Image

ഭീകരബന്ധം: കര്‍ണാടകയില്‍ പിടിയിലായവര്‍ ബന്ധപ്പെട്ടിരുന്നതു സ്കൈപ്പ് വഴി

Published on 31 August, 2012
ഭീകരബന്ധം: കര്‍ണാടകയില്‍ പിടിയിലായവര്‍ ബന്ധപ്പെട്ടിരുന്നതു സ്കൈപ്പ് വഴി
ബംഗളൂര്‍: കര്‍ണാടകയില്‍ ഭീകരബന്ധം ആരോപിച്ച് പോലീസ് അറസ്റു ചെയ്ത പത്രപ്രവര്‍ത്തകനും എന്‍ജിനീയറുമുള്‍പ്പെട്ട 11 അംഗ സംഘം സ്കൈപ്പ് വഴി സൌദി അറേബ്യയിലെ ഭീകര നേതാക്കളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ചെലവുകുറഞ്ഞ ഇന്റര്‍നെറ്റ് ഫോണ്‍ സംവിധാനമായ സ്കൈപ്പ് ആയിരുന്നു ഇവരുടെ ഇഷ്ട മാധ്യമമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുള്‍പ്പടെ സമൂഹത്തിലെ പ്രധാനികളെ വധിക്കാന്‍ പദ്ധതിയിട്ടുവെന്നാരോപിച്ചാണ് കഴിഞ്ഞദിവസം 11 യുവാക്കളെ കര്‍ണാടക ക്രെെംബ്രാഞ്ച് പോലീസ് പിടികൂടിയത്. ഇവരില്‍ നിന്നു കണ്ടെടുത്ത ലാപ്ടോപ് പരിശോധിച്ചപ്പോഴാണ് സ്കൈപ്പ് വഴി നിരന്തരം ഇവര്‍ സൌദി അറേബ്യയിലെ നേതാക്കളുമായി ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയതെന്ന് ഉപമുഖ്യമന്ത്രി ആര്‍. അശോക പറഞ്ഞു. പരിശോധനയില്‍ തീവ്രവാദ സ്വഭാവമുള്ള നൂറിലധികം എസ്എംഎസുകളും ഇമെയിലുകളും കണ്ടെത്തിയതായി മന്ത്രി പറഞ്ഞു. ധര്‍വാദ് എംപി പ്രഹളാദ് ജോഷിയെ വധിക്കാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് ഒരു തോക്കും തീവ്രവാദ സ്വഭാവമുള്ള രേഖകളും പിടിച്ചെടുത്തതായും എം.പിമാര്‍, എം.എല്‍.എമാര്‍, പത്രപ്രവര്‍ത്തകര്‍, ഹിന്ദു സംഘടനകളുടെ നേതാക്കള്‍ എന്നിവരെ വകവരുത്താന്‍ ഇവര്‍ പദ്ധതിയിട്ടതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്െടന്നും ഇന്നലെ പോലീസ് വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നു മാസമായി സംഘം നിരീക്ഷണത്തിലായിരുന്നു. അന്താരാഷ്ട്ര ബന്ധമുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്ന സംഘം പദ്ധതി നടപ്പാക്കാനുള്ള തയാറെടുപ്പിലായിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ഇവര്‍ സ്കൈപ്പ് വഴി നടത്തിയിട്ടുള്ള ഫോണ്‍ സംഭാഷണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തമായ തെളിവുകള്‍ക്കായി ഇന്റര്‍പോളിന്റെ സഹായം അഭ്യര്‍ഥിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക