Image

കത്തോലിക്കാ സഭ 200 വര്‍ഷം പിറകിലെന്ന് കര്‍ദിനാള്‍ മാര്‍ട്ടിനി

Published on 02 September, 2012
കത്തോലിക്കാ സഭ 200 വര്‍ഷം പിറകിലെന്ന് കര്‍ദിനാള്‍ മാര്‍ട്ടിനി
റോം: കത്തോലിക്കാ സഭ കാലത്തിനും 200 വര്‍ഷം പിറകിലാണ് സഞ്ചരിക്കുന്നതെന്ന് ഇറ്റലിയിലെ പ്രമുഖ പുരോഹിതന്‍ കര്‍ദിനാള്‍ കാര്‍ലോ മരിയ മാര്‍ട്ടിനി അഭിപ്രായപ്പെട്ടു. കര്‍ദിനാള്‍ കാലം ചെയ്തതിനു തൊട്ടുപിറകെ പ്രസിദ്ധീകരിച്ച അഭിമുഖത്തിലൂടെയാണ് അദ്ദേഹത്തിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തുവന്നത്.

നേരത്തേ ഭാവി മാര്‍പാപ്പയായി വിശേഷിപ്പിക്കപ്പെട്ടിരുന്ന മാര്‍ട്ടിനി (85) വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ഇറ്റാലിയന്‍ ദിനപ്പത്രമായ കൊറിയെറെ ഡെല്ലാ സെറ കഴിഞ്ഞ മാസം നടത്തിയ അഭിമുഖം ശനിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

കത്തോലിക്കര്‍ക്ക് പള്ളിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവരികയാണ്. നമ്മുടെ സംസ്‌കാരത്തിന് പ്രായമായി. സഭ വലുതായെങ്കിലും അതിന്റെ ഉള്ളു പൊള്ളയാണ്. നമ്മുടെ ആചാരനുഷ്ഠാനങ്ങളെല്ലാം കേവലം പുറംപൂച്ചുമാത്രമായിരിക്കുകയാണ്. കാലത്തിനനുസരിച്ചു മാറാന്‍ സഭാ നേതൃത്വം തയ്യാറാവണം അഭിമുഖത്തില്‍ മാര്‍ട്ടിനി തുറന്നടിച്ചു.

വിവാഹ മോചനം നേടിയവരോടുള്ള നിലപാട് ഉദാരമാക്കണമെന്നാവശ്യപ്പെട്ട മാര്‍ട്ടിനി പരിവര്‍ത്തനത്തിന്റെ നീണ്ട പാത സഭയെ കാത്തിരിക്കുന്നുണ്ടെന്നാണ് കുട്ടികള്‍ക്കു നേരേയുള്ള ലൈംഗികാതിക്രമണങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഇറ്റലിയിലെ മിലാന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായിരുന്നു. പുരോഗമനവാദിയും ജസ്യൂട്ട് സഭാംഗവുമായ അദ്ദേഹം ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി വത്തിക്കാനിലെത്തുമെന്ന് കരുതിയവര്‍ ഏറെയുണ്ടായിരുന്നു. ജനന നിയന്ത്രണം, സ്ത്രീകളുടെ പൗരോഹിത്യം തുടങ്ങിയ വിഷയങ്ങളില്‍ സഭ കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ക്കു തയ്യാറാവണമെന്ന് അദ്ദേഹം നേരത്തേ തന്നെ ആവശ്യപ്പെട്ടിരുന്നു. മരണം അടുത്തെത്തിയെന്നറിഞ്ഞ് കഴിഞ്ഞ മാസം അനുവദിച്ച അവസാന അഭിമുഖത്തിലാണദ്ദേഹം കൂടുതല്‍ വിമര്‍ശനങ്ങള്‍ നടത്തിയത്. ഒരു പുരോഹിതനും ഒരു പത്രപ്രവര്‍ത്തകനും ചേര്‍ന്നാണ് അഭിമുഖം നടത്തിയത്.

കത്തോലിക്കാ സഭ 200 വര്‍ഷം പിറകിലെന്ന് കര്‍ദിനാള്‍ മാര്‍ട്ടിനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക