Image

സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണം സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം

ജോയിച്ചന്‍ പുതുക്കുളം Published on 11 August, 2011
സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതത്വം ഉറപ്പാക്കണം സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം
കൊച്ചി: സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അനുദിനം വര്‍ദ്ധിച്ചുവരുന്ന അതിക്രമങ്ങള്‍ ഉല്‍കണ്‌ഠാജനകമാണെന്നും ഭരണസംവിധാനങ്ങളും പൊതുസമൂഹവും ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം കേന്ദ്രസമിതി അഭ്യര്‍ത്ഥിച്ചു.

മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകളാണ്‌ സാക്ഷരകേരളത്തില്‍ സ്‌ത്രീകളുടെ യും കുട്ടികളുടെയും നേരെ നടക്കുന്നത്‌. ജീവനുനേരെ ഉയരുന്ന ഈ വെല്ലുവിളിയും സാംസ്‌കാരിക അധ:പതനവും വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. നിയമ നീതിന്യായ വ്യവസ്ഥകളുടെ കര്‍ക്കശമായ നടപ്പാക്കലും പൊതുസമൂഹത്തിന്‌ വ്യക്തമായ ബോധവല്‍ക്കരണങ്ങളും ഇക്കാര്യത്തില്‍ അത്യന്താപേക്ഷിതമാണെന്നും കേന്ദ്രസമിതി അഭ്യര്‍ത്ഥിച്ചു.

കേരളം വികസനത്തന്റെ പാതയിലെന്ന്‌ കൊട്ടിഘോഷിക്കുമ്പോഴും ആ വാദങ്ങള്‍ക്ക്‌ തിരിച്ചടിനല്‍കുന്നതാണ്‌ സ്‌ത്രീകളുടെ മാനത്തിനും ജീവനും സംഭവിക്കുന്ന നഷ്‌ടം. 1997 ല്‍ വിശാഖ കേസില്‍ സുപ്രീംകോടതി ചൂണ്ടിക്കാണിച്ച അഭിപ്രായങ്ങളുടെ പശ്ചാത്തലത്തില്‍ തൊഴിലിടങ്ങളിലെ സ്‌ത്രീ സുരക്ഷ സംബന്ധിച്ച്‌ പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായത്‌ 2010-ല്‍ മാത്രമാണ്‌. ഈ ബില്ലിലും നിരവധി പോരായ്‌മകളും വൈകല്യങ്ങളുമുണ്ട്‌. ജീവനും മാനത്തിനും പീഡനങ്ങള്‍ നേരിടുന്ന സ്‌ത്രീകള്‍ നീതിന്യായസംവിധാനങ്ങളില്‍ പരാതിപ്പെടുമ്പോള്‍ കുറ്റവാളികളെപ്പോലെ നിരീക്ഷിക്കപ്പെടുന്നത്‌ ദു:ഖകരമാണ്‌. കുഞ്ഞുമനസ്സുകളില്‍ ലൈംഗികതയെക്കുറിച്ച്‌ വികലസങ്കല്‍പങ്ങള്‍ കുത്തിവെയ്‌ക്കുന്ന ഇറോട്ടിക്‌ വീഡിയോകളും, കാര്‍ട്ടൂണുകളും ലൈംഗികചൂഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളിലേയ്‌ക്ക്‌ കുട്ടികളെ പ്രേരിപ്പിക്കുന്നു. ഇവയ്‌ക്കെതിരെ ഇന്ത്യന്‍ ഐടി 67 ബി ശിക്ഷാനിയമമുണ്ടെങ്കിലും, നടപ്പിലാക്കുന്നതില്‍ നിയമസംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന്‌ വിമന്‍സ്‌ ഫോറം ചൂണ്ടിക്കാട്ടി.

കൊച്ചി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഡയറക്‌ടര്‍ ഫാ.ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളിയുടെ അധ്യക്ഷതയില്‍ കൂടിയ കേന്ദ്രസമിതിയില്‍ സീറോ മലബാര്‍ സഭ അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍, കെസിബിസി അല്‌മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.ജോസ്‌ വിതയത്തില്‍, സീറോ മലബാര്‍ സഭ വിമന്‍സ്‌ ഫോറം കണ്‍വീനര്‍ ആനി മത്തായി മുതിരേന്തി എറണാകുളം, കേന്ദ്ര സമിതി അംഗങ്ങളായ മുന്‍ വനിതാ കമ്മീഷന്‍ മെമ്പര്‍ പ്രൊഫ.മോനമ്മ കോക്കാട്ട്‌, ഡെല്‍സി ലൂക്കാച്ചന്‍ കോതമംഗലം, ജിജി ജേക്കബ്‌ കാഞ്ഞിരപ്പള്ളി, ലിസി വര്‍ഗ്ഗീസ്‌ തൃശൂര്‍, സെലിന്‍ ജെയിംസ്‌ താമരശ്ശേരി എന്നിവര്‍ സംസാരിച്ചു.


ഫാ.ജേക്കബ്‌ പാലയ്‌ക്കപ്പിള്ളി
ഡയറക്‌ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക