Image

ആധി അണയാതെ ചാല; നാലുപേരുടെ നില ഗുരുതരം

Published on 03 September, 2012
ആധി അണയാതെ ചാല; നാലുപേരുടെ നില ഗുരുതരം
കണ്ണൂര്‍: ചാല ടാങ്കര്‍ അപകടത്തില്‍ പൊള്ളലേറ്റ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ ദിവസം മരിച്ച അഴീക്കല്‍ തീരദേശ പൊലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ പി. രാജന്റെ ഭാര്യ ഇന്ദുലേഖ (44), ഞായറാഴ്ച മരിച്ച നവനീതത്തില്‍ പുഷ്പലതയുടെ ഭര്‍ത്താവ് കുഞ്ഞികൃഷ്ണന്‍ (55), മകന്‍ വിനീത് (16), കഴിഞ്ഞ ദിവസം മരിച്ച ഹോമിയോ ഡോക്ടര്‍ ദേവി നിവാസില്‍ കൃഷ്ണന്റെയും ദേവിയുടെയും മകന്‍ ഡോ. പ്രമോദ് (41) എന്നിവരാണ് ഗുരുതര നിലയില്‍ കഴിയുന്നത്. പ്രമോദ് പരിയാരം മെഡിക്കല്‍ കോളജിലും മറ്റുള്ളവര്‍ മംഗലാപുരത്തെ ആശുപത്രിയിലുമാണ് ചികിത്സയില്‍ കഴിയുന്നത്. പൊള്ളലേറ്റ 41 പേരില്‍ 19 പേരാണ് ഇതുവരെ മരിച്ചത്. 

തിങ്കളാഴ്ച മരണവാര്‍ത്തകളൊന്നും തേടിയെത്താത്തതിന്റെ ആശ്വാസമുണ്ടെങ്കിലും ചാല നിവാസികള്‍ അപകടത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തരായിട്ടില്ല. എല്ലാ രാഷ്ട്രീയ കക്ഷികളുടെയും വ്യാപാരികളുടെയും ആഭിമുഖ്യത്തില്‍ ഇന്ന് പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുന്നുണ്ട്. 11 മണിക്ക് ചാലയിലെ എടക്കാട് ബ്‌ളോക് ഓഫിസ് പരിസരത്ത് സര്‍വകക്ഷി അനുശോചന യോഗം ചേരും.

അപകടത്തിന് ശേഷം പകര്‍ച്ച വ്യാധി ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവമായിട്ടുണ്ട്. കടകളിലെ വസ്തുക്കള്‍ മഴയത്ത് ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നുണ്ട്. അപകടത്തില്‍പെട്ട ലോറിയുടെ അവശിഷ്ടങ്ങളും നീക്കി. 

ദുരന്തമറിഞ്ഞ് ചൊവ്വാഴ്ച മുതല്‍ ചാലയിലേക്കുണ്ടായ ജനപ്രവാഹത്തിന് തിങ്കളാഴ്ച കുറവുണ്ടായെങ്കിലും പാടെ നിലച്ചിട്ടില്ല. ദുരന്ത ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും മറ്റുമെത്തുന്നവരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു തുടങ്ങിയതോടെ ഇത്തരക്കാര്‍ പിന്‍വലിഞ്ഞിട്ടുണ്ട്. ദുരന്തം നടന്ന വീടുകളിലും മറ്റും നിയന്ത്രണമില്ലാതെ ആളുകള്‍ പ്രവേശിക്കുന്നതും നാട്ടുകാര്‍ തടയുന്നുണ്ട്. ചാല ദേവി നിവാസില്‍ ഡോ.കെ.കെ. കൃഷ്ണന്‍ (73), ഭാര്യ ദേവി (54), മകന്‍ പ്രസാദ് (36), പ്രസാദിന്റെ സഹോദരന്‍ പ്രകാശന്റെ ഭാര്യ രഗിന(26), കൃഷ്ണന്റെ സഹോദരന്‍ ആര്‍.സി ഹൗസില്‍ ലക്ഷ്മണന്‍(68), ഭാര്യ നിര്‍മല (55), റംലാസില്‍ അബ്ദുല്‍ റസാഖ ്(55), ഭാര്യ റംലത്ത്(47), മക്കളായ റമീസ് (20), റിസ്വാന്‍(13), നവനീതത്തില്‍ പുഷ്പലത(45),അഴീക്കല്‍ തീരദേശ പൊലീസ് സ്‌റ്റേഷനിലെ എസ്.ഐ രേവതിയില്‍ പി. രാജന്‍ (50), മകള്‍ നിഹ രാജ്(19), വാഴയില്‍ ഓമനയമ്മ(60),മക്കളായ രമ (40), ഗീത (36), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം കുളങ്ങര വീട്ടില്‍ കേശവന്‍ (59), ഭാര്യ ശ്രീലത (47), ഞേറോളി അബ്ദുല്‍ അസീസ് (65) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ നാലു പേരടക്കം 17 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക