Image

ചാല ടാങ്കര്‍ അപകടം; മരണം 14 ആയി

Published on 31 August, 2012
ചാല ടാങ്കര്‍ അപകടം; മരണം 14 ആയി
കണ്ണൂര്‍: ചാല ബൈപാസിനടുത്തു തിങ്കളാഴ്ച രാത്രി പാചകവാതക ബുള്ളറ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നു പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 14 ഉയര്‍ന്നു. ചാല ദേവീ നിവാസില്‍ പ്രസാദ്, ഞാറയ്ക്കല്‍ വീട്ടില്‍ റമീസ്, ഓമന എന്നിവരാണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. പ്രസാദിന്റെയും റമീസിന്റെയും മാതാപിതാക്കള്‍ അപകടത്തില്‍ പൊള്ളലേറ്റ് നേരത്തെ മരണമടഞ്ഞിരുന്നു. തോട്ടട വാഴയില്‍ വീട്ടില്‍ പരേതനായ ബാലന്‍ നമ്പ്യാര്‍-ഓമന ദമ്പതികളുടെ മകളും ആറ്റടപ്പയിലെ രവീന്ദ്രന്റെ ഭാര്യയുമായ രമ (50), സഹോദരി ഗീത (34), ചാല റംലാസില്‍ റസാഖ് (55), ഭാര്യ റംലത്ത് (48), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം ലക്ഷ്മണന്റെ ഭാര്യ നിര്‍മല (54), ചാല ഭഗവതി ക്ഷേത്രത്തിനു സമീപം കുളങ്ങരവീട്ടില്‍ (ശ്രീനിലയം) കേശവന്റെ ഭാര്യ ശ്രീലത (47), ചാല ഞാറോളി അബ്ദുള്‍ അസീസ് (55), ചാല ഭഗവതി ക്ഷേത്രത്തിനു സമീപത്തെ ആര്‍. പി. ഹൌസില്‍ ലക്ഷ്മണന്‍ (68), ഹോമിയോ ഡോക്ടറായ ചാല ദേവി നിവാസില്‍ കൃഷ്ണന്‍ (75), ഭാര്യ ദേവി (59), അപകടത്തില്‍ പരിക്കേറ്റു മംഗലാപുരം കെഎംസി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന അഴീക്കല്‍ തീരദേശ പോലീസ്സ്റേഷനിലെ എസ്ഐ രാജന്റെയും ഇന്ദുലേഖയുടെയും മകള്‍ നീഹാ രാജ് (19) എന്നിവരാണ് അപകടത്തില്‍ മരിച്ച മറ്റുള്ളവര്‍. ഇന്നലെ മരിച്ച കൃഷ്ണന്‍-ദേവി ദമ്പതികളുടെ മകനായ പ്രമോദ് (41), പ്രകാശന്റെ ഭാര്യ രിഗിന (26) എന്നിവര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ചാലയില്‍ സ്വന്തമായി ക്ളിനിക് നടത്തുന്ന കൃഷ്ണന്‍ പരേതരായ ബാപ്പു-മാത ദമ്പതികളുടെ മകനാണ്. വിജേഷ് (മെഡിക്കല്‍ റെപ്രസന്ററ്റീവ്), ദിലീപ് (ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍) എന്നീ രണ്ടു മക്കള്‍കൂടി കൃഷ്ണനുണ്ട്. സുജിത മറ്റൊരു മരുമകളാണ്. മരിച്ച നീഹാ രാജ് ചാല ചിന്മയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജിലെ രണ്ടാംവര്‍ഷ ബിസിഎ വിദ്യാര്‍ഥിനിയാണ്. വ്യാഴാഴ്ച മരിച്ച റസാഖ്-റംലത്ത് ദമ്പതികളുടെ മകന്‍ റിസ്വാന്‍ 90 ശതമാനം പൊള്ളലേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പൊള്ളലേറ്റു പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാല നവനീതത്തില്‍ കുഞ്ഞിക്കൃഷ്ണന്‍ (55), ഭാര്യ ലത (45), മകന്‍ വിനീത് (17) എന്നിവരെ കഴിഞ്ഞദിവസങ്ങളില്‍ മംഗലാപുരം കെഎംസി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. ബുധനാഴ്ച മരിച്ച ലക്ഷ്മണന്‍, ഇന്നലെ മരിച്ച കൃഷ്ണന്‍, ദേവി, നീഹ രാജ് എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്മോര്‍ട്ടം നടത്തി ചാലയിലെത്തിച്ചു പൊതുദര്‍ശനത്തിനുവച്ചശേഷം രാത്രിയോടെ സംസ്കരിച്ചു. നീഹയുടെ മൃതദേഹം കൂടാളിയിലെ അമ്മയുടെ വീട്ടുവളപ്പിലും മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ പയ്യാമ്പലത്തുമാണു സംസ്കരിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.സി. ജോസഫ്, കെ.പി. മോഹനന്‍, കെ. സുധാകരന്‍ എംപി എന്നിവര്‍ ഇന്നലെ വൈകുന്നേരം ചാലയിലെത്തി മരിച്ചവരുടെ ബന്ധുക്കളെയും നാട്ടുകാരെയും ആശ്വസിപ്പിച്ചു. എകെജി, കൊയിലി ആശുപത്രികളിലും പരിയാരം മെഡിക്കല്‍ കോളജിലും കഴിയുന്നവരെ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക