Image

ജനങ്ങള്‍ എതിര്‍ത്ത പദ്ധതികള്‍ തിരുകിക്കയറ്റുന്നു: സുധീരന്‍

Published on 02 September, 2012
ജനങ്ങള്‍ എതിര്‍ത്ത പദ്ധതികള്‍ തിരുകിക്കയറ്റുന്നു: സുധീരന്‍
തിരുവനന്തപുരം: കരിമണല്‍ ഖനനം പോലെ ജനങ്ങള്‍ എതിര്‍ത്തു പരാജയപ്പെടുത്തിയ പദ്ധതികള്‍ എമേര്‍ജിംഗ് കേരളയിലൂടെ പുതിയ പേരില്‍ അവതരിപ്പിക്കുന്നതു വികസനവിരുദ്ധമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. കേരള പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

വികസനത്തെ എതിര്‍ക്കുന്നത് അതതു കാലത്തെ സര്‍ക്കാരിന്റെ നിലപാടുകളാണ്. വികസനപദ്ധതികള്‍ വിവാദത്തിലാകുന്നതിന്റെ ഉത്തരവാദിത്വം ഇവ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ്. ഒരു സര്‍ക്കാരിന്റെ തെറ്റു തിരുത്താതെ അതാവര്‍ത്തിക്കാനുള്ള ശ്രമമാണ് അടുത്ത സര്‍ക്കാര്‍ നടത്തുന്നത്. എമേര്‍ജിംഗ് കേരളയില്‍ സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള ഇന്‍കെലിന്റെ കീഴിലേക്കു വരുന്ന പ്രദേശം ദുരുപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. പദ്ധതികള്‍ പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംയുക്ത സമിതിക്കു രൂപം കൊടു ക്കണ മെന്നു സുധീരന്‍ പറഞ്ഞു.

പരിസ്ഥിതിപ്രശ്‌നം രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായി കണക്കാക്കരുത്. സമൂഹത്തിന്റെ ആവശ്യമാണത്. ആരു ചെയ്യുന്നു എന്നതിലല്ല, എന്തു ചെയ്യുന്നു എന്നതിലാവണം രാഷ്ട്രീയക്കാര്‍ ശ്രദ്ധിക്കേണ്ടത്. തലതിരിഞ്ഞ വികസന നയമാണു നമ്മള്‍ പിന്തുടരുന്നത്. വികസന പദ്ധതികള്‍ രൂപവത്കരിക്കുമ്പോള്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റി പഠനം നടത്തിയതിനുശേഷമേ അതിന് അനുമതി കൊടുക്കാവൂ. എന്നാല്‍, ഇവിടെ സംഭവിക്കുന്നതു തിരിച്ചാണ്. 

ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളെപ്പറ്റിയുള്ള പഠനമാണ് ആദ്യം വേണ്ടത്. വികസന പദ്ധതികളുടെ തുടര്‍നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ആരുമായും ചര്‍ച്ചചെയ്യാന്‍ തയാറാണെന്ന സര്‍ക്കാരിന്റെ നിലപാടുസ്വാഗതാര്‍ഹമാണ്. എന്നാല്‍, ചര്‍ച്ചകള്‍ നടത്തുകയും തങ്ങള്‍ക്കിഷ്ടമുള്ളതു ചെയ്യുകയും ചെയ്യുന്ന രീതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കവയിത്രി സുഗതകുമാരി ചടങ്ങില്‍ പ്രസംഗിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക