Image

ചാല ദുരന്തം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത

Published on 03 September, 2012
ചാല ദുരന്തം ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സാധ്യത
കണ്ണൂര്‍: ചാലയില്‍ ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചുണ്ടായ അപകടം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച് അടുത്ത ദിവസംതന്നെ തീരുമാനമെടുക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പങ്ക്, വാതക കടത്തില്‍ ഇടനിലക്കാരുടെ ഇടപെടല്‍, സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയുള്ള വാതക കടത്ത് എന്നിവയൊക്കെ അന്വേഷണവിധേയമാകും.

അന്വേഷണപരിധി വിപുലമായതുകൊണ്ടും മറ്റ് സംസ്ഥാനങ്ങളില്‍കൂടി അന്വേഷണം നടത്തേണ്ടതുകൊണ്ടുമാണ് ലോക്കല്‍ പോലീസില്‍നിന്ന് അന്വേഷണം മാറ്റുന്നത്. ഇതുവരെ നടന്ന അന്വേഷണം തൃപ്തികരമാണെന്നാണ് വിലയിരുത്തല്‍. ലോക്കല്‍പോലീസിന് കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞെന്നും ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച് കഴിഞ്ഞദിവസം ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ ഡി.ജി.പി.യോട് വിശദീകരിച്ചിരുന്നു.

വാതകം വിതരണത്തിന്റെ അപകട സാധ്യത പരിഗണിച്ചുള്ള സുരക്ഷാക്രമീകരണങ്ങള്‍ സംസ്ഥാനത്ത് നടപ്പായിട്ടില്ലെന്ന് വിലയിരുത്തലാണ് ആഭ്യന്തരമന്ത്രാലയത്തിനുള്ളത്. ഇതിന് എന്തൊക്കെ നടപടി സ്വീകരിക്കണമെന്ന കാര്യം കൂടി വിലയിരുത്തണമെങ്കില്‍ ഒരു പ്രത്യേക സംഘം ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ട്. നിശ്ചിത കാലപരിധി നല്‍കി വിശദമായി ഇക്കാര്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തെക്കൊണ്ട് പരിശോധിപ്പിക്കാനാണ് ആലോചിക്കുന്നത്.

അപകടത്തിന് കാരണമായ ഘടകങ്ങള്‍ ജില്ലാ പോലീസ് മേധാവി വിശദീകരിച്ചിട്ടുണ്ട്. അന്വേഷണം നല്ലരീതിയില്‍ പുരോഗമിക്കുകയാണെന്നും, എന്നാല്‍ അപകടത്തിന്റെ കാരണംമാത്രം വിലയിരുത്തി കേസ് അവസാനിപ്പിച്ചാല്‍ സമഗ്രമാവില്ലെന്നുമാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചത് . ചാലയിലെ അപകടം അശ്രദ്ധമായി വാഹനം ഓടിച്ചതിനാല്‍ സംഭവിച്ച ഒന്നായി ലളിതമായി കാണാനാവില്ലെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം. രണ്ട് ഡ്രൈവര്‍ വാഹനത്തിലില്ലാത്തത്, ഡിവൈഡറില്‍ തട്ടിയ ഉടനെ വാതകം ചോരാനിടയായത്, വാഹനത്തിന്റെ സുരക്ഷ ഉറപ്പാക്കി വാതകം കൊണ്ടുപോകാനുള്ള ക്ലിയറന്‍സ് നല്‍കുന്നത് എന്നീ കാര്യങ്ങളെല്ലാം അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഒരു മാഫിയ തന്നെ വാതകകടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കരാര്‍ അടിസ്ഥാനത്തില്‍ വാതകം കടത്തുന്നതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. അതിന് പ്രത്യേകിച്ച് മാനദണ്ഡം തയ്യാറാക്കേണ്ടതുമുണ്ട്. ഇതാണ് കേസന്വേഷണം വിപുലവും സമഗ്രവുമാക്കുന്നത് പരിഗണിക്കാന്‍ കാരണം. അതുകൊണ്ടാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക