Image

കല്‍ക്കരി: ഓഡിറ്റ് ജീവനക്കാര്‍ പ്രതിഷേധത്തില്‍

Published on 04 September, 2012
കല്‍ക്കരി: ഓഡിറ്റ് ജീവനക്കാര്‍ പ്രതിഷേധത്തില്‍
ന്യൂദല്‍ഹി: കംട്രോളര്‍ ആന്‍ഡ് ഓഡിറ്റല്‍ ജനറല്‍ (സി.എ.ജി) എന്ന സ്ഥാപനത്തിനെതിരെ ഭരണപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന വിമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഓഡിറ്റ് വിഭാഗം ജീവനക്കാരും ഓഫിസര്‍മാരും രംഗത്ത്. സി.എ.ജിക്കുമേല്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ആരോപിക്കുന്നതിനെതിരെ രാജ്യവ്യാപകമായി എല്ലാ ഓഡിറ്റ് ഓഫിസുകളിലും വ്യാഴാഴ്ച പ്രതിഷേധം നടത്തുന്നതിന് അഖിലേന്ത്യാ ഓഡിറ്റ്അക്കൗണ്ട്‌സ് അസോസിയേഷന്‍, അഖിലേന്ത്യാ ഓഡിറ്റ്അക്കൗണ്ട്‌സ് ഓഫിസേഴ്‌സ് അസോസിയേഷന്‍ എന്നിവ തീരുമാനിച്ചു. 

കല്‍ക്കരി ഖനനത്തിന് ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകളും, സ്വകാര്യ കമ്പനികള്‍ ഉണ്ടാക്കുന്ന അവിഹിത നേട്ടവും ചൂണ്ടിക്കാട്ടിയതിന്റെ പേരില്‍ ഭരണഘടനാ സ്ഥാപനത്തെ അധിക്ഷേപിക്കുകയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടി. 2ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയതിലെ ക്രമക്കേടുകള്‍ നേരത്തേ സി.എ.ജി പുറത്തുകൊണ്ടുവന്നു. സ്‌പെക്ട്രം ലേലം ചെയ്യാനും അടിസ്ഥാന നിരക്ക് നിശ്ചയിക്കാനും ഒടുവില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിത്തീര്‍ന്ന കാര്യം സംഘടനകള്‍ ചൂണ്ടിക്കാട്ടി. സി.എ.ജി റിപ്പോര്‍ട്ട് ഏതെങ്കിലും ഒരാളുടെ ശ്രമഫലമല്ല. പല ഘട്ടങ്ങള്‍ പിന്നിട്ടു വരുന്ന കൂട്ടായ ശ്രമമാണത്. ഓഡിറ്റ് ഓഫിസര്‍, അസിസ്റ്റന്റ് ഓഡിറ്റ് ഓഫിസര്‍മാര്‍, ഓഡിറ്റര്‍ എന്നിവര്‍ അടങ്ങുന്ന ഓഡിറ്റ് പാര്‍ട്ടി രൂപവത്കരിച്ചുകൊണ്ടാണ് നടപടികള്‍ തുടങ്ങുന്നത്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലല്ല ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ബന്ധപ്പെട്ട ഡിപാര്‍ട്ട്‌മെന്റിന്റെ ഫയലുകളിലെ കണ്ടെത്തലുകള്‍ അടിസ്ഥാനപ്പെടുത്തി മാത്രമാണ് വിശകലനം. ഡിപാര്‍ട്ട്‌മെന്റുമായി തുടക്കം മുതല്‍ ഒടുക്കം വരെ ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. മന്ത്രാലയവുമായി ചട്ടപ്രകാരം വിവിധ തലങ്ങളില്‍ ചര്‍ച്ച നടത്തും.

കരട് പരാമര്‍ശങ്ങള്‍ക്കു പോലും രേഖകളുടെ പിന്‍ബലം വേണം. ബന്ധപ്പെട്ട ഡിപാര്‍ട്ട്‌മെന്റ്, മന്ത്രാലയം എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി കുറഞ്ഞത് മൂന്നു തലങ്ങളില്‍ ചര്‍ച്ച നടത്തി തയാറാക്കിയ റിപ്പോര്‍ട്ടാണ് സി.എ.ജിയിലേക്ക് എത്തുന്നത്. ബന്ധപ്പെട്ട മന്ത്രാലയം നല്‍കുന്ന മറുപടികള്‍ ശ്രദ്ധാപൂര്‍വം പരിഗണിക്കുകയും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. എതിരഭിപ്രായങ്ങളും രേഖപ്പെടുത്തും. തുടക്കത്തില്‍ പറയുന്ന കാര്യങ്ങളില്‍നിന്ന് ആറ്റിക്കുറുക്കിയ വിവരങ്ങളാണ് അന്തിമ റിപ്പോര്‍ട്ടില്‍ ഉണ്ടാവുക. ഈ പ്രക്രിയ മനസ്സിലാക്കാതെയാണ് മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ ആരോപണം ഉന്നയിക്കുന്നതെന്ന് സംഘടനകള്‍ കുറ്റപ്പെടുത്തി.
രാജ്യത്തെ സമ്പത്തിന്റെ കാവല്‍ക്കാരനെന്ന പദവിയാണ് ഭരണഘടന സി.എ.ജിക്ക് നല്‍കുന്നത്. ഭരണഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഓഫിസറാണ് സി.എ.ജിയെന്ന് ചൂണ്ടിക്കാട്ടിയത് ഡോ. ബി.ആര്‍. അംബേദ്കര്‍ തന്നെയാണ്. പ്രതിബദ്ധത നിര്‍വഹിക്കുമ്പോള്‍ കടന്നാക്രമണം നടത്തുന്നതില്‍നിന്ന് പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് അസോസിയേഷനുകള്‍ അഭ്യര്‍ഥിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക