Image

നെഹ്‌റു കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്

Published on 02 September, 2012
നെഹ്‌റു കപ്പ് ഫുട്‌ബോള്‍ കിരീടം ഇന്ത്യയ്ക്ക്
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ് ഫുട്‌ബോള്‍ കിരീടം തുടര്‍ച്ചയായ മൂന്നാം തവണയും ഇന്ത്യയ്ക്ക്. ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തരായ കാമറൂണിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (5-4) തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 2-2ന് സമനിലയില്‍ ആയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ചാമ്പ്യന്‍മാരെ തീരുമാനിച്ചത്. ഷൂട്ടൗട്ടില്‍ ഇന്ത്യയുടെ അഞ്ച് ശ്രമങ്ങളും ഗോളായപ്പോള്‍ കാമറൂണിന്റെ അവസാന കിക്ക് ഗോള്‍ പോസ്റ്റില്‍ തട്ടി മടങ്ങി.

മത്സരത്തില്‍ ഇന്ത്യയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 19-ാം മിനിറ്റില്‍ ക്ലിഫോര്‍ഡ് മിറാന്‍ഡയുടെ ഫ്രീകിക്കില്‍ നിന്നും ഗോര്‍മാംഗി സിംഗിന്റെ മനോഹര ഹെഡര്‍ ഗോളിയെ മറികടന്ന് വലയില്‍. ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ച കാമറൂണ്‍ 29-ാം മിനിറ്റില്‍ സമനില പിടിച്ചു. മാകോണ്‍ തിയറിയുടെ ലോംഗ് റേഞ്ച് ഷോട്ട് ഇന്ത്യന്‍ ഗോള്‍ കീപ്പറെ കമ്പിളിപ്പിച്ച് പോസ്റ്റിന്റെ വലത് മൂലയില്‍ പതിച്ചു. പകുതി സമയത്ത് ഇരുടീമും ഓരോ ഗോള്‍ നേടി സമനില പാലിച്ചു.

രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തോടെ ആക്രമിച്ച കാമറൂണ്‍ 54-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി. കിഗു മപോണ്ഡോയാണ് സ്‌കോറര്‍. എന്നാല്‍ 79-ാം മിനിറ്റില്‍ കാമറൂണ്‍ ഗോളി ഹോസയ ഫൗള്‍ ചെയ്തിലൂടെ ലഭിച്ച പെനാല്‍റ്റി ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രി ലക്ഷ്യത്തിലെത്തിച്ചു. സ്‌കോര്‍ 2-2. തുടര്‍ന്ന് ഇരുടീമും ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ വീണില്ല.

ടൂര്‍ണമെന്റിലെ അവസാന ലീഗ് മത്സരത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ കാമറൂണ്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു. ഫിഫ റാങ്കിംഗില്‍ ഇന്ത്യയേക്കാള്‍ 108 റാങ്ക് മുന്നിലുള്ള രാജ്യമാണ് കാമറൂണ്‍. മൂന്ന് തവണ ലോകകപ്പ് കളിച്ചിട്ടുള്ള കാമറൂണിനെതിരേ ഇന്ത്യ മികച്ച കളിയാണ് ഫൈനലില്‍ പുറത്തെടുത്തത്. 1982-ല്‍ തുടങ്ങിയ നെഹ്‌റു കപ്പില്‍ ആദ്യമായാണ് കാമറൂണ്‍ കളിക്കുന്നത്. 2007, 2009 വര്‍ഷങ്ങളില്‍ സിറിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ നെഹ്‌റു കപ്പില്‍ മുത്തമിട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക