Image

കാലവര്‍ഷം: അപ്പര്‍കുട്ടനാട്ടില്‍ കൃഷിനാശ ഭീഷണി

Published on 03 September, 2012
കാലവര്‍ഷം: അപ്പര്‍കുട്ടനാട്ടില്‍ കൃഷിനാശ ഭീഷണി
കിടങ്ങറ: തുടര്‍ച്ചയായി പെയ്യുന്നമഴയില്‍ ജലനിരപ്പുയര്‍ന്നതോടെ കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ ആശങ്കയിലായി. രണ്ടാം കൃഷിയിറക്കിയ കുട്ടനാട്ടിലെ വിവിധ പാടശേഖരങ്ങള്‍ കനത്ത മഴയില്‍ കൃഷിനാശ ഭീഷണിയിലാണ്. കുട്ടനാട്ടിലെ അഞ്ച് പഞ്ചായത്തുകളിലായി 80, 90 ദിവസങ്ങള്‍ പ്രായമായ 10,000 ഹെക്ടര്‍ നെല്‍കൃഷിയുടെ വിളവെടുപ്പാണ് ഭീഷണിയിലായിരിക്കുന്നത്. തുടര്‍ച്ചയായ മഴയില്‍ പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതിനാലും അമിത ഭാരവും മൂലം നെല്‍ചെടികള്‍ ചാഞ്ഞുതുടങ്ങിയതാണ് കര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നത്. പമ്പിംഗ് നടത്തി വെള്ളം വറ്റിച്ചാലും നിലംപതിച്ച നെല്‍ചെടികളെ സംരക്ഷിക്കാന്‍ കഴിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു. അപ്പര്‍കുട്ടനാട്ടിലെ എടത്വാ, ചമ്പക്കുളം കൃഷി ഭവനുകളുടെ പരിതിയില്‍ വരുന്ന ചുങ്കം, ഇടച്ചുങ്കം, വടകര, പാടശേഖരങ്ങളിലെ 50 ഏക്കറുള്ള നെല്‍ചെടികളാണ് നിലംപതിച്ചത്. നെടുമുടി പഞ്ചായത്തിലെ മാത്തൂര്‍ പാടശേഖരത്തിലെ 650 ഏക്കറിലെ നെല്‍ചെടികളും ചാഞ്ഞുതുടങ്ങിയിട്ടുണ്ട്. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാന്‍ സാധിക്കാത്തതുമൂലം നെല്‍ചെടികള്‍ നീറിയും കിളിര്‍ത്തും നശിക്കുകയാണ്. വോള്‍ട്ടേജ് ക്ഷാമം പാടത്തില്‍ കെട്ടിക്കിടക്കുന്ന വെള്ളം പമ്പ് ചെയ്യുന്നതിനും തടസമാകുന്നുണ്ട്. രണ്ടാം കൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ഇപ്പോഴത്തെ നിലയനുസരിച്ച് നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അപ്പര്‍കുട്ടനാട്ടിലെ നൂറുകണക്കിന് നെല്‍കര്‍ഷകര്‍. ഇതുവരെ ശക്തമായ വെള്ളപ്പൊക്കം അനുഭവപ്പെടാതിരുന്നതിനാല്‍ മടവീഴ്ച പോലെയുള്ള പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെട്ട കര്‍ഷകര്‍ക്ക് നെല്‍ചെടികള്‍ പരക്കെ വീഴാന്‍ തുടങ്ങിയത് ഏറെ ആശങ്കയുളവാക്കിയിരിക്കുകയാണ്. രണ്ടാംകൃഷി വിളവെടുപ്പ് പ്രതിസന്ധി പരിഹരിക്കാന്‍ കൃഷിവകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് കേരള നെല്‍കര്‍ഷക യൂണിയന്‍ എം. സംസ്ഥാന പ്രസിഡന്റ് ജോസ് കോയിപ്പള്ളി ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക