നെങ്കില്‍ പ്രഫസര്‍ ആകുമായിരുന്നതിന്‌ മുമ്പെ ഒരാള്‍ ഐ.എ.എസ്‌ വഴി വൈസ്‌ചാന്‍സലര്‍ ആയെന്ന്‌ വരാം. ഇടുക്കിയില്‍ കോഓഡിനേറ്ററായി എത്തിയപ്പോള്‍ എനിക്ക്‌ അത്‌ അനുഭവമാണ്‌. എന്റെ സമകാലികരൊക്കെ അസിസ്റ്റന്റ്‌ (എക്‌സിക്യൂട്ടീവ്‌) എന്‍ജിനീയര്‍മാര്‍. ഞാന്‍ പ്രവര്‍ത്തിക്കേണ്ടത്‌ ചീഫ്‌ എന്‍ജിനീയര്‍/ബോര്‍ഡ്‌ മെംബര്‍ തലത്തില്‍. അവിടെ എന്‍ജിനീയര്‍ എന്നനിലയില്‍ ഞാന്‍ വെറും എ.ഇ ആണ്‌ എന്ന തിരിച്ചറിവ്‌ നല്‍കിയ വിനയമാണ്‌ ഇടുക്കിയില്‍ എന്നെ രക്ഷിച്ചത്‌. ഐ.എ.എസ്‌/ഐ.പി.എസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ വിശേഷിച്ചും ചെറുപ്പക്കാര്‍ക്ക്‌ പലപ്പോഴും ഈ ബോധതലം അന്യമാകുന്നു എന്ന്‌ ആനുഷംഗികമായി ഓര്‍മിച്ചുപോകുന്നത്‌ പത്രാസ്‌ തലക്ക്‌ പിടിക്കാതെ പൊലീസിന്റെ തലപ്പത്തിരിക്കാന്‍ കഴിഞ്ഞതാണ്‌ പുന്നൂസിന്റെ വിജയരഹസ്യം എന്നതിനാലാണ്‌.

ഐ.എ.എസ്‌/ഐ.പി.എസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ ഇവിടെ ഇതാ അനുകരണീയമായ ഒരു മാതൃക: ജേക്കബ്‌ പുന്നൂസ്‌, ഐ.പി.എസ്‌ (റിട്ട.).


(കടപ്പാട്‌: മാധ്യമം)
ഒരാള്‍കൂടി പെന്‍ഷനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക