Image

വാഹന മോഷണം വര്‍ധിക്കുന്നു

Published on 03 September, 2012
വാഹന മോഷണം വര്‍ധിക്കുന്നു
മസ്‌കത്ത്: രാജ്യത്ത് വാഹന മോഷണം വര്‍ധിക്കുന്നതായി റോയല്‍ ഒമാന്‍ പൊലീസ്. ഇതില്‍ പലതും വാഹന ഉടമകളുടെ അശ്രദ്ധകാരണമാണത്രെ. ചില വിരുതന്മാര്‍ വാഹനം ഓടിക്കാന്‍ വേണ്ടി മാത്രം മോഷണം നടത്തുന്നുണ്ടത്രെ. കഴിഞ്ഞ നാലുദിവസങ്ങളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂന്ന് മോഷണ കേസുകള്‍ തെളിയിച്ചതായും അഞ്ച് സ്വദേശികളെ പിടികൂടിയതായും പൊലീസ് അറിയിച്ചു.

സഹം ആശുപത്രിക്ക് സമീപം വാഹനം നിര്‍ത്തിയിട്ട് ഉടമ ഫാര്‍മസിയില്‍ നിന്ന് മരുന്ന് വാങ്ങുന്നതിനിടെ വാഹനവുമായി മുങ്ങിയ രണ്ട് പേരെ പൊലീസ് പിടികൂടി. എഞ്ചിന്‍ ഒഫ് ചെയ്യാതെ ഉടമ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി മിനുറ്റുകള്‍ക്കകം വാഹനം അപ്രത്യക്ഷമാവുകയായിരുന്നുവെന്ന് റോയല്‍ ഒമാന്‍ െപാലീസ് അറിയിച്ചു. വാഹനം മേഷണം പോയതായി ഉടമ ഉടന്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. മോഷണം നടത്തിയ വാഹനവുമായി 30 കിലോമീറ്റര്‍ പിന്നിട്ടപ്പോള്‍ വാഹനം അപകടത്തില്‍ പെടുകയും മോഷ്ടാക്കള്‍ പിടിയിലാവുകയുമായിരുന്നു. നേരത്തെ സൊഹാര്‍ റൗണ്ട് എബൗട്ടില്‍ വാഹനം കൂട്ടിയിടിച്ച കേസിലും പ്രതികള്‍ അറസ്റ്റിലായിരുന്നു.
അമറാത്തിലും സമാന രീതിയിലുള്ള മോഷണം നടന്നതായി പൊലീസ് അറിയിച്ചു. വാഹനം നിര്‍ത്തി സമീപത്തെ ബാങ്കില്‍ നിന്ന് പണം എടുക്കാന്‍ പോയതായിരുന്നു വാഹനമുടമ. തിരിച്ചു വന്നപ്പോഴേക്കും വാഹനം അപ്രക്ഷ്യമായതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ച് മണിക്കുറുകള്‍ക്കുള്ളില്‍ അതേ മേഖലയില്‍ നിന്ന് മോഷ്ടാക്കളെന്ന് കരുതുന്ന രണ്ട് പേരെ പിടികൂടി. റൂവിയില്‍ കാറിന്റെ എഞ്ചിന്‍ ഓഫാക്കാതെ ഉടമ പുറത്തിറങ്ങിയ തക്കത്തിന് വാഹനം മോഷണം പോയി. സമീപത്തെ സ്‌കൂളില്‍ നിന്ന് കുട്ടിയെ വിളിച്ച് തിരിച്ചെത്തിയപ്പോഴെക്കും വാഹനം അപ്രത്യക്ഷമായിരുന്നു.

35 വര്‍ഷമായി ഒമാനിലുള്ള ഒരു ഇന്ത്യക്കാരന്റെ വാഹനവും അടുത്തിടെ മോഷ്ടിക്കപ്പെട്ടു. മേല്‍ പറഞ്ഞ രീതിയിലുള്ള മോഷണമാണ് നടന്നത്. തന്റെ ഇത്രയതും കാലത്തെ പ്രവാസ ജീവിതത്തിനിടയിലെ ആദ്യ അനുഭവമാണിതെന്ന് വാഹന ഉടമ പറയുന്നു. കണ്‍മുമ്പില്‍ നിന്ന് സ്വന്തം വാഹനം കൊണ്ട് പോവുന്നത് നോക്കി നില്‍ക്കേണ്ടി വന്നതായി മറ്റൊരു പ്രവാസി അറിയിച്ചു. വെറും 40 സെക്കന്റ് സമയം കൊണ്ട് മോഷ്ടാക്കള്‍ വാഹനവുമായി കടന്ന കളയുകയായിരുന്നു. ഏതാനും യുവാക്കള്‍ വെറും തമാശക്ക് വേണ്ടി മാത്രം മോഷണം നടത്തുന്നത് നോക്കെനില്‍ക്കേണ്ടി വന്നതായി അദ്ദേഹം അറിയിച്ചു. 

ദാര്‍സൈത്തിലെ തിരക്കേറിയ പ്രദേശത്താണ് മോഷണം നടന്നത്. വസ്ത്രങ്ങള്‍ ലോണ്‍ട്രിയില്‍ അലക്കാന്‍ നല്‍കാന്‍ പുറത്തിറങ്ങിയപ്പോഴാണ് കാര്‍ അപ്രത്യക്ഷമായത്. എന്നാല്‍ നാല് ദിവസത്തിന് ശേഷം വാഹനം തിരിച്ച് ലഭിച്ചു. വാഹനം തട്ടികൊണ്ട് പോയതിന് നാല് കിലോ മീറ്ററിനുള്ളിലെ ഒറ്റപ്പെട്ട പ്രദേശത്ത് നിന്നാണ് വാഹനം ലഭിച്ചത്. വാഹനത്തില്‍ വിലപ്പെട്ടതൊന്നും ഉണ്ടായിരുന്നില്ലെങ്കിലും നിരവധി പ്രധാന രേഖകള്‍ നഷ്ടപ്പെട്ടു. അഞ്ച് സെക്കന്റ് സമയം പോലും വാഹനം എഞ്ചിന്‍ ഓഫാക്കാതെ അശ്രദ്ധമായി ഇടരുതെന്നും അധികൃതര്‍ അറിയിച്ചു. വാഹനം മോഷണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാഹന ഉടമകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ ഓഫാക്കാതെയും ശരിയായ രീതിയില്‍ വാതിലുകള്‍ അടക്കാതെയും ചെറിയ സമയം കൂടി പുറത്തിറങ്ങരുതെന്നും പൊലീസ് ഉപദേശിച്ചു. വാഹനത്തില്‍ വില പിടിപ്പുള്ള വസ്തുക്കളും പണവും സൂക്ഷിക്കരുത് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക