Image

സീരിയല്‍ നടിയുടെ കൊലപാതകം: ഭര്‍ത്താവിനെ ഉടന്‍ അറസ്റ്റ് ചെയ്യും

Published on 31 August, 2012
സീരിയല്‍ നടിയുടെ കൊലപാതകം: ഭര്‍ത്താവിനെ ഉടന്‍ അറസ്റ്റ് ചെയ്യും
മുക്കം: സീരിയല്‍ നടി കുത്തേറ്റുമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ ഉടന്‍ അറസ്റ്റ് ചെയ്യും. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് മുക്കം പൂളപ്പൊയിലിലെ ക്വാര്‍ട്ടേഴ്‌സില്‍ വാടകക്ക് താമസിക്കുന്ന പന്നിക്കോട് കാരാളിപ്പറമ്പില്‍ കൂടത്തില്‍ പറമ്പില്‍ വര്‍ഷയെ (22) ഭര്‍ത്താവ് കൊണ്ടോട്ടി കിഴിശ്ശേരി വളപ്പില്‍കുണ്ടില്‍ സജീവ് (26) കുത്തിക്കൊന്നത്. സ്വയം കുത്തി മുറിവേല്‍പിച്ച സജീവ് പൊലീസ് കസ്റ്റഡിയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നില ഗുരുതരമല്ലെങ്കിലും ശസ്ത്രക്രിയ ആവശ്യമായിവന്ന ഇയാളെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്താല്‍ അറസ്റ്റ് ചെയ്യും.

വെള്ളിയാഴ്ച ഉച്ചയോടെ കൊടുവള്ളി സി.ഐ രാജപ്പന്‍ റാവുത്തറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റിനു ശേഷമാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലെത്തിച്ചത്. വൈകുന്നേരം പന്നിക്കോട്ടെ കൊടിയത്തൂര്‍ പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. കുനിയില്‍സ്വദേശി രാജുമണിയുടെയും പന്നിക്കോട് സ്വദേശി ബേബിയുടെയും മകളായ വര്‍ഷ തിരുവനന്തപുരത്ത് ബിഫാം കോഴ്‌സിന് പഠിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം പൂളപ്പൊയില്‍ ക്വാര്‍ട്ടേഴ്‌സിലെത്തിയത്.
ടെലിഫിലിമുകളില്‍ വര്‍ഷ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് ദമ്പതികള്‍ക്കിടയില്‍ കലഹം പതിവായിരുന്നുവെന്ന് പറയുന്നു. നിര്‍മാണ തൊഴിലാളിയാണ് സജീവ്. മാതാവിനും ഇളയസഹോദരന്‍ വിഷ്ണുവിനുമൊപ്പമാണ് മൂന്നു മാസമായി വര്‍ഷ പൂളപ്പൊയിലില്‍ താമസിക്കുന്നത്.

രണ്ടു വര്‍ഷം മുമ്പായിരുന്നു സജീവുമായുള്ള വിവാഹം. അക്രമത്തിനിടെ വര്‍ഷയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച മാതാവിനും പരിക്കേറ്റിരുന്നു. സഹോദരന്‍ വിഷ്ണു സംഭവസമയം വീട്ടിലുണ്ടായിരുന്നില്ല. സ്ഥലത്തുനിന്ന് രണ്ട് കത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.

സീരിയല്‍ നടിയുടെ കൊലപാതകം: ഭര്‍ത്താവിനെ ഉടന്‍ അറസ്റ്റ് ചെയ്യും
വര്‍ഷ,സജീവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക