Image

വിമാന ടിക്കറ്റ്‌ നിരക്ക്‌ വര്‍ധന അവകാശം വിമാന കമ്പനികള്‍ക്ക്‌ നല്‍കരുതെന്ന്‌ സ്‌പീക്കര്‍

Published on 01 September, 2012
വിമാന ടിക്കറ്റ്‌ നിരക്ക്‌ വര്‍ധന അവകാശം വിമാന കമ്പനികള്‍ക്ക്‌ നല്‍കരുതെന്ന്‌ സ്‌പീക്കര്‍
മനാമ: ഗള്‍ഫ്‌ രാജ്യങ്ങളിലേക്കുള്ള വിമാന യാത്രാ പ്രശ്‌നത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍െറ സമീപനത്തില്‍ മാറ്റമുണ്ടാകേണ്ടതുണ്ടെന്ന്‌ കേരള നിയമസഭ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്‍. എയര്‍ ഇന്ത്യയുടെ സര്‍വീസ്‌ ഇത്ര തരംതാണ കാലം മുമ്പുണ്ടായിട്ടില്ല. അവരുടെ സര്‍വീസ്‌ ഫലത്തില്‍ ഇല്ലെന്നുതന്നെ പറയേണ്ടിവരും. അത്രക്ക്‌ പരാജയമാണ്‌ ഗള്‍ഫിലേക്കുള്ള എയര്‍ ഇന്ത്യയുടെ സര്‍വീസ. കേരളത്തിന്‍െറ സമ്പദ്‌ വ്യവസ്ഥയുടെ ഏതാണ്ട്‌ പകുതി പ്രവാസി മലയാളികളുടെ സംഭാവനയാണ്‌. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അടിയന്തര ശ്രദ്ധ സര്‍ക്കാരിന്‍െറ ഭാഗത്തുനിന്ന്‌ ഉണ്ടാകേണ്ടതുണ്ട്‌. തോന്നിയ പോലെ ടിക്കറ്റ്‌ നിരക്ക്‌ വര്‍ധിപ്പിക്കാനുള്ള അവസരം വിമാന കമ്പനികള്‍ക്ക്‌ നല്‍കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്‌റൈന്‍ കേരളീയ സമാജത്തിന്‍െറ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം പറഞ്ഞു.

യൂറോപ്പിലേക്കും അമേരിക്കയിലേക്കുമെല്ലാം എയര്‍ ഇന്ത്യ മികച്ച രീതിയില്‍ സര്‍വീസ്‌ നടത്തുന്നുണ്ട്‌. എന്നാല്‍, ജീവിത പ്രാരാബ്ദങ്ങള്‍ കാരണം നാടുവിടേണ്ടി വരികയും കഷ്ടപ്പെട്ട്‌ സമ്പാദിക്കുകയും ചെയ്യുന്ന ഗള്‍ഫ്‌ മേഖലയിലെ പ്രവാസികളോടുള്ള അവഗണന മാപ്പര്‍ഹിക്കാത്ത കുറ്റമാണ്‌. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികള്‍ക്ക്‌ സര്‍വീസ്‌ അനുമതി നല്‍കുമ്പോള്‍തന്നെ അവരുടെ ചൂഷണം തടയുന്നതിന്‌ വിപണിയില്‍ ഇടപെടാനാണ്‌ എയര്‍ ഇന്ത്യക്ക്‌ കഴിയേണ്ടത്‌. സംസ്ഥാന സര്‍ക്കാരിന്‌ പ്രശ്‌നം പരിഹരിക്കുന്നതിന്‌ പരിമിതികളുണ്ട്‌. സാമ്പത്തിക അച്ചടക്കമില്ലായ്‌മയും പ്രൊഫഷണല്‍ മാനേജ്‌മെന്‍റിന്‍െറ അഭാവവുമാണ്‌ എയര്‍ ഇന്ത്യ നേരിടുന്ന പ്രശ്‌നമെന്നും അദ്ദേഹം വ്യക്തമാക്കി.

ബഹ്‌റൈന്‍ അടക്കമുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ നോര്‍ക്കയുടെ ഓഫീസില്ലാത്തത്‌ ഖേദകരമാണ്‌. ഇക്കാര്യം മുഖ്യമന്ത്രിയുടെയും നോര്‍ക്ക മന്ത്രിയുടെയും ശ്രദ്ധയില്‍പെടുത്തി പരിഹരിക്കാന്‍ ശ്രമിക്കും. ഉപഭോഗ സംസ്‌കാരത്തിന്‍െറ കാര്യത്തില്‍ രാജ്യത്ത്‌ ഒന്നാം സ്ഥാനം അലങ്കരിക്കുന്ന കേരളത്തില്‍ നിക്ഷേപങ്ങള്‍ ഇറക്കുമ്പോഴുള്ള പ്രവാസികളുടെ ആശങ്കള്‍ ദൂരീകരിച്ച്‌ അവര്‍ക്ക്‌ ആത്മവിശ്വാസം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനും പൊതു സമൂഹത്തിനുമുണ്ട്‌. കടുത്ത മത്സരം നടക്കുന്ന കേരള വിപണിയെയാണ്‌ കുത്ത കമ്പനികളെല്ലാം നോട്ടമിടുന്നത്‌. കുത്തകകള്‍ക്ക്‌ അവരുടെ മുടക്കുമുതല്‍ എത്രയും വേഗം തിരിച്ചുകിട്ടുന്നത്‌ കേരളത്തിലാണ്‌. ഇക്കാര്യത്തില്‍ ഒന്നാം പേജ്‌ മുഴുവനായും നഗ്‌ന പരസ്യങ്ങള്‍ക്ക്‌ നീക്കിവെക്കുന്ന മാധ്യമങ്ങളും പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. സേവനത്തിനുള്ള അവകാശം (റൈറ്റ്‌ ടു സര്‍വീസ്‌) നിയമമാകുന്നതോടെ ഉദ്യോഗസ്ഥ തലത്തിലെ ചുവപ്പുനാടകള്‍ പരിധിവരെ ഒഴിവാക്കാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായും സ്‌പീക്കര്‍ ചൂണ്ടിക്കാട്ടി.
വിമാന ടിക്കറ്റ്‌ നിരക്ക്‌ വര്‍ധന അവകാശം വിമാന കമ്പനികള്‍ക്ക്‌ നല്‍കരുതെന്ന്‌ സ്‌പീക്കര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക