Image

ഡോ. എം.എന്‍. കാരശേരിക്ക്‌ അവാര്‍ഡ്‌ സമ്മാനിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 05 September, 2012
ഡോ. എം.എന്‍. കാരശേരിക്ക്‌ അവാര്‍ഡ്‌ സമ്മാനിച്ചു
കുവൈറ്റ്‌: കേരളത്തിന്‌ പുറത്ത്‌ പലയിടത്തുമായി പ്രവാസികള്‍ നടത്തുന്ന മലയാള ഭാഷാ പഠനത്തിന്‌ ഏകീകൃത സ്വഭാവം കൈവരുത്താന്‍ സര്‍ക്കാര്‍ തലത്തില്‍ പദ്ധതിയുണ്‌ടാക്കണമെന്ന്‌ എഴുത്തുകാരനും വിമര്‍ശകനുമായ ഡോ. എം.എന്‍. കാരശേരി ആവശ്യപ്പെട്ടു. കല (ആര്‍ട്ട്‌) കുവൈറ്റിന്റെ വി. സാംബശിവന്‍ അവാര്‍ഡ്‌ കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സതീഷ്‌ സി. മേത്തയില്‍ നിന്നും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റ്‌ 31ന്‌ (വെള്ളി) ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂളില്‍ സംഘടിപ്പിച്ച കേരളീയം - 2012, ഓണം-ഈദ്‌ ആഘോഷം ഇന്ത്യന്‍ അംബാസഡര്‍ സതീഷ്‌ സി. മേത്ത ഉദ്‌ഘാടനം ചെയ്‌തു ഓണത്തിന്റേയും ഈദുല്‍ഫിത്തറിന്റേയും പശ്ചാത്തലത്തില്‍ നടന്ന സ്‌നേഹസംഗമത്തെ ഇന്ത്യന്‍ സ്ഥാനപതി അഭിനന്ദിച്ചു. ഇന്ത്യക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന്‌ അംബാസഡര്‍ പറഞ്ഞു.

ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ വൈസ്‌ ചെയര്‍മാന്‍ രാജന്‍ ഡാനിയേല്‍, യുഎഇ കണ്‍ട്രി മാനേജര്‍ പ്രാന്‍സിലി വര്‍ക്കി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുകേഷ്‌ വി.പി.കെ. അബൂബക്കര്‍, ലിസി കുര്യാക്കോസ്‌, കെ.ജി. മാര്‍ക്കോസ്‌, ഹസന്‍കോയ എന്നിവര്‍ പ്രസംഗിച്ചു. കാരശേരി, മാര്‍ക്കോസ്‌ എന്നിവരുടെ കാരിക്കേച്ചര്‍ ഷമ്മിജോണ്‍ സമ്മാനിച്ചു. സൗജന്യ മാതൃഭാഷാ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഷിബു തോമസ്‌, ആശാ ഷിബു, പ്രിന്‍സ്‌, ജിജി ഷാജി എന്നിവര്‍ക്ക്‌ ഉപഹാരം നല്‍കി. ഉപദേശക സമിതി അംഗങ്ങളായ സി. ഭാസ്‌കരന്‍, ആര്‍ട്ടിസ്റ്റ്‌ ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കെ.ജി. മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ നടന്ന ഗാനമേളയില്‍ കുവൈറ്റില്‍നിന്നുള്ള കുവൈറ്റി ഗായകന്‍ മുബാറക്‌ അല്‍ റാഷിദ്‌, പ്രമുഖ ഗായകരായ റാഫി, നീലിമ, ബിജു, ഷൈജു എന്നിവരും പങ്കെടുത്തു. വിപിന്‍ കലാഭവന്റെ മിമിക്രിയും സുനില്‍ കുമാറിന്റെ പാട്ടും ശ്രദ്ധേയമായി.

ഡോ. എം.എന്‍. കാരശേരിക്ക്‌ അവാര്‍ഡ്‌ സമ്മാനിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക