Image

ഓണവും പ്രവാസി മലയാളികളും - ഷോളി കുമ്പിളുവേലി

ഷോളി കുമ്പിളുവേലി Published on 31 August, 2012
ഓണവും പ്രവാസി മലയാളികളും - ഷോളി കുമ്പിളുവേലി
കടന്നു പോകുന്ന ഓരോ ഓണവും പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഒരു പിടി പഴയകാല സ്മരണകള്‍ അയവിറക്കുന്നതിനുള്ള അവസരം കൂടിയാണ്. അമേരിക്കന്‍ മലയാളികള്‍ക്ക് ഓണം എന്നത് ഒരു ദിവസത്തെയോ, ഒരു ആഴ്ചയുടേയോ ആഘോഷമല്ല, മറിച്ച് മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ അമേരിക്കയിലെങ്ങും ഇനി വരുന്ന ഒന്നോ രണ്ടോ മാസങ്ങള്‍ ഓണാഘോഷങ്ങള്‍ തന്നെയാണ്.

എന്നാല്‍ നമ്മുടെ മക്കളെ സംബന്ധിച്ചിടത്തോളം, അവരോട് വാക്കുകളാല്‍ പറഞ്ഞു മനസിലാക്കാന്‍ സാധിക്കാത്തയത്ര പ്രൗഢമായ മലയാളത്തിന്റെ സംസ്‌കാരത്തെ, നമ്മളേക്കാള്‍ സമൃദ്ധമായ നമ്മുടെ പൈതൃകത്തെ പരിചയപ്പെടുത്തുവാനുള്ള അവസരമാണ് ഓണാഘോഷങ്ങള്‍ .

മലയാളികളായ നമ്മള്‍ ഏറ്റവും സമൃദ്ധമായ സംസ്‌കാരത്തിന്റെ പിന്‍തുടര്‍ച്ചാ അവകാശികളാണ്. ലോകത്തുതന്നെ സംസ്‌കാരികമായി ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് നമ്മുടെ ഭാരതം. പക്ഷേ നമ്മുടെ കുട്ടികള്‍ പലപ്പോഴും ഇതൊന്നും അറിയാതെയാണ് ഈ രാജ്യത്ത് വളരുന്നത്. അതുകൊണ്ടുതന്നെ ഈ രാജ്യത്തെ പല വൈകൃതങ്ങളിലും അവര്‍ പെട്ടെന്ന് ആകൃഷ്ടരാകുന്നു. 6000 വര്‍ഷത്തെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉടമകളാണ് തങ്ങളെന്ന് പലപ്പോഴും അറിയാതെ പോകുന്നു. അത് അവരുടേതു മാത്രമായ കുറ്റം കൊണ്ടും അല്ല.

"ലോകാ സമസ്താ സുഖിനോ ഭവന്തു"- ഈ ലോകം മുഴുവന്‍ സുഖവും, സമൃദ്ധിയും, സമാധാനവും ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുവാന്‍ നമ്മുക്കല്ലാതെ മറ്റാര്‍ക്കും സാധിക്കും?

അറിവിന്റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കിയ ഗുരുവിന്റെ കാലുതൊട്ടു വന്ദിക്കുന്ന മഹത്തായ സംസ്‌കാരം പിന്‍ തുടരുന്നവരാണ് നമ്മള്‍ , ഭാരതീയര്‍ !

അമ്മയുടെ പ്രായമുള്ള ഏതു സ്ത്രീയേയും 'അമ്മേ', എന്നു തന്നെ വിളിക്കുന്ന ലോകത്തുതന്നെ അനന്യ സാധാരണമായ സംസ്‌കാരം ഒരു പ്രാര്‍ത്ഥനയെന്നപോലെ നെഞ്ചിലേറ്റി നടക്കുന്ന ജനതയാണ് നമ്മള്‍ !
പരസ്പരം കാണുമ്പോള്‍ കൈകള്‍ കൂപ്പി 'നമസ്‌തേ' എന്നു പറയുന്ന സ്‌നേഹ മസൃളിതമായ പാരമ്പര്യത്തില്‍ വളര്‍ന്ന സമൂഹമാണ് നമ്മള്‍ !

ഈ ഉദാത്തമായ സംസ്‌കാരവും, പൈതൃകവും, പാരമ്പര്യവും നമ്മുടെ മക്കള്‍ക്കും പകര്‍ന്നു നല്‍കുവാന്‍ സാധിക്കണം. ഒരു ജനതയുടെ സംസ്‌കാരം എന്നത് ഭാഷ, വസ്ത്രം, ഭക്ഷണം, തനതായ കലാരൂപങ്ങള്‍ എന്നിവയൊക്കുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ ഓണം നമ്മുടെ സംസ്‌കാരത്തിന്റെ നേര്‍കാഴ്ചയാണ്. അതുകൊണ്ടു തന്നെ ഓണാഘോഷങ്ങളുടെ നിറം ഒട്ടും മങ്ങാതെ തന്നെ നിലനിര്‍ത്താന്‍ നമ്മുക്ക് കഴിയണം. അങ്ങനെ നമ്മുടെ മക്കള്‍ക്കും അഭിമാനത്തോടെ പറയുവാന്‍ സാധിക്കണം, അവരും, ലോകത്ത് പകരം വയ്ക്കുവാനില്ലാത്ത ഉല്‍കൃഷ്ടമായ ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന്!

ഷോളി കുമ്പിളുവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക