Image

ഹോളിവുഡ് നടന്‍ മൈക്കിള്‍ ക്ളാര്‍ക്ക് ഡങ്കന്‍ അന്തരിച്ചു

Published on 03 September, 2012
ഹോളിവുഡ് നടന്‍ മൈക്കിള്‍ ക്ളാര്‍ക്ക് ഡങ്കന്‍ അന്തരിച്ചു
ലോസ്ആഞ്ചല്‍സ്: പ്രശസ്ത ഹോളിവുഡ് നടന്‍ മൈക്കിള്‍ ക്ളാര്‍ക്ക് ഡങ്കന്‍ അന്തരിച്ചു. 54 വയസായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ജൂലൈയില്‍ ലോസ്ആഞ്ചല്‍സിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡങ്കന്റെ നില വഷളായതേത്തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേയ്ക്കു മാറ്റിയിരുന്നു. മാസങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സയ്ക്കും ഡങ്കന്റെ ജീവന്‍ രക്ഷിക്കാനായില്ലെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ പറഞ്ഞു. ഹോളിവുഡ് താരം വില്‍ സ്മിത്ത് തുടങ്ങിയ താരങ്ങളുടെ ബോഡിഗാര്‍ഡായി സിനിമാ ജീവിതം ആരംഭിച്ച ഡങ്കന്‍ പിന്നീട് വെള്ളിത്തിരയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളെ വിജയകരമായി അഭിനയിച്ചു ഫലിപ്പിച്ചു. 1995ല്‍ ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് ഡങ്കന്റെ സിനിമാപ്രവേശം. തുടര്‍ന്ന് രണ്ടു വര്‍ഷത്തിനിടെ പത്തോളം ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. എന്നാല്‍ 1999ല്‍ പുറത്തിറങ്ങിയ 'ദ ഗ്രീന്‍ മൈല്‍' ആണ് ഡങ്കന്റെ പേര് ഹോളിവുഡില്‍ രജിസ്റര്‍ ചെയ്തത്. ചിത്രത്തിലെ ജോണ്‍ കോഫി എന്ന കഥാപാത്രത്തെ മിഴിവുറ്റതാക്കിയ ഡങ്കനു ഓസ്കര്‍ നാമനിര്‍ദ്ദേശംവരെ ലഭിച്ചു. ചിത്രത്തിലെ അഭിനയത്തിനു നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. ഈ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ 'ഫ്രം ദ റഫ്' ആണ് ഡങ്കന്റേതായി ഏറ്റവുമൊടുവില്‍ പ്രേക്ഷകരിലെത്തിയ ചിത്രം. ഇതിനിടെ ഒട്ടേറെ അനിമേഷന്‍ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ക്കു ശബ്ദം നല്‍കിയും ഡങ്കന്‍ ശ്രദ്ധപിടിച്ചുപറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക