Image

സംസ്ഥാനത്തു പുതിയ രൂപത്തില്‍ എഴുന്നൂറിലധികം തട്ടിപ്പു കമ്പനികള്‍

Published on 31 August, 2012
സംസ്ഥാനത്തു പുതിയ രൂപത്തില്‍ എഴുന്നൂറിലധികം തട്ടിപ്പു കമ്പനികള്‍
കാഞ്ഞങ്ങാട്: സംസ്ഥാനത്തു പുതിയ രൂപത്തില്‍ 720 മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ട്. എറണാകുളം, തൃശൂര്‍ തുടങ്ങിയ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവയില്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്. ഇവയ്‌ക്കെല്ലാം ബാംഗളൂര്‍, ചെന്നൈ എന്നീ നഗരങ്ങളില്‍ ഓഫീസുകളുണ്ടത്രെ. മണിചെയിന്‍ മാതൃകയിലാണ് ഇവയുടെ പ്രവര്‍ത്തനം.

മണിചെയിന്‍, നിക്ഷേപതട്ടിപ്പ് സംഭവങ്ങളുമായി ബന്ധപ്പെട്ട് 2010 മുതല്‍ സംസ്ഥാനത്തു നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെങ്കിലും അന്വേഷണം മുടങ്ങിയിരിക്കുകയാണ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസുകള്‍ ക്രൈംബ്രാഞ്ചും പ്രത്യേക ടീമുകളും അന്വേഷിച്ചെങ്കിലും ഇതുവരെയും ഒരു കേസിന്റെയും കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ തട്ടിപ്പുകേസുകളില്‍ അറസ്റ്റിലായവരെല്ലാം ഇപ്പോള്‍ പുറത്താണ്. ഇവര്‍ തന്നെയാണു പുതിയ രീതിയിലുള്ള മണിചെയിന്‍ തട്ടിപ്പുകള്‍ക്കു നേതൃത്വം നല്‍കുന്നതത്രെ. സംസ്ഥാനത്തു പൂട്ടിപ്പോയ മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലെ ആളുകളെയും ഇവര്‍ സംഘടിപ്പിക്കുന്നുണ്ട്.

ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിച്ച മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ് കമ്പനിയാണ് സംസ്ഥാനത്ത് ആദ്യമായി മണിചെയിന്‍ തട്ടിപ്പ് നടത്തിയത്. ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ മണിചെയിന്‍ മാതൃകയില്‍ നല്കിയായിരുന്നു പ്രവര്‍ത്തനം. കമ്പനിക്കെതിരേ വ്യാപകമായ പരാതികള്‍ ലഭിച്ചതിനാല്‍ കേരളത്തിലെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. കമ്പനി അധികൃതര്‍ക്കെതിരേ അന്വേഷണം നടന്നെങ്കിലും തുടര്‍ നടപടികളൊന്നും ഇതുവരെയും ഉണ്ടായില്ല.

എറണാകുളം കേന്ദ്രീകരിച്ചു കണ്ണൂര്‍ സ്വദേശിയുടെ നേതൃത്വത്തില്‍ നടത്തിയ മണിചെയിന്‍ പദ്ധതി പല രീതിയിലാണ് ആളുകളെ പറ്റിച്ചത്. ഇതിനെതിരേയുള്ള അന്വേഷണവും എങ്ങുമെത്തിയില്ല. കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ ഒരു കമ്പനി പ്രമുഖ ഇന്‍ഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് ഇപ്പോള്‍ തട്ടിപ്പ് നടത്തുന്നതായും ആരോപണമുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക