Image

ഐസിസി ടെസ്റ്റ് റാങ്കിംഗ്: അശ്വിനും കോഹ്‌ലിക്കും മുന്നേറ്റം

Published on 04 September, 2012
ഐസിസി ടെസ്റ്റ് റാങ്കിംഗ്: അശ്വിനും കോഹ്‌ലിക്കും മുന്നേറ്റം
ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്‌ലിക്കും ആര്‍.അശ്വിനും മുന്നേറ്റം. ന്യൂസിലന്‍ഡിനെതിരായ രണ്ടു മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്. 

കരിയറില്‍ ആദ്യമായി അശ്വിന്‍ ആദ്യ ഇരുപതില്‍ എത്തി. പുതിയ റാങ്കിംഗ് പ്രകാരം അശ്വിന്‍ 18-ാം സ്ഥാനത്താണ്. കിവീസിനെതിരേ രണ്ടു ടെസ്റ്റില്‍ നിന്നും 18 വിക്കറ്റാണ് അശ്വിന്‍ നേടിയത്. ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് അശ്വിന്‍ മുന്നേറിയത്. പരമ്പരയില്‍ മാന്‍ ഓഫ് ദ സീരീസും അശ്വിന്‍ നേടിയിരുന്നു. 

ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജയ്ക്കും റാങ്കിംഗില്‍ മുന്നേറ്റമുണ്ടായി. ഒരു സ്ഥാനം മുന്നേറിയ ഓജ 14-ാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളായ സഹീര്‍ ഖാന്‍ 15-ാം സ്ഥാനത്തും ഉമേഷ് യാദവ് 48-ാം സ്ഥാനത്തുമാണ്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിനാണ് പട്ടികയില്‍ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ തന്നെ വെര്‍നോണ്‍ ഫിലാന്‍ഡര്‍ രണ്ടാമതും പാക്കിസ്ഥാന്റെ സയിദ് അജ്മല്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 

ബാംഗളൂര്‍ ടെസ്റ്റില്‍ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും നേടിയ വിരാട് കോഹ്‌ലി 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 35-ാം സ്ഥാനത്തെത്തി. കോഹ്‌ലിയുടെ കരിയറിലെ ഉയര്‍ന്ന റാങ്കാണിത്. മോശം ഫോം തുടരുന്ന സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അഞ്ച് സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി 16-ാം സ്ഥാനത്തായി. ഒരു സ്ഥാനം പിന്നോട്ട് പോയ വീരേന്ദര്‍ സേവാഗ് 23-ാം സ്ഥാനത്താണ്. 

ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് പട്ടികയില്‍ ഒന്നാമത്. ഹാഷിം ആംല (ദക്ഷിണാഫ്രിക്ക), ശിവനാരായണ്‍ ചന്ദര്‍പോള്‍ (വെസ്റ്റിന്‍ഡീസ്) എന്നിവര്‍ യഥാക്രമം പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്. ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ലാദേശിന്റെ സാക്കിബ് അല്‍ ഹസനാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസ് രണ്ടാം സ്ഥാനത്തുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക