Image

ദല്‍ഹി സംഘര്‍ഷം: 20 പേര്‍ പിടിയില്‍

Published on 03 September, 2012
ദല്‍ഹി സംഘര്‍ഷം: 20 പേര്‍ പിടിയില്‍
ന്യൂദല്‍ഹി: ഞായറാഴ്ച രാത്രി ദല്‍ഹിയിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 20 പേര്‍ അറസ്റ്റിലായി. ദല്‍ഹിയിലെ മയൂര്‍ വിഹാര്‍ ഫെയ്‌സ് ത്രീ പ്രദേശത്ത് പൊലീസുമായി ഏറ്റുമുട്ടിയവരെയാണ് അറസ്റ്റ് ചെയ്തത്. തീവെപ്പ്, ലഹള, കൊള്ള എന്നീ കുറ്റങ്ങള്‍ക്കാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ബാരിക്കേഡ് തകര്‍ത്ത ബൈക്ക് യാത്രികരെ പിടികൂടാന്‍ ബലം പ്രയോഗിച്ചതിനെത്തുടര്‍ന്ന് യുവാവ് അപകടത്തില്‍ മരിച്ചെന്ന് ആരോപിച്ച് പ്രദേശവാസികള്‍ പൊലീസിനെതിരെ തിരിഞ്ഞതാണ് സംഘര്‍ഷ കാരണം. 

അക്രമാസക്തരായ ജനക്കൂട്ടത്തിനുനേരെ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് വെടിയുണ്ട കൊണ്ടുള്ള പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പൊലീസ് നെഞ്ചിനു നേരെ വെടിയുതിര്‍ത്തതായി ദൃക്‌സാക്ഷികള്‍ ആരോപിച്ചു. എന്നാല്‍, വെടിവെപ്പ് നടത്തിയെന്ന വാര്‍ത്ത പൊലീസ് നിഷേധിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ടിയര്‍ഗ്യാസ് മാത്രമാണ് പ്രയോഗിച്ചതെന്നാണ് പൊലീസ് ഭാഷ്യം.

ഞായറാഴ്ചയാണ് സംഘര്‍ഷത്തിന് കാരണമായ സംഭവം നടന്നത്. പൊലീസ് തടഞ്ഞ ബൈക്ക് യാത്രികര്‍ മരിച്ചെന്ന് അഭ്യൂഹം പരന്നതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ബൈക്ക് യാത്രികര്‍ മരിച്ചിട്ടില്ലെന്നും പരിക്കേറ്റ ഇവരെ അടുത്ത ആശുപത്രിയില്‍പ്രവേശിപ്പിച്ചെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ട്രാഫിക് ലംഘിച്ച ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ മറിയുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തുടര്‍ന്ന് പിന്നാലെ വന്ന വാഹനം ഇടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയും പ്രദേശം സംഘര്‍ഷഭരിതമായിരുന്നു. രണ്ടു പൊലീസ് പോസ്റ്റുകളും ആറ് ട്രാന്‍സ്‌പോര്‍ട്ട് ബസുകളും സ്വകാര്യവാഹനങ്ങളും ആക്രമണത്തിനിരയായി. പെട്രോള്‍ പമ്പിനുനേരെയും അക്രമം നടന്നു, സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. ഒരാള്‍ മരിക്കുകയും 15 പൊലീസുകാര്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ വിശദ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക