Image

സംവരണബില്‍ രാജ്യസഭയില്‍; എസ്പി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി

Published on 05 September, 2012
സംവരണബില്‍ രാജ്യസഭയില്‍; എസ്പി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി
ന്യൂഡല്‍ഹി: പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥാനക്കയറ്റത്തിനു സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് സഭയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കേന്ദ്രമന്ത്രി നാരായണസ്വാമി ബില്‍ അവതരിപ്പിച്ചയുടന്‍ സമാജ്വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് എസ്പി-കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ബഹളത്തെ തുടര്‍ന്ന് രണ്ടു മണിവരെ സഭ നിര്‍ത്തുവെച്ചു. മന്ത്രിയുടെ കൈകളില്‍ നിന്നും ബില്ലിന്റെ പകര്‍പ്പ് പിടിച്ചു വാങ്ങാന്‍ എസ്പി അംഗങ്ങള്‍ ശ്രമിച്ചു. തുടര്‍ന്ന് പട്ടികജാതി, പട്ടികവര്‍ഗ ഫോറത്തിലെ അംഗങ്ങള്‍ മന്ത്രിക്ക് ചുറ്റും നിന്നു. ശിവസേനയും ബില്‍ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രാവിലെ വ്യക്തമാക്കിയിരുന്നു. രാവിലെ സഭ ആരംഭിക്കുന്നതിന് മുന്‍പ് വിഷയത്തില്‍ സമാജ്വാദി പാര്‍ട്ടി ബിജെപിയുടെ പിന്തുണ തേടിയിരുന്നു. സംവരണ ഭേദഗതി ബില്ലിനു പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു. ഈ ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് ഇന്നു തന്നെ പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക