Image

റിമിനിസ്‌ ഗേള്‍-2 ഓര്‍മ്മ (നീനാ പനയ്‌ക്കല്‍)

Published on 30 August, 2012
റിമിനിസ്‌ ഗേള്‍-2 ഓര്‍മ്മ (നീനാ പനയ്‌ക്കല്‍)
ട്രിം, ഹാന്‍ഡ്‌സം, വിറ്റി, ഗുഡ്‌ ഹുമേര്‍ഡ്‌ എന്നൊക്കെ അമേരിക്കയില്‍ പറയില്ലേ, അതായിരുന്നു എന്റെ അപ്പന്‍. ആറടിയോളം നീളം, മുഖത്ത്‌ എപ്പോഴും പ്രകാശം.

എന്നും സന്ധ്യക്ക്‌ അപ്പന്‍ ജോലി കഴിഞ്ഞ്‌ വരുന്നതിനു മുന്‍പ്‌ ഞങ്ങള്‍ കുട്ടികള്‍ ഗൃഹപാഠങ്ങളെല്ലാം തീര്‍ത്ത്‌ കാത്തിരിക്കും. പ്രാര്‍ത്ഥന കഴിഞ്ഞ്‌ അപ്പനോടൊപ്പം ഞങ്ങള്‍ അത്താഴത്തിനിരിക്കുന്നതിനു മുന്‍പ്‌ ഞങ്ങളുടെ അന്നന്നത്തെ അനുഭവങ്ങള്‍ അപ്പനോടു പറയണമെന്ന്‌ അപ്പന്‌ നിര്‍ബന്ധമാണ്‌. എന്നാല്‍ അപ്പന്റെ ദിവസത്തെക്കുറിച്ച്‌ കേള്‍ക്കാനായിരുന്നു ഞങ്ങള്‍ക്ക്‌ താത്‌പര്യം. അമ്മയുടെ ഭാഷയില്‍ `നിങ്ങടെ അപ്പന്റെ പുളു കേള്‍ക്കാന്‍' വാസ്‌തവം. അപ്പന്റെ പുളു കേള്‍ക്കാതെ ഞങ്ങള്‍ക്ക്‌ ഉറക്കം വരില്ലായിരുന്നു. വിശേഷിച്ചും കൂലി ഭാസ്‌കരന്റെ സുകൃത വചനങ്ങള്‍.

ഭാസ്‌കരന്‍ അപ്പന്റെ ജോലിസ്ഥലത്തെ ഒരു ജൂനിയര്‍ മെക്കാനിക്കാണ്‌. ചെറുപ്പത്തില്‍ പട്ടാളത്തില്‍ കൂലിയായി ചേര്‍ന്ന്‌, യുദ്ധം തീര്‍ന്നപ്പോള്‍ തിരിച്ചു വന്ന ജവാന്‍. യുദ്ധകാലത്തെ ഒരുപാട്‌ വിശേഷപ്പെട്ട സംഭവങ്ങള്‍ നിറഞ്ഞഅനുഭവങ്ങളുടെ ഖനി അങ്ങേര്‍ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നു. ഉച്ചയൂണിന്റെ സമയത്ത്‌ ഭക്ഷണപ്പൊതിയോടൊപ്പം ഭാസ്‌കരന്‍ ചേട്ടന്‍ അനുഭവങ്ങളുടെ ഖനിയും തുറക്കും.

ഒരു ദിവസം രാത്രി. ശതൃക്കളുടെ കണ്ണില്‍ പെടാതെ കാട്ടിലൂടെ പമ്മിപ്പമ്മി നടക്കുകയായിരുന്നു ചേട്ടന്‍. പെട്ടന്ന്‌ ഇണക്കടുവകള്‍ ഭാസ്‌കരന്‍ ചേട്ടന്റെ മുന്നില്‍ ചാടിവീണു. ഭാസ്‌കരന്‍ ചേട്ടന്‍ പോക്കറ്റില്‍ തപ്പിയപ്പോള്‍ കിട്ടിയത്‌ ഒരേയൊരു ബുള്ളറ്റ്‌ മാത്രം. ഒരു ബുള്ളറ്റ്‌ വെച്ച്‌ ഇണക്കടുവകളെ കൊല്ലുന്നത്‌ എങ്ങനെ? ചേട്ടനൊരു ബുദ്ധി തോന്നി. മറ്റേ പോക്കറ്റില്‍ നിന്ന്‌ പേനാക്കത്തി വലിച്ചെടുത്ത്‌ നിവര്‍ത്തി തോക്കിന്‍ കുഴലിന മുന്നില്‍ പിടിച്ച്‌ ഒരൊറ്റ വെടി. ബുള്ളറ്റ്‌ രണ്‍ ടായി പിളര്‍ന്ന്‌ കടുവകളുടെ നെഞ്ചിലേക്ക്‌ തറച്ചു കയറി രണ്ടും ചത്തു. ഭാസ്‌കരന്‍ ഒരു സുകൃതം ചെയ്‌ത മനുഷ്യനായിരുന്നു!

എന്താവശ്യത്തിനാണ്‌ ആ കടുവകള്‍ ഭാസ്‌കരന്റെ മുന്നില്‍ ചെന്ന്‌ ചാടിയത്‌? അതിനു വേറെ ജോലിയൊന്നുമില്ലായിരുന്നോ അല്ലേ? അപ്പന്‍ എല്ലവരെയും നോക്കി ചോദിച്ചു. ഞാനും അമ്മയും പരസ്‌പരം നോക്കി.

എന്റെ ഇളയകുട്ടികള്‍ക്ക്‌ സന്തോഷവും ഭാസ്‌കരന്‍ ചേട്ടന്റെ അപാര ബുദ്ധിശക്തിയില്‍ അതിശയവും. കഥകേട്ടിട്ട്‌ മോള്‍ക്ക്‌ എന്തു തോന്നുന്നു? അപ്പന്‍ എന്റെ നേര്‍ക്ക്‌ നോക്കി. `ഞാന്‍ ഏഴാം ക്ലാസ്സിലാ പഠിക്കുന്നത്‌ അപ്പാ' തലയുയര്‍ത്താതെ ഞാന്‍ പറഞ്ഞു. അപ്പന്‍ അടക്കിച്ചിരിച്ചു.

ഇതു പോലെ എത്രയെത്ര കല്ലുവെച്ച കള്ളക്കഥകള്‍ അപ്പന്‍ പറയുമായിരുന്നു!

വീട്ടില്‍ മക്കളോട്‌ പുളുപറഞ്ഞ്‌ ശീലിച്ചതുകാരണമാവും വിവാഹം കഴിഞ്ഞ്‌ ഞാന്‍ ഭര്‍തൃഗൃഹത്തില്‍ താമസിക്കുമ്പോഴും മൂത്തമകളോട്‌ ഓരോ ആഴ്‌ചയിലെയും പുളുപറയാന്‍ അപ്പന്‍ ഞായറാഴ്‌ചതോറും വരുമായിരുന്നത്‌. ആ പുളു കേട്ട്‌ മനസ്സ്‌ കുളിര്‍ക്കുമായിട്ടന്നിട്ടാവും എല്ലാ ഞായറാഴ്‌ചയും ഞാന്‍ ആ വരവുംകാത്തിരിക്കുമായിരുന്നത്‌. മക്കളോടല്ലാതെ മറ്റാരോടും ഒരിക്കലും അപ്പന്‍ പുളുപറഞ്ഞിട്ടില്ല എന്നെനിക്ക്‌
നിശ്ചയമായി. പറയാനാവും.

എന്റെ വിവാഹം കഴിഞ്ഞതിനുശേഷം വന്ന ആദ്യത്തെ ക്രിസ്‌തുമസ്‌ ഈവ്‌. ഒരു വലിയകെട്ട്‌ സമ്മാനങ്ങളുമായി അപ്പന്‍ എന്റെ ഭര്‍തൃഗൃഹത്തിലെത്തി. എല്ലാവര്‍ക്കും വലിയ ഇഷ്ടമാണ്‌ അപ്പന്‍ എപ്പോള്‍ ആ വീട്ടില്‍ വരുന്നതും. മൂത്ത നാത്തൂന്‍ തന്റെ പ്രസിദ്ധമായ ടീ കേക്ക്‌ ഉണ്ടാക്കാനുള്ള ധൃതിയിലാണ്‌. കൊച്ചു നാത്തൂന്‍ സഹായിക്കുന്നു. ഡൈനിങ്ങ്‌ ടേബിളില്‍ കേക്കിനുള്ള സാധനങ്ങള്‍ നിരത്തിയിരിക്കുന്നു. അപ്പനോട്‌ സം സാരിക്കന്ന രസത്തില്‍ മൂത്തനാത്തൂനെ സഹായിച്ചുനിന്ന കൊച്ചു നാത്തൂന്‍ ഡൈനിങ്ങ്‌ റൂമില്‍നിന്ന്‌ മെല്ലെ നീങ്ങി നീങ്ങി ലിവിങ്ങ്‌ റൂം വരെയെത്തി.

`ഞാന്‍ സഹായിക്കാം കൊച്ചമ്മേ' ഞാനടുത്തു ചെന്നു. `സാരമില്ല മോളെ. മോള്‍ടപ്പച്ചന്‍ സംസാരിക്കന്നതു കേള്‍ക്കുന്ന രസത്തില്‍ ജോലിചെയ്യുന്നതറിയില്ല.' വിഭവസമൃദ്ധമായ ഒരു കാപ്പിസല്‍ക്കാരം നടന്നു, ലിവിങ്ങ്‌ റൂമില്‍.

`പേട്ടയിലെ പള്ളിയില്‍ പോകുന്നതിനേക്കാള്‍ കഷ്ടാനുഭവ ആഴ്‌ചയില്‍ എനിക്കിഷ്ടം വെട്ടുകാട്ടു പള്ളിയില്‍ പോകുന്നതായിരുന്നു'. അപ്പന്‍ പറഞ്ഞു. `യേശുക്രിസ്‌തുവിന്റെ കഷ്ടാനുഭവ ആഴ്‌ചകളില്‍ പലതവണ ഞാനവിടെ
പോയിട്ടുണ്ട്‌.' (സംസാരം എങ്ങനെ `പള്ളിയില്‍' എത്തിയെന്ന്‌ ഞാനോര്‍ക്കുന്നില്ല.) `അവിടെ എന്താ അപ്പച്ചാ പ്രത്യേകിച്ച്‌ ?' കൊച്ചുനാത്തൂന്‌ ജിജ്ഞാസയായി.

`അവിടെ കടല്‍പ്പുറത്ത്‌ കുരിശിന്റെ പാത ടാബ്ലോയായി കാണിക്കുമായിക്കുന്നു'

അപ്പന്‍ വിശദീകരിക്കാന്‍ തുടങ്ങി. ക്രിസ്‌തുവിനെ ക്രൂശില്‍ തറയ്‌ക്കാന്‍ പീലാത്തോസു വിധിക്കുന്നതു മുതല്‍ കുരിശില്‍ മരിച്ച മകനെ മടിയില്‍ കിടത്തി ദേവമാതാവ്‌ കണ്ണീരൊഴുക്കുന്നതു വരെയുള്ള സംഭവങ്ങളെ പതിനാലു രംഗങ്ങളായി തിരിക്കും. ഓരോ രംഗത്തിനുമുന്നിലും പുരോഹിതന്മാരും ഭക്തജനങ്ങളും മുട്ടുകുത്തി പ്രാര്‍ത്ഥനചൊല്ലും, പാട്ടുപാടും. അതാണ്‌ കുരിശിന്റെ പാത.

`ഒരിക്കലൊരു സന്ധ്യക്ക്‌ ഞാനും എന്റെ കൂട്ടുകാരും കൂടി വെട്ടുകാട്ടു പള്ളിയില്‍ കുരിശിന്റെ വഴി കാണാന്‍ പോയി.' അപ്പനൊരു കഥ പറയാനുള്ള മൂഡിലാണ്‌. `പള്ളിയുടെ പിറകില്‍ കടല്‍പ്പുറത്തെ വിശാലമായ മണല്‍പ്പരപ്പില്‍ കുരിശിന്റെ പാതയിലെ പതിനാലു രംഗങ്ങള്‍ മനോഹരമായ ടാബ്ലോകളായി തിരശ്ശീല മാറ്റാന്‍ കാത്തു നിലക്കുന്നു.' അപ്പന്‍ തുടര്‍ന്നു: `നേര്‍ച്ചപ്പെട്ടിയില്‍ കാശിട്ടശേഷം നേര്‍ച്ചയായി ആരോ സമര്‍പ്പിച്ച കുരുമുളകും ഉപ്പുകല്ലും കൈയില്‍ വാങ്ങി ഞങ്ങള്‍ കടല്‍ത്തീരത്തേക്ക്‌ നടന്നു.

ഒന്നാമത്തെ രംഗം അനാശ്ചാദനം ചെയ്‌തു. പതിനായിരക്കണക്കിന്‌ ഭക്തജനങ്ങള്‍ കടല്‍ത്തിരകളില്‍ നിന്ന്‌ അന്തരീക്ഷത്തില്‍ അലിഞ്ഞു ചേര്‍ന്ന ജലകണങ്ങളെ വഹിച്ചുവക്കുന്ന കുളിര്‍കാറ്റില്‍ പുറവും അകവും തണുത്ത്‌ പ്രാര്‍ത്ഥനാപൂര്‍വം ഇളകുന്ന മണ്ണില്‍ മുട്ടുകുത്തി. പ്രാത്ഥന മുഴങ്ങി. ശ്രവണമധുരമായ ഗാനം അലയടിച്ചുയര്‍ ന്നു. കാണികള്‍ക്കൊപ്പം കടല്‍ ത്തിരകളും കൈകൂപ്പി.

രണ്ടാം രംഗത്തേക്ക്‌ ആളുകള്‍ നീങ്ങി. പിന്നെ മൂന്ന്‌, നാലു, അഞ്ച്‌, ആറു.............

`യേശുവിനെ കുരിശില്‍ തറയ്‌ക്കുന്ന രംഗം!! തിരശ്ശീല മാറുന്നത്‌ പ്രതീക്ഷിച്ച്‌ ഭക്തജനങ്ങള്‍ ആകാംക്ഷയോടെ പ്രാര്‍ത്ഥനാപൂര്‍വം നില്‌ക്കയാണ്‌. തിരശ്ശീലമാറ്റാന്‍ പുരൊഹിതന്‍ കൈയുയര്‍ത്തി ആംഗ്യം കാട്ടി. ജനങ്ങള്‍
ശ്വാസമടക്കി നിന്നു.

`മണ്ണില്‍ നാട്ടിയ പടുകൂറ്റന്‍ മരതുരിശ്‌. യേശുവായി അഭിനയിക്കുന്ന ചെറുപ്പക്കാരന്റെ നീട്ടിയ കൈകളും കാലുകളും പ്രേക്ഷകര്‍ക്ക്‌ കാണാനാവാത്ത വിധം തുരിശില്‍ കെട്ടിയിരിക്കുന്നു. ഒരു ഏണിയില്‍ കയറിനിന്ന്‌, ക്രൂരനും പരമ ദുഷ്ടനുമായ ഒരു റോമാപടയാളിയുടെ വേഷത്തിലും ഭാവത്തിലും ഒരാള്‍ യേശുവിന്റെ കൈവെള്ളയില്‍ ചുറ്റിക കൊണ്ടു ആണിയടിച്ചു കയറ്റുന്നു. യേശുവിന്റെ അമ്മയായി അഭിനയിക്കുന്ന സ്‌ത്രീ കുരിശിന്റെ ചുവട്ടില്‍ നിന്ന്‌ വിമ്മിക്കരയുന്നു. അതിമനോഹരമായ ഹൃദയസ്‌പര്‍ശിയായ ടാബ്ലോ. ജനം കണ്ണീരൊഴുക്കി. ചില മൃദുലമാനസര്‍ തേങ്ങി തേങ്ങിക്കരഞ്ഞു. തങ്ങളുടെ രക്ഷകന്‍ തങ്ങള്‍ ക്കായി സഹിച്ച വേദനയോര്‍ത്ത്‌. അത്‌ ഹൃദയത്തില്‍നിന്നുമൊഴുകിയ കണ്ണീരായിരുന്നു താനും. പുരോഹിതന്‍ കൈയുയര്‍ത്തി ജനം പൂഴിയില്‍ മുട്ടുകുത്തി.

`പെട്ടെന്ന്‌ ഒരത്യാഹിതം സംഭവിച്ചു. പടയാളിയുടെ കൈയിലിരുന്ന ചുറ്റിക അബദ്ധത്തില്‍ താഴേക്ക്‌ വീണു. വീണതോ, കരയുന്ന കന്യാമറിയത്തിന്റെ തലയിലേക്കും.'

`അയ്യോ!!' ലിവിങ്ങ്‌ റൂമില്‍ ഒരു വലിയ നിലവിളി.. കൊച്ചുനാത്തൂനാണ്‌. പിന്നെയൊരു ചോദ്യം. `എന്നിട്ടോ അപ്പച്ചാ' കേക്കിന്റെ പണിയിലായിരുന്ന മൂത്തനാത്തൂനും പണിനിര്‍ത്തി. എല്ലാവരുടെയും ശ്രദ്ധ അപ്പനില്‍. അതു മനസ്സിലാക്കി അപ്പന്‍ മൗനം പാലിച്ചു. ഒരുമിനിട്ടു കഴിഞ്ഞിട്ടും അപ്പന്‌ അനക്കമില്ല. സഹിക്കാനാവാതെ കൊച്ചുനാത്തൂന്‍ യാചിച്ചൂ. `എന്നെ ഇങ്ങനെയിട്ട്‌ കഷ്ടപ്പെടുത്തല്ലേ അപ്പച്ചാ'.

വലിയ അംഗവിക്ഷേപങ്ങളോടെ അപ്പന്‍ ആ രംഗം വര്‍ണിച്ചു.

`അല്‌പ്പം പ്രായം ചെന്ന ആ പുള്ളിക്കാരിക്ക്‌ നല്ലവണ്ണം നൊന്തു. ചുറ്റിക കൊണ്ടയിടം ഒരുകൈവെച്ച്‌ അമര്‍ത്തിപ്പിടിച്ച്‌ അവര്‍ തലയുയര്‍ത്തി , ആകെ വിളറി നില്‌കുന്ന പടയാളിയെ നോക്കി. ജനം ശ്വാസം വിടാന്‍ മറന്നു,ഉയര്‍ന്നു വന്ന തിരമാല താഴെ പതിക്കാന്‍ മറന്നു. കടല്‍പ്പുറമാകെ സ്‌തംഭിച്ചു നിന്നു. അവരുടെ വായില്‍ നിന്ന്‌ കതിനാവെടിയുടെ ശബ്ദത്തില്‍ ഡിക്ഷണറിയില്‍ ഇല്ലാത്ത കുറെ വാക്കകളുടെ പൂരം. ഭക്തര്‍ ശ്വാസം അകത്തേക്ക്‌ വലിച്ച്‌ തുറിച്ച കണ്ണുകളുമായി നിന്നു. പൂരപ്പാട്ട്‌ അച്ചന്മാരുടെയും കന്യാസ്‌ത്രിയമ്മമാരുടെയും മുന്നില്‍ വെച്ചോ? വിചാരിക്കാന്‍ പോലും വയ്യ.

`മനുഷ്യ മഹാസമുദ്രത്തിന്റെ മുന്നില്‍ വെച്ച്‌ വെറുമൊരു സ്‌ത്രീ തന്നെ ഭര്‍ത്സിക്കുന്നതു കേട്ടാല്‍ പരാക്രമശാലിയായ ഒരു റോമന്‍ പടയാളി വിടുമോ? അയാളും വിളിച്ചു ചില ഓമനപ്പേരുകള്‍. യേശുവായി അഭിനയിക്കുന്ന യുവാവ്‌ കുരിശില്‍ കിടന്ന്‌ ഇരുവരോടും വായടക്കാന്‍ വിളിച്ചു പറയുന്നു. ആരു കേള്‍ക്കുന്നു? ദേഷ്യം മൂത്ത്‌ കൈകാലുകളിലെ കെട്ടും പൊട്ടിച്ച്‌ അയാള്‍ താഴേക്ക്‌ ചാടി. അടി. .കൂട്ടയടി. ടാബ്ലോക്കാരില്‍ നിന്നും ഭക്തജനങ്ങളിലേക്കും പിന്നെ കാഴ്‌ചക്കാരിലേക്കും അടി പടര്‍ന്നു.

അപ്പന്‍ പറഞ്ഞു നിര്‍ത്തിയതിപ്രകാരമാണ്‌ : `ഞാനും എന്റെ കൂട്ടുകാരും കൂടി വെട്ടുകാട്ടുനിന്നും ഓടിയിട്ട്‌ പേട്ടയില്‍ വന്നു നിന്നാണ്‌ ശ്വാസം വിട്ടത്‌'

എന്റെ ഭര്‍ത്താവിന്റെ വീട്ടിലെ സ്‌ത്രികള്‍ അത്രയുച്ചത്തില്‍ ചിരിക്കുന്നത്‌ ഞാന്‍ അന്ന്‌ ആദ്യമായി കേട്ടു. ചിരിയുടെ മാലപ്പടക്കം തന്നെയായിരുന്നു. ചിരിനിന്ന്‌ ഒന്നു ശാന്തമാവുമ്പോള്‍ ആരെങ്കിലും ഒരാളില്‍ നിന്ന്‌ അമര്‍ത്തിയ ചിരിയുയരും. അതു മാലപോലെ നീളത്തില്‍ പടരും. അന്‍പതോ അറുപതോ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ നടന്ന ആ സംഭവത്തിനു ശേഷം വെട്ടുകാട്ടുപള്ളിയുടെ കടല്‍ ത്തീരത്ത്‌ കുരിശിന്റെ പാത ടാബ്ലോയായി നടത്തിയിട്ടില്ല. അത്‌ പള്ളിക്കകത്തു മാത്രമായി ഒതുങ്ങി.

എന്റെ അപ്പന്‍, വാസ്‌ ഹീ വിറ്റി? ഫണി? നിര്‍ദോഷമായ തമാശകള്‍ പറഞ്ഞ്‌ മനുഷ്യരെ സന്തോഷിപ്പിച്ചിരുന്നോ? ചിരിപ്പിച്ചിരുന്നോ? ഉവ്വ്‌ എന്നു ഞാന്‍ പറയും . അപ്പനെ അടുത്തറിഞ്ഞവര്‍ എല്ലാവരും പറയും. അതേ ഡെബീ. ഹീ വാസ്‌ വിറ്റി ആന്‍ഡ്‌ ഫണി.

(തുടരും)
റിമിനിസ്‌ ഗേള്‍-2 ഓര്‍മ്മ (നീനാ പനയ്‌ക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക