Image

സത്‌നാമിന്റെ കൊല: നാലുപേര്‍ കൂടി അറസ്റ്റില്‍

Published on 03 September, 2012
സത്‌നാമിന്റെ കൊല: നാലുപേര്‍ കൂടി അറസ്റ്റില്‍
തിരുവനന്തപുരം: പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍വെച്ച് ബിഹാറുകാരനായ സത്‌നാംസിങ് കൊല്ലപ്പെട്ട സംഭവത്തില്‍ നാലുപേരെക്കൂടി ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തു. ആസ്​പത്രിയിലെ അന്തേവാസികളാണിവര്‍. നേരത്തെ ആസ്​പത്രിയിലെ രണ്ടു ജീവനക്കാരെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ സത്‌നാമിന്റെ ബന്ധുക്കളെ സാക്ഷികളാക്കാന്‍ ക്രൈംബ്രാഞ്ച് സംഘം ബിഹാറിലേക്ക് പോകും.

ജയില്‍ശിക്ഷയ്ക്കിടെ മാനസികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന കൊല്ലം കല്ലുവാതുക്കല്‍ സ്വദേശി മഞ്ജീഷ്, തിരുവനന്തപുരം വാഴോട്ടുകോണം സ്വദേശി ബിജു, തിരുവനന്തപുരം ചെങ്കല്‍ച്ചൂള സ്വദേശി ദിലീപ്, ആലപ്പുഴ അരയാല്‍പറമ്പ് സ്വദേശി പ്രതീഷ് എന്ന ശരത്പ്രകാശ് എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ആസ്​പത്രി അറ്റന്‍ഡര്‍ അനില്‍കുമാര്‍, വാര്‍ഡന്‍ വിവേകാനന്ദന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

ആഗസ്ത് നാലിനാണ് ബിഹാര്‍ ഗയ സ്വദേശിയായ സത്‌നാംസിങ് പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍വെച്ച് ആക്രമണത്തിനിടെ കൊല്ലപ്പെട്ടത്. വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി ആശ്രമത്തില്‍ ബഹളംവെച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് സത്‌നാമിനെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.

ആസ്​പത്രി സെല്ലില്‍ ഉണ്ടായിരുന്ന ലാലുവും സത്‌നാമും കിടക്കപ്പായയെച്ചൊല്ലി കശപിശയുണ്ടായി. ഇതിനെ തുടര്‍ന്ന് അറ്റന്‍ഡറായ അനില്‍കുമാറും വാര്‍ഡനായ വിവേകാനന്ദനും ചേര്‍ന്ന് സത്‌നാമിനെ ആക്രമിച്ചു. ഇവര്‍ക്കൊപ്പം മഞേ്ജഷ്, ബിജു, ശരത്പ്രകാശ്, ദിലീപ് എന്നിവരും ചേര്‍ന്നു. ഇരുമ്പ്ദണ്ഡ്, കേബിള്‍വയര്‍, പൂട്ട് എന്നിവ ഉപയോഗിച്ച് പ്രതികള്‍ സത്‌നാമിനെ ആക്രമിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. സത്‌നാമിന്റെ ശരീരത്തില്‍ 77 മുറിവുകളും ക്ഷതങ്ങളും ഉണ്ടായിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കൊലക്കേസിലെ പ്രതികളായ ബിജു, ശരത്പ്രകാശ്, ദിലീപ് എന്നിവര്‍ക്കും ഗാര്‍ഹിക പീഡന കേസിലെ പ്രതിയായ മഞ്ജീഷിനും സത്‌നാമിന്റെ കൊലപാതകത്തില്‍ നിര്‍ണായക പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഇവരുടെ മാനസിക, ശാരീരിക ആരോഗ്യനില വിദഗ്ധര്‍ പരിശോധിച്ചശേഷമാണ് കോടതിയുടെ അനുമതിയനുസരിച്ച് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.

ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ. വിഷ്ണു പ്രതികളെ 11 വരെ റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതി മഞ്ജീഷിനെയും അഞ്ചാംപ്രതി ശരത്പ്രകാശിനെയും പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഫോറന്‍സിക് വാര്‍ഡില്‍ മാറ്റി. നാലാം പ്രതി ബിജുവിനെ പ്രത്യേക സബ്ജയിലിലും ആറാംപ്രതി ദിലീപിനെ സെന്‍ട്രല്‍ ജയിലിലേക്കും അയച്ചു. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ജയില്‍കുമാര്‍ കോടതിയെ ധരിപ്പിച്ചിരുന്നു.

കേസില്‍ ബന്ധുക്കളെ സാക്ഷികളാക്കാനും സത്‌നാംസിങ്ങിനെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാനുമായി ക്രൈംബ്രാഞ്ച് സി.ഐ. പ്രതാപന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം 20ന് ബിഹാറിലെ ഗയയിലേക്കു പോകും. ഇതിനായി ക്രൈംബ്രാഞ്ച് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ സത്‌നാംസിങ് കേസില്‍ ഇതുവരെ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക