Image

എമെര്‍ജിംഗ്‌ കേരളയിലെ പദ്ധതികള്‍ പുന:പരിശോധിക്കും: മുഖ്യമന്ത്രി‍

Published on 05 September, 2012
 	 എമെര്‍ജിംഗ്‌ കേരളയിലെ പദ്ധതികള്‍ പുന:പരിശോധിക്കും: മുഖ്യമന്ത്രി‍
തിരുവനന്തപുരം: എമെര്‍ജിംഗ്‌ കേരളയിലെ പദ്ധതികള്‍ പുന:പരിശോധിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി ചീഫ്‌ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പരിശോധിച്ച പദ്ധതികള്‍ മാത്രമേ ഇനി വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തുകയുള്ളൂവെന്നും പ്രായോഗികമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത്‌ പറഞ്ഞു.

എല്ലാ പദ്ധതികള്‍ക്കും പരിസ്‌ഥിതി ആഘാതപഠനം നടത്തും. സംസ്‌ഥാനത്തിന്‌ പ്രയോജനപ്രദമായ പദ്ധതികള്‍ക്ക്‌ വേണ്ടി സ്‌ഥലം പാട്ടത്തിനു കൊടുക്കും. പദ്ധതികളുടെ അംഗീകാരത്തിനായി ഒരു നിക്ഷേപ അനുമതി ബോര്‍ഡ്‌ രൂപീകരിക്കും.

കരളത്തിലെ സാധ്യതകളും അവസരങ്ങളും സംസ്‌ഥാനത്തിന്‌ പുറത്തുള്ളവരെ ബോധ്യപ്പെടുത്തുകയും കേരളം ഒരു ഇന്‍വെസ്‌റ്റ്മെന്റ്‌ ഫ്രണ്ട്‌ലി സ്‌റ്റേറ്റ്‌ അല്ല എന്ന പൊതുവെയുള്ള ധാരണ മാറ്റുകയുമാണ്‌ എമെര്‍ജിംഗ്‌ കേരള കൊണ്ട്‌ ലക്ഷ്യമിടുന്നത്‌. എമേര്‍ജിംഗ്‌ കേരളയില്‍ ധാരണാ പത്രങ്ങളൊന്നും ഒപ്പിടില്ല. നിലവില്‍ എല്ലാ വകുപ്പുകളും പരിശോധന കൂടാതെ നിര്‍ദേശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. ഇത്‌ സുതാര്യത ഉറപ്പാക്കാനായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

കടല്‍ക്ഷോഭത്തിനിരയായ തീരപ്രദേശങ്ങളില്‍ രണ്ടാഴ്‌ചത്തെ സൗജന്യ റേഷന്‍ നല്‍കാനും ആറാട്ടുപുഴ, പുറക്കാട്‌ പഞ്ചായത്തുകളില്‍ കടല്‍ഭിത്തി നിര്‍മ്മാണത്തിനായി തുക അനുവദിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായതായും മുഖ്യമന്ത്രി പറഞ്ഞു. 12, 13 തീയതികളിലാണ്‌ എമെര്‍ജിംഗ്‌ കേരള നിക്ഷേപ സംഗമം നടക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക