Image

ഭീകരാക്രമണപദ്ധതി: ഒരു ഡോക്ടര്‍കൂടി പിടിയില്‍

Published on 03 September, 2012
ഭീകരാക്രമണപദ്ധതി: ഒരു ഡോക്ടര്‍കൂടി പിടിയില്‍
ബംഗളൂരു: ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്നാരോപിച്ച് ഒരു ഡോക്ടറെകൂടി ബംഗളൂരു െ്രെകംബ്രാഞ്ച് പൊലീസ് പിടികൂടി. ദാവങ്കര സ്വദേശി ഡോ. നഈം സീദ്ദീഖി(26)യാണ് ഞായറാഴ്ച രാത്രി ബംഗളൂരു സിറ്റി റെയില്‍വേ സ്‌റ്റേഷനില്‍ പിടിയിലായത്. ദല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍നിന്ന് (എയിംസ്) മടങ്ങുന്നതിനിടെയാണ് അറസ്റ്റ്.ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പിതാവിനെയും പൊലീസ് കൊണ്ടുപോയെങ്കിലും പിന്നീട് വിട്ടയച്ചു.

ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, 10,000 രൂപ എന്നിവ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ നഈമിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നേരത്തേ മഹാരാഷ്ട്രയിലെ നാന്ദേഡില്‍ നിന്ന് പിടിയിലായവര്‍ക്ക് കേസില്‍ ബന്ധമില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് തിരുത്തി. ഇവര്‍ക്കും ഭീകരാക്രമണ പദ്ധതിയുമായി ബന്ധമുണ്ടെന്നാണ് പൊലീസ് ഇപ്പോള്‍ പറയുന്നത്. അതേസമയം, ഇവരുടെ മറ്റു വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയാറായില്ല. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍നിന്നും ബംഗളൂരു മജസ്റ്റിക്കില്‍ നിന്നും രണ്ടു പേരെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കന്നഡ ദിനപത്രമായ കന്നഡ പ്രഭയിലെ കോളമിസ്റ്റ് പ്രതാപ് സിംഹയുള്‍പ്പടെ ഹിന്ദുത്വ സംഘടനകളുടെ നേതാക്കളെയും ജനപ്രതിനിധികളെയും വധിക്കാന്‍ പദ്ധതിയിട്ട സംഘമെന്നാരോപിച്ച് ആഗസ്റ്റ് 29ന് ബംഗളൂരു െ്രെകംബ്രാഞ്ച് പിടികൂടിയ 11 പേരെ ചോദ്യം ചെയ്തതില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നഈമിനെ പിടികൂടിയത്.

ഇയാള്‍ തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നുവെന്നും പിടിയിലായ സംഘവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഘത്തിന് സാമ്പത്തികവും അല്ലാത്തതുമായ സഹായം നല്‍കിയിരുന്നത് നഈമായിരുന്നുവത്രേ. സംഘത്തിലേക്ക് ആളെ ചേര്‍ത്തിരുന്നതും ഇയാളാണെന്നാണ് പൊലീസ് ഭാഷ്യം.

അതേസമയം, നഈമിന്റെ രക്ഷിതാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും വ്യത്യസ്തമായ കഥയാണ് പറയാനുള്ളത്. പഠനത്തിലും മറ്റു പ്രവര്‍ത്തനങ്ങളിലും മികവു പുലര്‍ത്തിയിരുന്ന ഇയാള്‍ എം.ബി.ബി.എസിനു ശേഷം എമര്‍ജന്‍സി മെഡിസിനില്‍ ഡിപ്‌ളോമ കോഴ്‌സിന് എയിംസില്‍ പ്രവേശം നേടിയിരുന്നു. അവിടെ തുടര്‍ പഠനം നടത്താന്‍ പ്രയാസം നേരിട്ടതിനെ തുടര്‍ന്ന് ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജില്‍ പ്രവേശം തരപ്പെടുത്തി ദല്‍ഹിയില്‍നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് പൊലീസ് സംഘം പിടികൂടുന്നത്. ആഗസ്റ്റ് 26നാണ് നഈം ദല്‍ഹിയിലേക്ക് പോയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക