Image

നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും

ബെര്‍ലി തോമസ്‌ Published on 27 August, 2012
നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും

ഫസല്‍ ഗഫൂറിന്‍റെയും കെ.ടി.ജലീലിന്‍റെയും നെഞ്ചത്തു കയറിയിട്ടു കാര്യമില്ല. മതസൗഹാര്‍ദ്ദത്തെക്കുറിച്ച് നമുക്കുള്ള അടിസ്ഥാനസങ്കല്‍പങ്ങള്‍ അങ്ങനെയാണ്. മുസ്‍ലിംകള്‍ നിലവിളക്കു കൊളുത്തുന്നത് സാമുദായിക സൗഹാര്‍ദ്ദത്തിനു നല്ലതാണോ ചീത്തയാണോ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനു മുമ്പ്, കൊളുത്തണമെന്നും കൊളുത്തേണ്ടെന്നും പറഞ്ഞവരോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യുന്നതിനു മുമ്പ് കണ്ണടച്ചാലോചിക്കുക. മതസൗഹാര്‍ദ്ദത്തിന്‍റെ ശ്രേഷ്ഠമാതൃകകളായി അധികൃതരും മാധ്യമങ്ങളും നമുക്കു മുന്നില്‍ വച്ചു തന്നിട്ടുള്ള ബിംബങ്ങളും ദൃശ്യങ്ങളും എന്തൊക്കെയാണ് ? ഇപ്പോഴും സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ കണ്ണീരണിയിക്കുന്ന മതസൗഹാര്‍ദ്ദക്കാഴ്ചകളായി നമ്മള്‍ ഷെയര്‍ ചെയ്യുന്നത് എന്തൊക്കെയാണ് ?

എന്‍റെ മനസ്സിലേക്ക് ആദ്യം വരുന്നത് പര്‍ദയണിഞ്ഞ ഒരു സ്ത്രീ ശ്രീകൃഷ്ണജയന്തിക്കോ മറ്റോ കൃഷ്ണവേഷം കെട്ടിയ മകനോടൊപ്പം നില്‍ക്കുന്ന ഒരു ചിത്രമാണ്. അത് മതസൗഹാര്‍ദത്തിന്‍റെ മാതൃകയാകുന്നുണ്ടോ ഇല്ലയോ എന്നൊന്നും വിശകലനം ചെയ്യാനുള്ള വിവരമെനിക്കില്ല.പക്ഷെ,അത് എന്തോ ആണ് എന്നു സത്യസന്ധമായി നമ്മള്‍ വിശ്വസിക്കുന്നുണ്ട്. അതുപോലെ തന്നെ ക്ഷേത്രകലകളില്‍ പ്രാവീണ്യമുള്ള മറ്റു മതസ്ഥരും സ്ഥിരം വാര്‍ത്തയാണ്. എന്തുകൊണ്ട് ? ആര്‍ഷഭാരത സംസ്കാരവും ഹൈന്ദവരുടേതെന്നു മുദ്രകുത്തപ്പെട്ടിട്ടിട്ടുള്ള ആചാരങ്ങളും മതേതരമായി സ്വീകരിക്കപ്പെടുന്നതിന്‍റെ മഹത്വമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നമ്മുടെ നാടിന്‍റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും മതങ്ങള്‍ക്കതീതമായി എല്ലാവരും സ്വീകരിക്കുമ്പോള്‍ അതൊരു വല്ലാത്ത സുഖമാണ് എന്നതില്‍ സംശയമില്ല. അപ്പോള്‍ അടുത്ത ചോദ്യം- അത് ആര്‍ക്കാണ് സുഖം പകരുന്നത് ?

നിലവിളക്ക് ഇതിപ്പോള്‍ എത്രാമത്തെ തവണയാണ് വിവാദത്തില്‍പ്പെടുന്നത് എന്നെനിക്കറിയില്ല. ഫസല്‍ ഗഫൂര്‍ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണ്. കെ.ടി.ജലീല്‍ പറയുന്നത് അദ്ദേഹത്തിന്‍റെ അഭിപ്രായവും. അതുപോലെ ഞാന്‍ എന്‍റെ അഭിപ്രായവും പറയുന്നു. നിലവിളക്ക് കൊളുത്തുന്നതോ കൊളുത്താതിരിക്കുന്നതോ ഭാരതത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയെയും സ്വാധീനിക്കുന്നതല്ല. കൊളുത്താനും കൊളുത്താതിരിക്കാനുമുള്ള സ്വാതന്ത്ര്യം ഇവിടെ എല്ലാവര്‍ക്കുമുണ്ട്. കൊളുത്തുന്നത് നല്ലതാണെന്നോ ചീത്തയാണെന്നോ ഉള്ള അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. ഓരോരുത്തരും എന്തിനാണ് പ്രാധാന്യം നല്‍കുന്നത് എന്നതിന്‍റെ അടിസ്ഥാനത്തില്‍ നിലവിളക്ക് കൊളുത്തുകയോ കൊളുത്താതിരിക്കുകയോ ഒക്കെ ചെയ്യാം.

നിലവിളക്കും മുസ്‍ലിംകളും ചര്‍ച്ചയില്‍ വന്നതുകൊണ്ട് മാത്രമാണ് ഇതിലൊരു വാര്‍ത്താപ്രാധാന്യം ഉണ്ടായത് എന്നെനിക്കു തോന്നുന്നു. ക്രിസ്ത്യാനികള്‍ ഈ നിലവിളക്കിനെ പിടിച്ചുകൊണ്ടുപോയി അതിന്‍റെ മണ്ടയ്‍ക്ക് ഒരു കുരിശും പിടിപ്പിച്ച് ക്രിസ്ത്യാനിയാക്കി. നിലവിളക്കിനെ അംഗീകരിക്കലോ ആദരിക്കലോ ആയി അതിനെ കാണാന്‍ കഴിയുമോ ? ഈശ്വരാ ഞാനിതു കൊളുത്തേണ്ടി വന്നതില്‍ പശ്ചാത്തപിക്കുന്നു, എന്നോടു ക്ഷമിക്കേണമേ എന്നു മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ട് നിലവിളക്കിനെ സമീപിക്കുന്നതിനെക്കാള്‍ ഞാനിത് കൊളുത്തുന്നില്ല എന്നു പറയാന്‍ ധൈര്യം കാണിക്കുന്നത് തന്നെയാണ് ശരിയായ നിലപാട് എന്നാണ് ഞാന്‍ കരുതുന്നത്.

നിലവിളക്ക് കൊളുത്താനാഗ്രഹിക്കുന്നവര്‍ക്ക് ഭയാശങ്കകളില്ലാതെ അതു ചെയ്യാന്‍ അനുവദിക്കുന്ന സ്വാതന്ത്ര്യം നിലവിളക്ക് കൊളുത്താനാഗ്രഹിക്കാനാഗ്രഹിക്കാത്തവര്‍ക്ക് കൊളുത്താതിരിക്കാനുള്ള സ്വാതന്ത്ര്യവും നല്‍കുന്നുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഓരോ വ്യക്തിക്കും അവരവുടെ വിശ്വാസം (മതവിശ്വാസം തന്നെയാവണമെന്നില്ല) അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത സമൂഹത്തിന് പരിഷ്‍കൃതസമൂഹമെന്ന് അവകാശപ്പെടാനാവില്ല. നിലവിളക്ക് കൊളുത്താനാഗ്രഹിക്കുന്ന ഒരാളും ആരെയും ഭയന്ന് അതില്‍ നിന്നു പിന്തിരിയാതിരിക്കട്ടെ, അതു കൊളുത്താനാഗ്രഹിക്കാത്ത ഒരാളും ആരെയും ഭയന്ന് അതു ചെയ്യാതിരിക്കട്ടെ. ആരു കൊളുത്തിയാലും ഇല്ലെങ്കിലും നിലവിളക്കിന് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല.
http://berlytharangal.com/?p=9825

see also നിലവിളക്കും കൈകൂപ്പലും: ഒരിന്ത്യന്‍ മുസ്‌ലിമിന്റെ ആലോചനകള്‍
നിലവിളക്ക് കൊളുത്തുന്നതും കൊളുത്താതിരിക്കുന്നതും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക