Image

ചരിത്രവിധി:ടീസ്റ്റ സെറ്റല്‍വാദ്

Published on 31 August, 2012
ചരിത്രവിധി:ടീസ്റ്റ സെറ്റല്‍വാദ്
ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് മായാ കൊഡ്‌നാനിയും ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗിയുമടക്കം 32 പേര്‍ ശിക്ഷിക്കപ്പെട്ട നരോദ പാട്യ കേസിലെ വിധിയെ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദ് സ്വാഗതം ചെയ്തു. ചരിത്രപ്രാധാന്യമുള്ള ഈ വിധി അധികാര രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് മേലുള്ള നീതിയുടെയും സത്യത്തിന്റെയും വിജയമാണെന്നും അവര്‍ പറഞ്ഞു.

നരോദ പാട്യ കൂട്ടക്കൊല ആസൂത്രിതമായിരുന്നെന്ന പാര്‍ട്ടി നിലപാടിനെ ശരിവെക്കുന്നതാണ് കേസിലെ വിധിയെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു. കൂട്ടക്കൊല നടക്കുമ്പോള്‍ നോക്കുകുത്തിയായി മാറുകയും അക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത ഗുജറാത്ത് സര്‍ക്കാറിനെതിരെയുള്ള വിധിയാണിത്. എന്നാല്‍ ഇതില്‍ നിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ശിക്ഷിക്കപ്പെട്ട കൊഡ്‌നാനിയും ബാബു ബജ്‌റംഗിയുമടക്കമുള്ള ജനപ്രതിനിധികള്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അറിവോടെ മാത്രമാണ് കൂട്ടക്കൊലയില്‍ പങ്കെടുത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് പറഞ്ഞു. മുഖ്യമന്ത്രിയുടെ സമ്മതമില്ലാതെ ഒരു മന്ത്രിയും ഇത്തരം പ്രവൃത്തികള്‍ ചെയ്യില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വിധി ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ വിജയമാണെന്ന് കേന്ദ്ര നിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പ്രതികരിച്ചു.വിധിയില്‍ സന്തുഷ്ടനാണെന്നും സംഭവം ആര്‍.എസ്.എസ്ബി.ജെ.പി നേതാക്കളെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുമെന്ന് പ്രത്യാശിക്കുന്നതായും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജെ.എസ്. ബന്ദുവാല പറഞ്ഞു.

വിധി സന്തോഷം പകരുന്നതാണെന്നും അതേസമയം അക്രമങ്ങള്‍ നിഷ്‌ക്രിയരായി നോക്കിനിന്ന പൊലീസ് ഓഫിസര്‍മാര്‍ ശിക്ഷിക്കപ്പെടാത്തതില്‍ നിരാശയുണ്ടെന്നും നേരത്തേ കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പിയും മലയാളിയുമായ ആര്‍.ബി. ശ്രീകുമാര്‍ പറഞ്ഞു.

ചരിത്രവിധി:ടീസ്റ്റ സെറ്റല്‍വാദ്
ടീസ്റ്റ സെറ്റല്‍വാദ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക