Image

മാര്‍ തോമസ് ചക്യത്ത് വിരമിക്കുന്നു

Published on 31 August, 2012
മാര്‍ തോമസ് ചക്യത്ത് വിരമിക്കുന്നു
കൊച്ചി: എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാനും വികാരി ജനറാളുമായ മാര്‍തോമസ് ചക്യത്ത് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിക്കുന്നു. 75 വയസ്സ് തികയുന്ന സപ്തംബര്‍ 10നാകും വിരമിക്കല്‍.

സഭാ ചട്ടപ്രകാരം 75 വയസ്സ് തികയുമ്പോള്‍ വിരമിക്കുവാന്‍ മാര്‍ തോമസ് ചക്യത്ത് അനുമതി തേടിയിരുന്നു. സീറോ മലബാര്‍ സഭാ സിനഡ് ഇതിന് അനുമതി നല്‍കി.

കറുകുറ്റി മൂന്നാംപറമ്പ് ചക്യത്ത് വീട്ടില്‍ 1937 സപ്തംബര്‍ 10നാണ് തോമസ് ചക്യത്ത് ജനിച്ചത്. 1964 നവംബര്‍ 30ന് വൈദികനായി. റോമിലെ സെന്റ് തോമസ് അക്വിനാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമൂഹ്യശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 23 വര്‍ഷം ആലുവ സെമിനാരിയില്‍ പ്രൊഫസറായിരുന്നു.

1997ല്‍ എറണാകുളംഅങ്കമാലി അതിരൂപത വികാരി ജനറാളായി. 1998 ജനവരി 27നാണ് മോണ്‍. തോമസ് ചക്യത്തിനെ സഹായമെത്രാനായി ഉയര്‍ത്തിയത്. ഏപ്രില്‍ 14 നായിരുന്നു മെത്രാഭിഷേകം. സീറോ മലബാര്‍ സഭ ക്ലര്‍ജി കമ്മീഷന്‍ ചെയര്‍മാനും കെസിബിസി ജാഗ്രതാ കമ്മീഷന്‍ ചെയര്‍മാനുമാണ്.

എറണാകുളംഅങ്കമാലി അതിരൂപത മാര്‍ ചക്യത്തിന് സപ്തംബര്‍ 8ന് യാത്രയയപ്പ് നല്‍കും. 'നന്ദനീയം 2012' എന്ന പരിപാടി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ 10.30ന് കുര്‍ബാനയോടെ ആരംഭിക്കും.

അവശര്‍ക്കും ആലംബഹീനര്‍ക്കും ഒട്ടേറെ സേവന പദ്ധതികള്‍ നടപ്പാക്കിയ മാര്‍ ചക്യത്ത് കാരുണ്യത്തിന്റെ പിതാവെന്നാണ് അറിയപ്പെടുന്നത്. പിതാവിന്റെ അനുഭവങ്ങളും ചിന്തകളും കോര്‍ത്തിണക്കി ലാസ്റ്റ് ലക്ചര്‍വിടവാങ്ങല്‍ സന്ദേശം എന്ന പുസ്തകവും വിരമിക്കലിനൊപ്പം പ്രകാശനം ചെയ്യുന്നുണ്ട്.

മാര്‍ തോമസ് ചക്യത്ത് വിരമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക