Image

എമേര്‍ജിങ് മുതലക്കുളം: ബെര്‍ലി തോമസ്‌

ബെര്‍ലി തോമസ്‌; http://berlytharangal.com/ Published on 05 September, 2012
എമേര്‍ജിങ് മുതലക്കുളം: ബെര്‍ലി തോമസ്‌

നിലവില്‍ മുതലകളെ സ്വന്തം പറമ്പിലെ കുളത്തില്‍ വളര്‍ത്തുന്ന സൗത്ത് ഇന്ത്യയിലെ ഒരേയൊരു കൊച്ചുമുതലാളി ഞാനാണെന്ന വിവരം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. കേരളത്തിനെ വികസനക്കുതിപ്പിലേക്ക് നയിക്കുന്നതിന് നിക്ഷേപങ്ങളുമായി വാതിലില്‍ മുട്ടിവിളിക്കുന്ന രാജ്യാന്തര നിക്ഷേപകര്‍ക്കു മുന്നിലേക്ക് ഞാന്‍ എന്‍റെ മുതലക്കുളത്തിന്‍റെ വാതായനങ്ങള്‍ തുറന്നിടുകയാണ്. വികസനവിരോധികളും ഹരിത എംഎല്‍എമാരും വെറുതെ ഉടക്കിനു വരരുത്.

മുതലകള്‍ ഒരു ദേശത്തിന്‍റെ ഹരിതകാന്തിയുടെയും ജൈവസമ്പത്തിന്‍റെയും പ്രതീകമാണ്. മുതലക്കുളങ്ങളുടെ വികസനം നാടിന്‍റെ ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും സിമ്പലാണ്. ഇത്തിരി കടലപ്പിണ്ണാക്കും ഇത്തിരി തവിടും ദിവസം രണ്ടു നേരം കുളത്തിലേക്കിട്ടു കൊടുത്താല്‍ പിന്നെ ശര്‍ര്‍ര്‍ര്‍ന്ന് കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാവും. എമേര്‍ജിങ് മുതലക്കുളം ഒരു നാടിന്‍റെ ഐശ്വര്യത്തിന്‍റെ അപായസൈറനാണ്. അതുകേട്ടുണര്‍ന്ന് കുരവയിടാന്‍ നിക്ഷേപകരെയും ഏജന്‍റുമാരെയും കൂട്ടിക്കൊടുപ്പുകാരെയും ക്ഷണിക്കുന്നു. ആദ്യമായി എമേര്‍ജിങ് മുതലക്കുളം പദ്ധതിയുടെ ലോഗോ ഇവിടെ പ്രകാശനം ചെയ്യുകയാണ്.

മുതലക്കുളം എന്‍റേതാണ്, അതില്‍ വളരുന്ന മുതലകളും എന്‍റേതാണ്. നിക്ഷേപകര്‍ക്ക് കുളം നികത്തി അവിടെ റിസോര്‍ട്ട് പണിയാമെന്നോ, പുതുപ്പണക്കാര്‍ക്ക് മുതലകളെ സ്റ്റഫ് ചെയ്ത് ഭിത്തിയില്‍ തൂക്കാമെന്നോ വിചാരിക്കേണ്ട. മുതലക്കുളത്തിന്‍റെയോ കുളമടങ്ങുന്ന എസ്റ്റേറ്റിന്‍റെയോ ഹരിജ-ജൈവ സമ്പത്തിനെ പണയം വയ്‍ക്കുന്ന ഒരു പദ്ധതിയും എമേര്‍ജ് ചെയ്യാന്‍ ഞാനോ എന്‍റെ തോഴിമാരോ അനുവദിക്കില്ല. എമേര്‍ജിങ് മുതലക്കുളം കൊണ്ട് പിന്നെ എന്താണ് സാധിക്കുക ? എങ്ങനെ എമേര്‍ജിങ് മുതലക്കുളം പദ്ധതിയില്‍ നിക്ഷേപിക്കാം ?

നിക്ഷേപകര്‍ക്കായി അനേകം അനേകം ഹരിത-ജൈവ പദ്ധതികളാണ് എമേര്‍ജിങ് മുതലക്കുളത്തിലൂടെ മുന്നോട്ടു വയ്‍ക്കുന്നത്. ഏതാനും ചില പദ്ധതികളുടെ ചില മിന്നലാട്ടങ്ങള്‍ മാത്രമേ എനിക്കീ ബ്ലോഗിലൂടെ പങ്കു വയ്‍ക്കാന്‍ കഴിയൂ. അതിനു മുമ്പ് എന്‍റെ മുതലക്കുളത്തിന്‍റെ ഏതാണ്ടൊരു ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പിലൂടെ നിങ്ങള്‍ക്കു കാണാം. സാറ്റലൈറ്റ് ചിത്രം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്, ഏതാണ്ട് പാലാ ടൗണിന്‍റെ അത്ര തന്നെയുണ്ട്, മുതലക്കുളം മൊത്തത്തില്.

1. മുതലക്കുളം ഓര്‍ഗാനിക് ഫുഡ് കോര്ട്ട്- മുതലക്കുളത്തിനു പുറത്ത് ഹൈവേയുടെ സൈഡില്‍ തട്ടുകട,കരിക്ക് വില്‍പന – ഹൈവേയും അതിലൂടെ പോകുന്ന വാഹനങ്ങളുമടക്കം 3000 കോടി രൂപ.

2.മുതലക്കുളം പവര്‍ പ്രോജക്ട്- മുതലക്കുളം ജംക്ഷനിലുള്ള കെഎസ്ഇബി ട്രാന്‍സ്ഫോമറും അതില്‍ നിന്നുള്ള കറന്‍റും – ഫ്യൂസുകള്‍ ഉള്‍പ്പെടെ 10 കോടി രൂപ.

3. മുതലക്കുളം ക്രോക്കഡൈല്‍ സാങ്ക്ചുറി- നിലവില്‍ ഞാന്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മുതലകളെ ആര്‍ക്കും എപ്പോഴും കയറിക്കാണാനും കൊഞ്ഞനം കുത്തിക്കാണിക്കാനും അവസരമുണ്ട്. എമേര്‍ജിങ് മുതലക്കുളത്തിന്‍റെ ഭാഗമാകുന്നതോടെ അതേ മുതലകളെ അതേ സൗകര്യങ്ങളോടെ 1000 രൂപ ടിക്കറ്റ് വച്ച് കാണിക്കുന്ന പദ്ധതി.- മൂല്യം 10000 കോടി രൂപ (മുതലകളുടെ ജീവിതത്തിനു വില പറയരുത്).

4. മുതലക്കുളം റോക്ക് പാര്‍ക്ക് – മുതലക്കുളത്തിനു പിന്നില്‍ എംഎല്‍എയുടെ മകന്‍ നടത്തുന്ന പാറമടയില്‍ നിക്ഷേപത്തിനു സുവര്‍ണാവസരം. മൃദുലമായ ഭൂമിയുടെ ആഴങ്ങളില്‍ വരെ ചെന്ന് പാറ എന്ന മഹാവിപത്തിന്‍റെ അടിവേരുകള്‍ വരെ പിഴുതെറിയുന്ന പ്രകൃതിജീവനപദ്ധതിയില്‍ വേണമെങ്കില്‍ ഹരിത എംഎല്‍എമാര്‍ക്കും പങ്കു ചേരാം- ആകെ 1000 കോടി രൂപയുടെ മൂല്യം.

5. മുതലക്കുളം എയര്‍പോര്‍ട്ട് – മുതലക്കുളത്തിന് 75 കിലോമീറ്റര്‍ സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തരവിമാനത്താവളം. അങ്കമാലി-കാലടിയില്‍ നിന്നോ ആലുവ അത്താണിയില്‍ നിന്നോ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ വിമാനത്താവളത്തിലെത്താം- വിമാനത്താവളവും അവിടെ വന്നിറങ്ങുന്ന വിമാനങ്ങളും ആ വിമാനങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ സ്ഥാവരജംഗമവസ്തുക്കളും കിഡ്നി, കരള്‍, കണ്ണ്, ഹൃദയം മുതലായവകളും ഉള്‍പ്പെടെ 50000 കോടി രൂപയുടെ പദ്ധതി. വിമാനത്തില്‍ കയറിയും വിമാനം കണ്ടും പരിചയമുള്ളവര്‍ക്കു മുന്‍ഗണന.

6. മുതലക്കുളം മെഡിക്കല്‍ ഹബ്- മുതലക്കുളത്തിന്‍റെ ചുറ്റും കിടക്കുന്ന ചെറുപട്ടണങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ ജനങ്ങള്‍ക്ക് നല്ല ചികില്‍സ ലഭ്യമാക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ ഏതെങ്കിലും തിരുമേനിയുടെ അണ്ടറിലേക്ക് ഏല്‍പിച്ചു കൊടുക്കുന്ന പദ്ധതി. മുതലാളിമാരാകുമ്പോള്‍ ചികില്‍സ മോശമായാലും ബില്ല് ഒരിക്കലും മോശമാവില്ല. കേരളസമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന നഴ്‍സുമാര്‍ എന്ന വര്‍ഗത്തെ അടിച്ചമര്‍ത്താന്‍ ഇത് നല്ല അവസരമാണ്. ഇവിടങ്ങളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവര്‍ത്തനസജ്ജമായിട്ടുള്ള അവയവങ്ങളെ രക്ഷിച്ച് കുടുംബത്തില്‍ പിറന്ന മുതലാളിമാര്‍ക്ക് പിടിപ്പിച്ചു കൊടുക്കുന്ന സോഷ്യലിസവും ഈ മെഡിക്കല്‍ ഹബ്ബിലൂടെ ഉദ്ദേശിക്കുന്നു- എല്ലാം അടക്കം 20000 കോടി രൂപയുടെ പദ്ധതി.

7. മുതലക്കുളം എജ്യുക്കേഷനല്‍ പാര്‍ക്ക് – കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളെ വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാടിക്കുന്നതിനു വേണ്ടി ഏതെങ്കിലും സ്വകാര്യ കോളജ് മാനേജ്മെന്‍റിനു മറിച്ചു വില്‍ക്കുന്ന പദ്ധതി. പച്ച എംഎല്‍എമാര്‍ വല്ലാതെ എതിര്‍ത്താല്‍ ആകെ പച്ചയണിഞ്ഞു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാല വേണമെങ്കില്‍ ഒഴിവാക്കും. ഭൂമിദാനം കീമിദാനം എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുന്ന വികസനവിരോധികളുടെ കണ്ണില്‍പ്പെടാതെ സംഗതി ഒന്നായി മറിച്ചുകൊടുക്കുകയും ചെയ്യാം. – ആകെ 30000 കോടി രൂപയുടെ പദ്ധതി.

8.ട്രാവന്‍കൂര്‍ സ്പിരിച്വല്‍ ഹബ് – പേരില്‍ ഹബുള്ളതുകൊണ്ട് ഇതും രാജ്യാര പദ്ധതിയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും പത്മനാഭസ്വാമിയെ ഉള്‍പ്പെടെ ലേലത്തില്‍ വില്‍ക്കാനുള്ള പദ്ധതി. തുറന്ന അറകളും തുറക്കാനുള്ള അറകളും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്കും അതിന്‍റെ പേരിലുള്ള ആശങ്കകള്‍ക്കും അറുതിയാവുമെന്നു മാത്രമല്ല, നമ്മുടെ ഒരു ദൈവം രാജ്യാന്തരതലത്തില്‍ ആദരിക്കപ്പെടുകയും (മാണിസാര്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റിനെ‍ നിയമനിര്‍മാണം പഠിപ്പിക്കുന്നതുപോലെ)ചെയ്യും. ക്ഷേത്രവും നിലവറകളും സ്വാമിയും ഉള്‍പ്പെടെ 10 ലക്ഷം കോടി രൂപയുടെ പദ്ധതി.

ഇതിനു പുറമേ, പുതുപ്പള്ളിയും പാലായിലും മലപ്പുറത്തും സ്വിസ് ബാങ്ക് എടിഎമ്മുകള്‍, പൂഞ്ഞാറില്‍ മൃഗശാല, ഹരിത എംഎല്‍എമാര്‍ക്ക് നെല്ലിയാമ്പതിയില്‍ വേനല്‍ക്കാല വസതിയും ഉല്ലാസങ്ങളും, മറ്റ് നിര്‍ഗുണ എംഎല്‍എമാര്‍ക്ക് കടലമിട്ടായി, സിപിഎമ്മിന് അക്രമരാഷ്ട്രീയം വെടിഞ്ഞ് നല്ലവഴിക്കു വരുന്നതുവരെ സംയമനം പാലിക്കുന്നതിനായി കടുക്കാവെള്ളം (അതിനു വേണ്ടി കണ്ണൂരില്‍ കടുക്കാ പാര്‍ക്ക് സ്ഥാപിക്കും), ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ആസനത്തില്‍ തിരുകാന്‍ അഞ്ചടിയുള്ള ഉരുക്കുപാരകള്‍ എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എമേര്‍ജിങ് മുതലക്കുളം പദ്ധതി വരുന്നതോടെ കേരളവും മുതലക്കുളവും ലോകഭൂപടത്തില്‍ ഇല്ലാതാവും അല്ല, സ്ഥാനം പിടിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക