Image

കല്‍ക്കരി വിവാദം; അഞ്ച്‌ കമ്പനികള്‍ക്കെതിരേ കേസ്; 30 ഇടങ്ങളില്‍ റെയ്‌ഡ്‍‍‍‍‍‍‍

Published on 04 September, 2012
കല്‍ക്കരി വിവാദം; അഞ്ച്‌ കമ്പനികള്‍ക്കെതിരേ കേസ്; 30 ഇടങ്ങളില്‍ റെയ്‌ഡ്‍‍‍‍‍‍‍
ന്യൂഡല്‍ഹി: കല്‍ക്കരിപ്പാട വിതരണം വിവാദമായതിനേ തുടര്‍ന്ന്‌ അഞ്ച്‌ കമ്പനികള്‍ക്കെതിരേയും കല്‍ക്കരിമന്ത്രാലയത്തിലെ ഉദ്യോഗസ്‌ഥര്‍ക്കെതിരേയും സിബിഐ കേസെടുത്തു. കേസില്‍ ഡല്‍ഹി ഉള്‍പ്പെടെ 30 ഇടങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍സി തെരച്ചില്‍ നടത്തുന്നു.

ഡല്‍ഹി, മുംബൈ,നാഗ്പൂര്‍,ധന്‍ബാദ്,ഹൈദരാബാദ്, പട്ന, കൊല്‍ക്കത്ത തുടങ്ങി 10 നഗരങ്ങളിലാണ് തെരച്ചില്‍. കമ്പനിയുടമകളുടെ വീടുകളിലും ഓഫീസുകളിലുമാണ് തെരച്ചില്‍ നടത്തുന്നത്.

വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ്‌ കേസെടുത്തിരിക്കുന്നത്‌. വിമ്മി അയണ്‍ ആന്‍ഡ്‌ സ്‌റ്റീല്‍, നവ്‌ ഭാരത്‌ സ്‌റ്റീല്‍, ജെഎല്‍ഡി യാവത്മാള്‍, എഎംആര്‍ അയണ്‍ ആന്‍ഡ്‌ സറ്റീല്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരേയാണ്‌ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഖനികളാണിവ. രണ്ട് സംസ്ഥാനങ്ങളിലും യുപിഎ ഇതര സര്‍ക്കാരുകളാണ് ഭരണത്തില്‍. വസ്തുതകള്‍ മറച്ചുവച്ച് നേടിയ ലൈസന്‍സ് ഉപയോഗിച്ച് കമ്പനികള്‍ സാമ്പത്തിക നേട്ടമുണ്ടാക്കി എന്നാണ് സിബിഐയുടെ നിരീക്ഷണം.

142 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കഴിഞ്ഞ ദിവസം ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍,ലൈസന്‍സുകള്‍ കൂട്ടമായി റദ്ദാക്കുന്നത് സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നും സിബിഐ അന്വേഷണം നടക്കുന്നതിനാല്‍ കുറ്റം തെളിയുന്ന കമ്പനികള്‍ക്കെതിരേ മാത്രം നടപടിയെടുത്താല്‍ മതിയെന്നുമാണ് കോണ്‍ഗ്രസ് നിലപാടെടുത്തത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക