Image

കര്‍ഷകര്‍ ഉപേക്ഷിച്ച വാനിലയ്ക്ക് വീണ്ടും വില കൂടുന്നു

Published on 04 September, 2012
കര്‍ഷകര്‍ ഉപേക്ഷിച്ച വാനിലയ്ക്ക് വീണ്ടും വില കൂടുന്നു
വടക്കഞ്ചേരി: വിലതകര്‍ച്ചയില്‍ കര്‍ഷകര്‍ ഉപേക്ഷിച്ച വാനിലയ്ക്ക് വീണ്ടും വില കൂടുന്നു. വെറുതെ കൊടുത്താലും വാങ്ങാന്‍ ആളില്ലാതിരുന്ന വാനിലയ്ക്ക് ഇപ്പോള്‍ കിലോയ്ക്ക് ഇരുന്നൂറു രൂപയുണ്ട്. സ്വദേശത്തും വിദേശത്തും വാനിലയ്ക്ക് ആവശ്യം കൂടിയതോടെയാണ് ഈ മെക്സിക്കന്‍ ഓര്‍ക്കിഡായ പച്ചപ്പൊന്നിന് പുതുജീവന്‍ ഉണ്ടാകുന്നത്. വാനിലയുടെ ഉത്പാദനം കൂടുതലായി നടക്കുന്ന മഡഗാസ്കറില്‍ പ്രകൃതിക്ഷോഭംമൂലം വാനില നശിച്ചതാണ് വിലയും ആവശ്യവും കൂടാന്‍ ഇടയാക്കിയതെന്ന് വടക്കഞ്ചേരിയിലെ മലഞ്ചരക്ക് വ്യാപാരിയായ എല്‍ദോ പറഞ്ഞു. കേരളത്തില്‍ ഹൈറേഞ്ചുകളിലും അട്ടപ്പാടി തുടങ്ങിയ പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ ചെറിയതോതില്‍ വാനില ശേഷിച്ചിട്ടുള്ളത്. കര്‍ണാടകത്തിലും ഇതിന്റെ ഉത്പാദനമുണ്ട്. കിലോയ്ക്ക് നാനൂറുരൂപയെങ്കിലും കിട്ടുമെന്ന് ഉറപ്പായാല്‍ കുറേ കര്‍ഷകരെങ്കിലും വാനില കൃഷിയിലേക്ക് തിരിച്ചുവരും. ഗ്രേഡ് തിരിക്കാതെ വാനില വാങ്ങുന്ന കേന്ദ്രങ്ങളുണ്ടാകണം. ഏറെ ചെലവേറിയതാണ് വാനിലകൃഷി. സ്വയം പരാഗണശേഷിയില്ലാത്ത വാനിലയ്ക്ക് കൃത്രിമ പരാഗണം ചെയ്തു കൊടുക്കണമെന്നുള്ളതാണ് വിളയുടെ വൈകല്യം. അതും അതിരാവിലെ നടത്തണം. കൂടാതെ അഞ്ചുവര്‍ഷം കൂടുമ്പോള്‍ വാനില വള്ളികള്‍ റീപ്ളാന്റ് നടത്തണം. എല്ലാം ചെയ്തിട്ടും എട്ടുവര്‍ഷം മുമ്പുണ്ടായ വിലതകര്‍ച്ചയും വാങ്ങാന്‍ ആളില്ലാത്ത സ്ഥിതിയും വന്നാല്‍ കര്‍ഷകര്‍ വെട്ടിലാകും. ഇതിനാല്‍ തന്നെ ഉള്ള വിളകള്‍ കളഞ്ഞ് വീണ്ടും വാനില കൃഷി പരീക്ഷിക്കാനും പെട്ടെന്നു തയാറാകില്ല.എട്ടുവര്‍ഷംമുമ്പ് പൊന്നോളം വിലയായിരുന്നു വാനില ബീന്‍സിനും വള്ളിക്കും. കിലോയ്ക്ക് മൂവായിരത്തിനപ്പുറം വിലവന്നു. മലയോര മേഖലയിലും മറ്റു പരമ്പരാഗത വിളകളായ കുരുമുളകും മറ്റും വെട്ടിനശിപ്പിച്ച് പല കര്‍ഷകരും വാനില നട്ടു. വാനില വള്ളികളില്‍ ബീന്‍സ് തൂങ്ങി ഉത്പാദനം പെരുകി. ഇതോടെ വിലയില്ലാതായി.കിലോ വില മൂവായിരത്തില്‍നിന്ന് മുപ്പതു രൂപയില്‍ താഴേയ്ക്ക് പതിച്ചതോടെ കര്‍ഷക പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക