Image

ചാല ടാങ്കര്‍ ദുരന്തത്തില്‍ മരണം 17 ആയി

Published on 01 September, 2012
ചാല ടാങ്കര്‍ ദുരന്തത്തില്‍ മരണം 17 ആയി
കണ്ണൂര്‍: ചാല ബൈപാസിനടുത്തു തിങ്കളാഴ്ച രാത്രി പാചകവാതക ബുള്ളറ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ശനിയാഴ്ച രാത്രി ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ 17 ആയി. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റെജീന(26) ആണ് മരിച്ചത്. ദേവി നിവാസില്‍ പ്രകാശന്റെ ഭാര്യയാണ് റെജീന. ഇതോടെ കേരള ചരിത്രത്തിലെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായി ചാല അപകടം മാറിയിരിക്കുകയാണ്. 2009 ഡിസംബര്‍ 31 നു കരുനാഗപ്പള്ളിയിലുണ്ടായ ബുള്ളറ്റ് ടാങ്കര്‍ അപകടത്തില്‍ 12 പേരാണു മരിച്ചത്.

വെള്ളിയാഴ്ച അഞ്ചു പേരാണ് മരിച്ചത്. ചാല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ദേവി നിവാസില്‍ കൃഷ്ണന്‍-ദേവി ദമ്പതികളുടെ മകന്‍ പ്രസാദ് (30), ബുധനാഴ്ച മരിച്ച സഹോദരിമാരായ രമ, ഗീത എന്നിവരുടെ മാതാവ് ചാല വാഴയില്‍ വീട്ടില്‍ ഓമനയമ്മ (60), വ്യാഴാഴ്ച മരിച്ച റസാഖ്-റംലത്ത് ദമ്പതികളുടെ മകന്‍ റമീസ് (26), അഴീക്കല്‍ തീരദേശ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ പി. രാജന്‍ (50) ആദ്യം മരണത്തിനു കീഴടങ്ങിയ കുളങ്ങരവീട്ടില്‍(ശ്രീനിലയം) ശ്രീലതയുടെ ഭര്‍ത്താവ് കേശവന്‍(59)എന്നിവരാണ് ഇന്നലെ മരിച്ചത്.

പരിയാരം മെഡിക്കല്‍കോളജില്‍ ചികിത്സയിലായിരുന്ന റമീസ് ഇന്നലെ പുലര്‍ച്ചെ 1.15 നും പ്രസാദ് 3.05 നുമാണു മരിച്ചത്. രാവിലെ ആറോടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലായിരുന്നു ഓമനയമ്മയുടെ മരണം. മംഗലാപുരം കെഎംസി ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഉച്ചയ്ക്കു പന്ത്രണേ്ടാടെയാണു രാജന്‍ മരിച്ചത്.

ഹോമിയോ ഡോക്ടറായ ചാല ദേവി നിവാസില്‍ കൃഷ്ണന്‍ (75), ഭാര്യ ദേവി (59), ഇന്നലെ മരിച്ച രാജന്റെ ഏകമകള്‍ നീഹാരാജ് (19), തോട്ടട വാഴയില്‍ വീട്ടില്‍ രവീന്ദ്രന്റെ ഭാര്യ രമ (50), സഹോദരി ഗീത (34), ചാല റംലാസില്‍ റസാഖ് (55), ഭാര്യ റംലത്ത് (48), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം ലക്ഷ്മണന്റെ ഭാര്യ നിര്‍മല (54), ചാല ഭഗവതിക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍അസീസ് (55), ചാല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ആര്‍.പി. ഹൗസില്‍ ലക്ഷ്മണന്‍ (68) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍.

മരിച്ച പ്രസാദിന്റെ സഹോദരന്‍ പ്രമോദ് (41), റമീസിന്റെ സഹോദരന്‍ റിസ്‌വാന്‍ എന്നിവര്‍ പൊള്ളലേറ്റ് അതീവഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍കോളജിലും എസ്‌ഐ രാജന്റെ ഭാര്യ ഇന്ദുലേഖ (44), ചാല നവനീതത്തില്‍ കുഞ്ഞികൃഷ്ണന്‍ (55), ഭാര്യ ലത (45), മകന്‍ വിനീത് (17) എന്നിവര്‍ മംഗലാപുരം കെഎംസി ആശുപത്രിയിലും ചികിത്സയിലാണ്. രാജന്റെ മാതാവ് നാണിയമ്മ കണ്ണൂര്‍ കൊയിലി ആശുപത്രിയിലും ചികിത്സയിലുണ്ട്.

വിജേഷ് (മെഡിക്കല്‍ റെപ്രസന്ററ്റീവ്), ദിലീപ് (ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍) എന്നിവരാണു മരിച്ച പ്രസാദിന്റെ മറ്റു സഹോദരങ്ങള്‍. പരേതനായ ബാലന്‍ നമ്പ്യാരുടെ ഭാര്യയാണു മരിച്ച ഓമനയമ്മ. മറ്റുമക്കള്‍: മധുസൂദനന്‍, സന്തോഷ്, പ്രസന്ന. മരുമക്കള്‍: മനോഹരന്‍ (എളയാവൂര്‍), നീന, രവീന്ദ്രന്‍.

ഗള്‍ഫില്‍ ജോലിചെയ്യുന്ന റനീസ്, റയീസ് എന്നിവരാണു മരിച്ച റമീസിന്റെ മറ്റു സഹോദരങ്ങള്‍. മരിച്ച രാജന്‍ കണ്ണൂര്‍ എആര്‍ ക്യാമ്പില്‍ പോലീസുകാരനായാണു ജോലിയില്‍ പ്രവേശിച്ചത്. തലശേരി, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ ട്രാഫിക് പോലീസ് സ്‌റ്റേഷനുകളിലും കണ്ണൂര്‍ വിജിലന്‍സിലും കണ്‍ട്രോള്‍റൂമിലും ജോലി ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണു ഗ്രേഡ് എസ്‌ഐയായി പ്രമോഷന്‍ ലഭിച്ച് അഴീക്കലില്‍ ചുമതലയേറ്റത്. സഹോ ദരങ്ങള്‍: ചന്ദ്രന്‍ (ഓട്ടോഡ്രൈവര്‍), ലക്ഷ്മി, ചന്ദ്രി.

ഇന്നലെ മരിച്ച ഓമനയമ്മ, പ്രസാദ് എന്നിവരുടെ മൃതദേഹങ്ങള്‍ പയ്യാമ്പലത്തും റമീസിന്റെ മൃതദേഹം താഴെചൊവ്വ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലും സംസ്‌കരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക