Image

ടിക്കറ്റില്‍ തീയതി മാറി; റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Published on 03 September, 2012
ടിക്കറ്റില്‍ തീയതി മാറി; റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ വിധി
ന്യൂദല്‍ഹി: റിസര്‍വ് ചെയ്ത ടിക്കറ്റില്‍ തീയതി മാറിയതിനെ തുടര്‍ന്ന് യാത്രക്കാരന് റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്ന് ദല്‍ഹി ഉപഭോക്തൃ ഫോറം വിധി. ദല്‍ഹി സ്വദേശിയും 73കാരനുമായ രമേഷിനാണ് വടക്കന്‍ റെയില്‍വേ ടിക്കറ്റ് തുകയായ 459 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും ചേര്‍ത്ത് 10,459 രൂപനല്‍കേണ്ടത്.

ഡെറാഡൂണില്‍ നിന്ന് ഹസ്‌റത്ത് നിസാമുദ്ദീനിലേക്ക് റിസര്‍വ് ചെയ്ത മടക്ക ടിക്കറ്റിലാണ് തീയതിയില്‍ പിശക് സംഭവിച്ചത്. അപേക്ഷയില്‍ 2009 ഏപ്രില്‍ 19 എന്ന് എഴുതിയിരുന്നെങ്കിലും റെയില്‍വേ സ്‌റ്റേഷനിലെ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് 2009 ജൂണ്‍ 19നുള്ള ടിക്കറ്റാണ് നല്‍കിയത്. ഇതുമൂലം ദല്‍ഹിയില്‍ തിരിച്ചെത്താന്‍ തനിക്കും കൂടെയുള്ളവര്‍ക്കുമുണ്ടായ കഷ്ടപ്പാടുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് രമേഷ് ഫോറത്തെ സമീപിച്ചത്.

കൗണ്ടറില്‍ വെച്ചുതന്നെ ടിക്കറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടത് യാത്രക്കാരന്റെ ബാധ്യതയാണെന്ന് റെയില്‍വേ വാദിച്ചെങ്കിലും ഉപഭോക്തൃ ഫോറം അതംഗീകരിച്ചില്ല. പ്രായമുള്ള ഒരു വ്യക്തിക്ക് തിരക്കിനിടയില്‍ ടിക്കറ്റിലെ തീയതി ഉറപ്പുവരുത്താന്‍ കഴിയണമെന്നില്ലെന്നും റിസര്‍വേഷന്‍ ബുക്കിങ് ക്‌ളര്‍ക്കിന്റെ തെറ്റിന് റെയില്‍വേ തന്നെയാണ് ഉത്തരവാദിയെന്നും വിധിയില്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക