Image

പാചക വാതക വിതരണം ശാസ്ത്രീയമാക്കണം മുഖ്യമന്ത്രി

Published on 03 September, 2012
പാചക വാതക വിതരണം ശാസ്ത്രീയമാക്കണം മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ ഇപ്പോഴത്തെ പാചകവാതക വിതരണ ശൃംഖല ശാസ്ത്രീയമല്ലെന്നും ഇതിന്റെ ഗുണം ടാങ്കര്‍ ലോറി ഉടമകള്‍ക്കാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കണ്ണൂര്‍ ചാലയിലെ ഗ്യാസ് ദുരന്തം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രിസഭായോഗശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പാചക വാതക ടാങ്കറുകള്‍ തീവണ്ടി മാര്‍ഗം കൊണ്ടുപോകുന്നതിന് കൊങ്കണ്‍ പാതയിലെ റൊറൊ സര്‍വീസ് സംസ്ഥാനത്തും നടപ്പാക്കാമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

കൊച്ചി റിഫൈനറിയില്‍ 40,000 ടണ്‍ പാചക വാതകമാണ് ഉല്‍പാദിപ്പിക്കുന്നത്. സംസ്ഥാനത്തിന് ആവശ്യം 58,000 ടണ്‍ ആണ്. കൊച്ചിയില്‍ ഉല്‍പാദിപ്പിക്കുന്ന പാചക വാതകം പൂര്‍ണമായും ഇവിടെ ഉപയോഗിക്കുന്നതിന് പകരം ആറായിരം ടണ്‍ കോയമ്പത്തൂര്‍ക്ക് കൊണ്ടുപോകുകയാണ്. അവിടെ നിന്ന് 24,000 ടണ്‍ ഇങ്ങോട്ടും കൊണ്ടു വരുന്നു. കൊച്ചിയിലെ വാതകം തെക്കന്‍ കേരളത്തില്‍ ഉപയോഗിക്കണം. കുറവുള്ള 18000 ടണ്‍ മംഗലാപുരം, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വടക്കന്‍ കേരളത്തിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ച് ഓയില്‍ കമ്പനികള്‍ ആലോചിക്കണം.

പാചക വാതകം അടക്കമുള്ള ടാങ്കറുകളുടെ റോഡ് വഴിയുള്ള യാത്ര എങ്ങനെ കുറക്കാമെന്നും ആലോചിക്കണം. വിവിധ വിഭാഗത്തില്‍പ്പെട്ട 40,000 ടാങ്കറുകളാണ് സംസ്ഥാനത്ത് സഞ്ചരിക്കുന്നത്. ടാങ്കര്‍ ലോറികള്‍ തീവണ്ടി മാര്‍ഗം കൊണ്ടുപോകുന്ന റൊറൊ രീതി നടപ്പാക്കാന്‍ കൊച്ചി, തിരുവനന്തപുരം പ്‌ളാറ്റ്‌ഫോമുകളില്‍ സൗകര്യമുണ്ട്. കോഴിക്കോടും സൗകര്യം ഏര്‍പ്പെടുത്താന്‍ കഴിയും. ചൊവ്വാഴ്ച ചീഫ് സെക്രട്ടറി വിളിച്ച് ചേര്‍ക്കുന്ന യോഗത്തില്‍ ഇക്കാര്യവും ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതുവൈപ്പിനിലെ ഇംപോര്‍ട്ട് ടെര്‍മിനലിന്റെ നിര്‍മാണം ഒരു മാസത്തിനകം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.ഏതെങ്കിലും ലോബിയുടെ താല്‍പര്യത്തിന് വഴങ്ങിയുള്ള ഓയില്‍ കമ്പനികളുടെ പ്രവര്‍ത്തനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പാചക വാതക വിതരണം ശാസ്ത്രീയമാക്കണം മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക