Image

ഇന്ധനച്ചെലവ് തന്നില്ലെങ്കില്‍ രാജിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ കത്ത്

Published on 04 September, 2012
ഇന്ധനച്ചെലവ് തന്നില്ലെങ്കില്‍ രാജിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ കത്ത്
തിരുവനന്തപുരം: യാത്രയ്ക്കായി വേണ്ടിവരുന്ന പെട്രോള്‍ ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിച്ചില്ലെങ്കില്‍ സ്ഥാനം രാജിവയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി. കോശി. രാജിവയ്ക്കുക മാത്രമല്ല, ഇക്കാര്യം പത്രസമ്മേളനം നടത്തി പറയുമെന്നും മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം അറിയിച്ചു. 

ഇക്കാര്യം വിശദീകരിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ധനവകുപ്പിനാണ് കത്ത് നല്‍കിയത്. പ്രശ്‌നത്തിലിടപെട്ട ധനമന്ത്രി കെ.എം. മാണി അര്‍ഹമായ രീതിയില്‍ ബില്ലുകള്‍ പാസാക്കാന്‍ നിര്‍ദേശം നല്‍കി. 

നിലവില്‍ 200 ലിറ്റര്‍ ഇന്ധനമാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് മാസംതോറും നല്‍കുന്നത്. ഹൈക്കോടതി ജഡ്ജിമാര്‍ക്കുള്ള യാത്രപ്പടി സംബന്ധിച്ച 1956 ലെ നിയമപ്രകാരമാണ് ഇത് അനുവദിക്കുന്നത്. എന്നാല്‍ ഔദ്യോഗിക യാത്രയ്ക്കും മറ്റും ഇത്രയും ഇന്ധനം മതിയാകാതെ വരുന്നതിനാല്‍ അധികമായി ചെലവായ ഇന്ധനത്തിനുള്ള തുക തിരിച്ചുനല്‍കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. 

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് ഹൈക്കോടതി ജഡ്ജിമാരുടെ സേവന വേതന വ്യവസ്ഥകളാണ് ബാധകം. ഇതനുസരിച്ച് ശമ്പളത്തിനും മറ്റാനുകൂല്യത്തിനും പുറമെ െ്രെഡവറോടുകൂടിയ കാറിനും 200 ലിറ്റര്‍ പെട്രോളിനും അദ്ദേഹത്തിന് അര്‍ഹതയുണ്ട്. ജഡ്ജിമാര്‍ക്ക് കൂടുതല്‍ യാത്ര വേണ്ടിവരുമ്പോള്‍ അതിനുള്ള ബില്ലുകളും അനുവദിച്ചു നല്‍കാറുണ്ട്. ഹൈക്കോടതി രജിസ്ട്രാര്‍ ഇക്കാര്യത്തില്‍ അനുകൂലമായി നല്‍കിയ വിശദീകരണവും ജസ്റ്റിസ് കോശി നല്‍കിയ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 

കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലെ ഉള്‍പ്രദേശങ്ങളില്‍പ്പോലും മനുഷ്യാവകാശത്തെക്കുറിച്ച് സെമിനാറുകള്‍ താന്‍ സംഘടിപ്പിക്കാറുണ്ട്. കൂടാതെ വിവിധ കോളേജുകളിലും സെമിനാറുകളില്‍ പങ്കെടുക്കുന്നു. തന്റെ യാത്രച്ചെലവ് കൂടുന്നതിനുള്ള കാരണങ്ങള്‍ അദ്ദേഹം കത്തില്‍ പറയുന്നു. 

ബില്ലുകള്‍ പാസാക്കി നല്‍കിയില്ലെങ്കില്‍ ക്യാമ്പ് സിറ്റിങ്ങുകളും സെമിനാറുകളും റദ്ദാക്കുകയും ഓഫീസ് വിട്ടുള്ള പ്രവര്‍ത്തനം ഉപേക്ഷിക്കുകയും ചെയ്യുമെന്നാണ് സര്‍ക്കാരിനുള്ള മുന്നറിയിപ്പ്. ഔദ്യോഗിക ജോലി കൃത്യമായി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ രാജിവയ്ക്കുന്നതിനെക്കുറിച്ചും താന്‍ ആലോചിക്കുമെന്ന് കത്തില്‍ പറയുന്നു. 

ഇന്ധനച്ചെലവ് തന്നില്ലെങ്കില്‍ രാജിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്റെ കത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക