Image

ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ എസ്.എം.എസ്

Published on 31 August, 2012
ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ എസ്.എം.എസ്
തിരുവനന്തപുരം: ഗുണനിലവാരമില്ലാത്തതും നിരോധിച്ചതുമായ മരുന്നുകളുടെ വിവരങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം എസ്. എം. എസ് സംവിധാനം ഏര്‍പ്പെടുത്തുന്നു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നത്. അതേസമയം മരുന്നുകളുടെ ഉല്‍പാദനത്തിലും വില നിശ്ചയിക്കുന്നതിലും ബഹുരാഷ്ട്ര കമ്പനികളെ നിയന്ത്രിക്കാന്‍ സംവിധാനമില്ലാത്തത് തിരിച്ചടിയാണ്.

2001ലെ 'ഫാര്‍മസ്യൂട്ടിക്കല്‍ പോളിസി' എന്ന സര്‍ക്കാര്‍ നയപ്രഖ്യാപനവും 2005ലെ ഇന്ത്യന്‍ പേറ്റന്റ് നിയമ ഭേദഗതിയും വന്നതോടെയാണ് രാജ്യത്തെ ഔഷധ മേഖല പൂര്‍ണമായും വിദേശ കമ്പനികളുടെ നിയന്ത്രണത്തിലായത്. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ ഗുണനിലവാരം, നിരോധിത മരുന്നുകളുടെ വിവരം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കിട്ടാക്കനിയായി. ജനങ്ങളുടെ ഉത്കണ്ഠ അകറ്റുക എന്ന ലക്ഷ്യത്തോടെയാണ് നിരോധിച്ചതും ഗുണനിലവാരമില്ലാത്തതുമായ മരുന്നുകളെ കുറിച്ച് വിവരം നല്‍കാന്‍ എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

സെപ്റ്റംബര്‍ മുതല്‍ ഈ സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഡ്രഗ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍വഴി കണ്ടെത്തുന്ന ഗുണനിലവാരം കുറഞ്ഞതും നിരോധിച്ചതുമായ മരുന്നുകളുടെ വിവരം എസ്.എം.എസ് ആയി പൊതുജനങ്ങളില്‍ എത്തിക്കുകയാണ് പദ്ധതി.
നാഷനല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്ററും (എന്‍.ഐ.സി) കെല്‍ട്രോണും ചേര്‍ന്ന് വിവിധ മൊബൈല്‍ഫോണ്‍ നെറ്റുവര്‍ക്കുകളെ ഏകോപിപ്പിച്ചാണ് എസ്.എം.എസ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വിവരങ്ങള്‍ മൊബൈലില്‍ ലഭിക്കുന്നതിന് ഉപഭോക്താക്കള്‍ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഏതെങ്കിലും മരുന്നുകള്‍ ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തുകയോ നിരോധിക്കുകയോ ചെയ്താല്‍ ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ മൂന്ന് മിനിറ്റിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ ഫോണില്‍ ലഭ്യമാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക