Image

ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാന്‍ സിപിഎം ശ്രമം വീണ്ടും

Published on 31 August, 2012
ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാന്‍ സിപിഎം ശ്രമം വീണ്ടും
കോഴിക്കോട്: വിവിധ ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുന്നതിനും ഇവര്‍ക്കിടയില്‍ സ്വാധീനം നേടിയെടുക്കുന്നതിനുമായി സിപിഎമ്മിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ സമുദായ സംഘടനാ പ്രതിനിധികളുടെ യോഗം വിളിക്കുന്നു. നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി സമുദായ സംഘടനകളിലെ ബുദ്ധിജീവികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ വിളിച്ചു ചേര്‍ക്കാനാണു തീരുമാനം. ഒക്ടോബറില്‍ നടക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇതിന് അന്തിമ രൂപം നല്കുമെന്നറിയുന്നു. നിലവില്‍ പാര്‍ട്ടിക്കു ന്യൂനപക്ഷ സെല്ലുണെ്ടങ്കിലും പ്രവര്‍ത്തനം കാര്യക്ഷമമല്ല. പാലോളി മുഹമ്മദുകുട്ടി, ടി.കെ. ഹംസ എന്നിവരാണു സെല്ലിനു നേതൃത്വം നല്കുന്നത്.

ന്യൂനപക്ഷ വിഭാഗങ്ങളില്‍ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ മാത്രമാണു യുഡിഎഫ് പരിഗണിക്കുന്നുള്ളൂ എന്നാണു സിപിഎം വിലയിരുത്തല്‍. സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ പൂര്‍ണമായും തഴയപ്പെടുകയാണ്. ഇത്തരത്തിലുള്ളവരെ കണെ്ടത്തി അവരുടെ സംരക്ഷണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണു പാര്‍ട്ടി ഉദ്ദേശിക്കുന്നതെന്നത്രേ. ഇതോടൊപ്പം സിപിഎമ്മിനോടുള്ള ന്യൂനപക്ഷങ്ങളുടെ തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഓരോ പ്രദേശത്തേയും പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കാനും തീരുമാനിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളുടെ വിവിധ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളുമെല്ലാം കൈകാര്യം ചെയ്യുന്ന പ്രസിദ്ധീകരണം ആരംഭിക്കാനും ആലോചനയുണ്ട്. 

ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള അംഗങ്ങള്‍ പലപ്പോഴായി പാര്‍ട്ടി വിട്ടുപോകുന്നതു കനത്ത ആഘാതമായ സാഹചര്യത്തിലാണു പുതിയ അടവുനയം സ്വീകരിക്കാന്‍ പാര്‍ട്ടി ആലോചിക്കുന്നതെന്നറിയുന്നു. കഷ്ടപ്പെടുന്നവരുടെകൂടെയാണു പാര്‍ട്ടിയെന്ന് ഉറപ്പിക്കുകയും ലക്ഷ്യമാണ്. മൂന്നു വര്‍ഷംമുമ്പ് ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട ന്യൂനപക്ഷാംഗങ്ങളായ ബുദ്ധിജീവികളെ വിളിച്ചുചേര്‍ത്തു പ്രത്യേക ക്യാമ്പ് നടത്തിയിരുന്നു. ഇതിനുശേഷം ന്യൂനപക്ഷങ്ങളുമായുള്ള സഹവര്‍ത്തിത്തം വേണ്ട രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനായിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക