Image

ഓര്‍മയിലെ ഓണങ്ങള്‍ - മീനു എലിസബത്ത്

മീനു എലിസബത്ത് Published on 01 September, 2012
ഓര്‍മയിലെ ഓണങ്ങള്‍ - മീനു എലിസബത്ത്
കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളായി...നാട്ടിലെ മലയാളം ചാനലുകളില്‍ ഓണത്തിന്റെ തകൃതികളും ഒരുക്കങ്ങളും കാണാന്‍ തുടങ്ങിയിട്ട്...അവിടത്തെ കടക്കാരുടെ പരസ്യങ്ങളും പ്രകടനങ്ങളും കണ്ടാല്‍ നാട്ടില്‍ ആബാലവൃദ്ധം ജനങ്ങളും ഓണം ആഘോഷിക്കുവാന്‍ റെഡിയായിരിക്കുകയാണന്ന് തോന്നും.

നമ്മള്‍ പ്രവാസികള്‍ എന്ന് അവര്‍ വിളിക്കുന്ന കുടിയേറ്റ ജനത, കടലിനക്കരെ ഇവിടെയിരുന്ന് ഇതെല്ലം കണ്ട് നെടുവീര്‍പ്പിടും. എവിടെയോ എന്തോ നഷ്ടപ്പെട്ട പ്രതീതി...

സത്യത്തില്‍ ചാനലുകാര്‍ വരച്ചു വെയ്ക്കുന്ന നിറം കലര്‍ന്ന വരകളെക്കാള്‍ എത്രയോ അകലെയാണ് നാട്ടിലെ ഒരു സാധാരണ പൗരന്റെ യാഥാര്‍ഥ്യം. രണ്ടു മൂന്നു പ്രാവശ്യം ഓണത്തിന്റെ സമയത്ത് നാട്ടില്‍ നില്ക്കാനുള്ള അവസരം ലഭിച്ചതിന്റെ വെളിച്ചത്തിലാണ് ഇങ്ങനെ ഒരു നിഗമനത്തില്‍ ഞാന്‍ എത്തിച്ചേര്‍ന്നത്.

അവിടെ, തിരുവനന്തപുരം പോലെയുള്ള വലിയ പട്ടണങ്ങളിലല്ലാതെ, ഓണത്തിന്റെ അലങ്കാരങ്ങളോ ആര്‍പ്പുവിളികളോ ഘോഷയാത്രകളോ ഒന്നും കാര്യമായി കാണാനില്ല.

കോട്ടയത്തും എറണാകുളത്തും അല്ലങ്കിലും എന്നും ഓണത്തേക്കാള്‍ തിരക്കിലാണ് കാര്യങ്ങള്‍. എങ്ങും സൂചി കുത്താന്‍ ഇടയില്ലാത്ത തിരക്ക്. തലസ്ഥാന നഗരിയായതിനാലാവാം തിരുവനന്തപുരം മാത്രം ഒരു നവവധുവിനെ പോലെ പൊന്നില്‍ കുളിച്ച് ആകമാനം അലങ്കരിക്കപ്പെട്ട് വളരെ മനോഹരിയായി കാണപ്പെടുന്നു.

അമേരിക്കയില്‍ നാം മലയാളികളുള്ള ഒട്ടു മിക്ക സ്ഥലങ്ങളിലും കാര്യമായി തന്നെ ഓണം ആഘോഷി ക്കുന്നു. ന്യൂയോര്‍ക്ക്, ഡാലസ്, ചിക്കാഗോ, വാഷിംഗ്ടണ്‍ തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ ഒരു സാധാരണ മലയാളിക്ക് കുറഞ്ഞത്, മൂന്നോ നാലോ ഓണാഘോഷങ്ങള്‍ക്കുള്ള ക്ഷണം ലഭിക്കും. താന്‍ മെമ്പര്‍ ആയിട്ടുള്ള ഏതെങ്കിലും അസോസിയേഷന്റെയോ, ജാതി തിരിഞ്ഞുള്ള ആഘോഷത്തിന്റെയോ, അത് അമ്പലമോ, പള്ളിയോ, കരയോഗമോ, എസ്.എന്‍.ഡി.പിയോ ആവാം.

പല പള്ളികളിലും കുര്‍ബാന കഴിഞ്ഞ് കൈകൊട്ടിക്കളിയും, സദ്യയുമുണ്ടാവും. ഇനി പള്ളിക്കാരായിട്ടു മാറി നിന്നെന്നും വേണ്ട. പിന്നെ,ഓണമാണ് ചംക്രാന്തിയാണ് എന്ന് പറഞ്ഞ് വിശ്വാസികളുടെ കാണിക്ക കുറയുകയും വേണ്ട. നമ്മള്‍ തന്നെ ഓണം വെച്ച് കൊടുത്തേക്കാം എന്ന് അവരും ചിന്തിച്ചു തുടങ്ങിയിരിക്കുന്നു.

പിന്നെ, ബന്ധുക്കാരുടെയോ കൂട്ടുകാരുടെയോ വീടുകളിലെ ഓണം. അത് കൂടാതെ, ജോലി ചെയ്യുന്നിടത്ത് മലയാളികള്‍ ഉണ്ടെങ്കില്‍ അവരെല്ലാം കൂടെയുള്ള ഓണം. പിന്നെ അയല്‍ക്കൂട്ടങ്ങള്‍ ഒരുമിച്ചു കൂടി ഓണം. ചിലതെല്ലാം ഒരേ ദിവസങ്ങള്‍ തന്നെയായിരിക്കും.

അതായത്, ഇനി വരുന്ന ഒരു മൂന്നോ നാലോ ശനി/ഞായറുകളില്‍ ഭാര്യയും ഭര്‍ത്താവും, കുട്ടികളും കരുതിവെച്ചിരിക്കുന്ന ഓണവസ്ത്രങ്ങള്‍ അണിയാനും കലാപരിപാടികള്‍ കാണുവാനും മാറ്റിവെയ്ക്കും. പുരുഷന്മാര്‍ക്ക് നാലോ അഞ്ചോ ഓണം കൂടിയാലും ഒരൊറ്റ ഷര്‍ട്ടും മുണ്ടും മതി.

പക്ഷെ, ഞങ്ങള്‍ സ്ത്രീകള്‍ക്ക് അങ്ങനെ പറ്റുമോ?, ഒരേ തുണി തന്നെ ഇട്ടോണ്ട് പോയാല്‍ ഞങ്ങള്‍ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമുണ്ടോ? ഒരു വര്‍ഷം ഇട്ട ഓണക്കോടി ഞങ്ങള്‍ക്ക് പിന്നീട് പുറത്തു കാണിക്കുവാന്‍ കഴിയുമോ?

ഞങ്ങള്‍ പെണ്ണുങ്ങളുടെ ഓണ സാരികളുടെ
SECTION കണ്ടാല്‍ നാട്ടില്‍ കാരള്‍ക്കടയിലോ, ഖാദി, ഗ്രാമ ബോര്‍ഡിന്റെ ഷോറൂമിലോ ആണെന്ന് നിങ്ങള്‍ക്ക് തോന്നും. അതിനൊന്നും ഞങ്ങളെ ആരും മാറ്റി നിര്‍ത്തണ്ട. നാട്ടിലെ ഫാഷനുകള്‍ അവിടെ ഇറങ്ങുന്നതിനു മുന്‍പേ, ഞങ്ങള്‍ ഇവിടെ ഇറക്കിയിരിക്കും.

ഇന്ത്യന്‍ കടകളില്‍ നിന്ന് അഞ്ചു ഡോളര്‍ കൊടുത്ത് ഞങ്ങള്‍ 'വനിത'യും 'ഗൃഹലക്ഷ്മി'യും 'കന്യക'യും വാങ്ങുന്നത് വായിക്കാനാന്നാ നിങ്ങളുടെ വിചാരം? നല്ല കളിയായി! ഞങ്ങള്‍ നാട്ടില്‍ വെച്ച് വായിച്ചിട്ടില്ല പിന്നെയാ ഇവിടെ വന്ന്!

ഇനി നാട്ടില്‍ വെച്ച് വായിച്ചു എന്ന് തന്നെ ഇരിക്കട്ടെ, ഇവിടെ വന്നു...രണ്ടു ഷിഫ്റ്റ് ജോലിയും, വീട്ടില്‍ വന്ന് നടുവൊടിക്കുന്ന വീട്ടുജോലികളും ചെയ്ത്, അതും കൂടാതെ, പള്ളിയും അമ്പലവും സംഘടനകളും എന്ന് പറഞ്ഞ് നിങ്ങളുടെ പുറകെ നില്ക്കുന്ന ഞങ്ങള്‍ക്ക് വായിക്കാന്‍ എവിടെയാ നേരം?

ആ നേരം ഉണ്ടെങ്കില്‍ കുങ്കുമപ്പൂവിന്റെ രണ്ടു എപ്പിസോഡും കൂടെ ഞങ്ങള്‍ കണ്ടേനെ? അതും അല്ലങ്കില്‍ ദേവിമാഹാത്മ്യം. ഞങ്ങള്‍ വനിത വാങ്ങുന്നത് അതിന്റെ പരസ്യപേജുകളിലെ സ്വര്‍ണത്തിന്റെയും സാരിയുടെയും പുതിയ ഫാഷന്‍ കാണാന്‍ മാത്രമാണ്.

ബ്ലൗസിന് ഇപ്പോള്‍ നാട്ടില്‍ കൈയിറക്കം എത്ര? അതോ കൈയില്ലേ? ഇതൊക്കെ പിന്നെ ഞങ്ങള്‍ എങ്ങനെ അറിയും? എന്തായാലും കുറെ നാളായി കയറിപ്പോയ കൈയുടെ സ്റ്റൈല്‍ ഇപ്പോള്‍ താഴോട്ട് ഇറങ്ങിയിട്ടുണ്ട്. അതിനൊപ്പം ബ്ലൗസ് കുറച്ചു കൂടെ കയറിപ്പോവുകയും ചെയ്തു.

ഞങ്ങളില്‍ ചില ചേച്ചിമാരും, ആന്റിമാരും. (ഒണ്‍ലി ചേച്ചി ആന്റി. അമേരിക്കയില്‍ ആരും ഞങ്ങളെ അമ്മച്ചിയെന്നോ കിമ്മച്ചിയെന്നോ വിളിച്ചു പോയാല്‍ വിവരം അറിയും) കൈയിറക്കം ഇല്ലാത്ത ബ്ലൗസ് ഇട്ട് കഴിഞ്ഞാല്‍ കൊച്ചിന്‍ഹനീഫയുടെ സ്വന്തം പെങ്ങന്മാരാണോ എന്ന് തോന്നിപ്പോകും.

പക്ഷെ, ഞങ്ങള്‍ക്കതൊന്നും പ്രശ്‌നമേ അല്ല. പുതിയ ഫാഷന്‍ ചേരുമോ ഇല്ലയോ എന്നൊന്നും ഞങ്ങള്‍ക്ക് നോക്കേണ്ട കാര്യമില്ല. ആലുക്കാസിന്റെ പുതിയ പരസ്യത്തില്‍ ഭാവനക്കണിയാമെങ്കില്‍ പിന്നെ, വെറും നാലടി രണ്ടിഞ്ചും, ഇരുന്നുറു പൗണ്ടും ഉള്ള എനിക്കിട്ടാല്‍ എന്താ കൊള്ളില്ലേ? അങ്ങനെയാണ് ഞങ്ങള്‍ ചിന്തിക്കുക. ഹല്ലാ പിന്നെ! ഭാവനയെപ്പോലെ മെലിഞ്ഞുണങ്ങി ഇരിക്കാന്‍ വേറെ ആളെ നോക്കണം. ഇപ്പോളത്തെ ഈ ചുള്ളിക്കമ്പ് പിള്ളേരല്ലെ, ഞങ്ങളുടെ പേര് കൂടി കളയുന്നെ!

അങ്ങനെ, ഓരോ ആഴ്ചയിലും ഓണക്കോടികള്‍ അണിഞ്ഞ് നമ്മള്‍ ഓണത്തിനും പോകും. ഒന്നോ രണ്ടോ എണ്ണത്തിന് കുട്ടികള്‍ കൂടെ വന്നെന്നിരിക്കും. മടുക്കുമ്പോള്‍ സ്ഥിരം പല്ലവി അവര് ചോദിക്കും?

"again? an other "ONAM"! COME ON GUYS?!. YOU ALL ARE CRAZY!! WHY CAN"T WE ALL GET TOGETHER AT ONE PLACE, ONE DAY AND GET IT OVER WITH THIS ONAM CRAP!!!!!! യാപ്!!...ഈ കാര്യങ്ങള്‍ക്കൊക്കെ നമ്മള്‍ ഒരല്പം ക്രെയ്‌സി തന്നെയാണ് എന്ന് പിള്ളേര് അറിഞ്ഞു വരുന്നതല്ലേ ഒള്ളു. ഇനി എന്തെല്ലാം അവര് നമ്മളെ കുറിച്ച് മനസിലാക്കാന്‍ കിടക്കുന്നു!

തീര്‍ച്ചയായും പിള്ളേര് ചോദിക്കുന്നത് പോലെ, നമ്മളില്‍ പലരും ചോദിക്കാന്‍ തുടങ്ങിയിട്ടും നാള് കുറെയായി. പണ്ട് റോഡ്‌നി കിങ്ങ് ചോദിച്ചത് പോലെ,..
"WHY CAN"T WE LL GET TOGETHER?!

അയ്യോ ഇവിടെ അങ്ങനെ വല്ലോം നടന്നിരുന്നേല്‍ പിന്നെ, ഞങ്ങളുടെ ആണുങ്ങള്‍ എന്ത് ചെയ്‌തേനെ? ഈ പതിനായിരം സംഘടനകളും പള്ളികളും ഒള്ളത് കൊണ്ടല്ലേ ഞങ്ങടെ ആണുങ്ങള്‍ മുടിചൂടാമന്നന്മാരായി ഇങ്ങിനെ വിലസുന്നെ? യ്യോ...വേണ്ട വേണ്ട... ഒരു വര്‍ഷം മുഴുവന്‍ ഓണത്തിനോ ക്രിസ്മസിനോ ആഘോഷങ്ങള്‍ക്ക് പോയാലും വേണ്ടില്ല...എല്ലാരും കൂടെ ഒന്നാകുവോന്നും ചെയ്യേണ്ട യാതൊരു കാര്യവുമില്ല...!! വെറുതെ പറഞ്ഞു പേടിപ്പിക്കല്ലേ പിള്ളേരെ...


തൊണ്ണൂറ്റിനാലില്‍ ഞങ്ങള്‍ ഡാലസില്‍ നിന്നും ആര്‍ക്കന്‍സായിലെ ലിറ്റില്‍ റോക്ക് എന്ന പട്ടണത്തിലേക്ക് താമസം മാറ്റുമ്പോള്‍ അവിടെ പത്തോ
പന്ത്രണ്ടോ മലയാളികുടുംബങ്ങളാണുള്ളത്! എല്ലാവരും കൂടെ അന്ന് ആദ്യം ഓണം ആഘോഷിച്ചത് അന്നവിടെ താമസിച്ചിരുന്ന ഫാദര്‍ ജോണ്‍ ഗീവര്‍ഗീസിന്റെ വീട്ടിലായിരുന്നു. എവിടുന്നോ വാഴയിലകള്‍ സംഘടിപ്പിച്ചു. നിലത്തിരുന്നു. ഓര്‍മയില്‍ ഓടിയെത്തുന്ന ഓണം. അന്ന് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഡോക്ടര്‍ ഭുവനും അമ്മു ആന്റിയും ഇന്നില്ല.

നാല് വര്‍ഷം പല വീടുകളിലായിരുന്നു ഓണം. 1999 ലാണ് ആദ്യമായി ഒരു ഹാള്‍ എടുത്ത് ഓണം നടത്തുന്നത്. അന്ന് മലയാളികുടുംബങ്ങള്‍ കൂടി വന്നാല്‍, നാല്പതില്‍ കൂടില്ല. ഇന്നും ലിറ്റില്‍ റോക്കുകാര്‍ വളരെ കാര്യമായി ധാരാളം കലാപരിപാടികളോടെ ഓണം ആഘോഷിക്കുന്നു. അവിടെ മലയാളി ഹോട്ടലുകള്‍ ഇല്ലാത്തതിനാല്‍ എല്ലാവരും വീട്ടില്‍ നിന്നും ഭക്ഷണം ഉണ്ടാക്കിക്കൊണ്ട് വന്നു പങ്കു വെയ്ക്കുന്നു.

അവിടത്തെ ഒത്തൊരുമയും, കൂട്ടായ്മയും ഒന്ന് വേറെ തന്നെ.. അമേരിക്കയിലെ ചെറിയ പട്ടണങ്ങളിലെ മലയാളി കൂട്ടായ്മകള്‍ വലിയ പട്ടണങ്ങളിലേതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്. കുറച്ചു പേരേ ഉള്ളതിനാല്‍ എല്ലാവര്‍ക്കും അന്യോന്യം വളരെ സ്‌നേഹമാണ്.

ഓണം നമ്മള്‍ അമേരിക്കന്‍ മലയാളികള്‍ക്ക് തന്നെയല്ല. നമ്മളെപ്പോലെ കൊച്ചു കേരളം വിട്ടു പോരേണ്ടി വന്നിട്ടുള്ള ലോകത്തിന്റെ ഏതു കോണിലുമുള്ള എല്ലാ മലയാളിയുടെയും സ്വന്തം ആഘോഷമാണ്. നാടിന്റെ ഓര്‍മ, സ്‌നേഹം, ഇവയെല്ലാം ഉള്ളില്‍ സൂക്ഷിക്കുന്ന ഒരു മലയാളിക്ക് ഓണം എന്നും സന്തോഷമുളവാക്കുന്ന ആഘോഷം തന്നെയാണ്.

ചെറിയ ക്ലാസുകളിലാണ് ഞാന്‍ ആദ്യമായി മാവേലിയെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന നമ്മുടെ സാക്ഷാല്‍ മഹാബലിയുടെ കഥ ടീച്ചര്‍ പറഞ്ഞു അറിയുന്നത്. എന്തായിരുന്നു അന്നൊക്കെ മഹാബലിയോടുണ്ടായിരുന്ന ആരാധന...

എത്ര നല്ല രാജാവ്..എല്ലാവരെയും ഒരു പോലെ കാണുന്ന ഒരു നല്ല മനുഷ്യന്‍..! പക്ഷെ...കഥയുടെ അവസാനം..വിഷ്ണു വാമനാവതാരമെടുത്ത് വന്ന് മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ ഒരു വേദന, എന്തോ ഒരു നിരാശ... ഉള്ളിലെവിടെയോ തിന്മ ജയിക്കുന്നല്ലോ എന്ന ഒരു വിഷമം ആദ്യമായി അറിഞ്ഞതും അപ്പോഴാണ്.

അന്നൊക്കെ ചാനലുകള്‍ ഇല്ലാതിരുന്നതിനാല്‍ ഓണം നമ്മുടെ ഓര്‍മകളില്‍ തന്നെ തെളിഞ്ഞു നില്ക്കുന്നു...അന്നും ഇന്നും ഉള്ളവന് എന്നും ഓണം...ഇല്ലാത്തവന്..ആണ്ടിലൊരിക്കല്‍ ഓണം. അമേരിക്കയിലെ താങ്ക്‌സ് ഗിവിംഗ് പോലെയുള്ള ഒരു ഫെസ്റ്റിവല്‍ ആണല്ലോ നമ്മുടെ ഓണവും. ഇത്ര മനോഹരമായ ചരിത്രമുള്ള ഒരു ആഘോഷം ഇന്ത്യയില്‍ വേറെ എവിടെയെങ്കിലുമുണ്ടോ എന്ന് സംശയം.

തീര്‍ച്ചയായും, മാവേലി വിഭാവനം ചെയ്തതു പോലെ, നമുക്ക് ഹൃദയങ്ങളിലെങ്കിലും കള്ളവും ചതിയുമില്ലാതെ ജീവിക്കാന്‍ കഴിയട്ടെ. മഹാബലിയുടെ ആ ഒരു ആശയം, തീര്‍ച്ചയായും നമുക്കെല്ലാം നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് വെറുതെയെങ്കിലും ആശിച്ചു പോവുകയാണ്....

Eമലയാളി വായനക്കാര്‍ക്ക്‌  എന്റെ സ്‌നേഹം നിറഞ്ഞ ഓണാശംസകള്‍

(മലയാളം പത്രത്തിലെ "തത്സമയത്തില്‍" പ്രസിധികരിച്ചത്)
ഓര്‍മയിലെ ഓണങ്ങള്‍ - മീനു എലിസബത്ത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക