Image

ഹരിത എം.എല്‍.എമാര്‍ക്ക് മറുപടിയായി പി.സി. ജോര്‍ജിന്റെ ബ്ലോഗ്

Published on 04 September, 2012
ഹരിത എം.എല്‍.എമാര്‍ക്ക് മറുപടിയായി പി.സി. ജോര്‍ജിന്റെ ബ്ലോഗ്
കോട്ടയം: ഹരിത രാഷ്ട്രീയത്തിന്റെ സന്ദേശവുമായി യുവ യു.ഡി.എഫ് എം.എല്‍.എമാര്‍ തുടങ്ങിയ ബ്ലോഗിന് മറുപടിയായി ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ ബ്ലോഗ്. എമര്‍ജിങ് ഫൈറ്റ് എന്ന പേരില്‍ തുടങ്ങിയ ബ്ലോഗില്‍ ഇറക്കമുള്ള മുഖംമൂടിയിട്ട ശേഷം ഷേവ് ചെയ്യാന്‍ ശ്രമിക്കുന്നത് പൊതുരംഗത്തുള്ള ചിലര്‍ ശീലമാക്കിയതായി പറയുന്നു. മുഖംമൂടി ഊരിക്കളഞ്ഞാലേ ഷേവിങ് റേസറിന് 'പണി നടത്താന്‍' കഴിയൂവെന്ന് പരിഹാസ രൂപേണ ജോര്‍ജ് ബ്ലോഗില്‍ കുറിക്കുന്നു. മലയാളികള്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ടെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്. 

സംസ്ഥാനത്തിന്റെ വികസന സാധ്യതകള്‍ ആരാഞ്ഞുതുടങ്ങുമ്പോള്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ച് വഴിമുടക്കികളാകാന്‍ ചിലര്‍ കച്ചകെട്ടിയിറങ്ങുന്നു. മണ്ണിനോടും മനുഷ്യരോടും വല്ലാത്തൊരു അമിത സ്‌നേഹമാണ് തങ്ങള്‍ക്കെന്ന് ഇവര്‍ പറയുന്നു. പക്ഷേ, മനുഷ്യരൊഴികെയുള്ളവരോടാണ് ഇവര്‍ക്ക് സ്‌നേഹം. ഇത് അനുവദിച്ചുകൊടുക്കാന്‍ നാടിനോട് പ്രതിബദ്ധതയുള്ള ആര്‍ക്കുമാവില്ല. കേരളത്തില്‍ വനങ്ങള്‍ വേണം. മലിനപ്പെടാതെ സൂക്ഷിക്കണം. പരിസ്ഥിതിക്ക് കളങ്കം ഏല്‍പ്പിക്കാന്‍ അനുവദിക്കരുത്. ഒപ്പം ഈ നാട്ടില്‍ ജനിച്ച, ഇനി ജനിക്കാനിരിക്കുന്ന സകലര്‍ക്കും ജീവിക്കുകയും വേണം ജോര്‍ജ് ബ്ലോഗില്‍ കുറിച്ചിട്ടു. അന്യനാടുകളിലെ വികസനക്കുതിപ്പും ജീവിത നിലവാര ഉയര്‍ച്ചയും കണ്ട് അന്ധാളിച്ച് മാറിനില്‍ക്കാതെ ജന്മനാടിന്റെ സമഗ്രവികസനം അനുഭവിക്കാന്‍ നമുക്ക് കഴിയണമെന്നും അതിനായി പോരാടണമെന്നും ജോര്‍ജ് ബ്ലോഗില്‍ കുറിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക