Image

ദുബായില്‍ 13 നടപ്പാലങ്ങളുടെ നിര്‍മാണം തുടങ്ങി

Published on 28 August, 2012
ദുബായില്‍ 13 നടപ്പാലങ്ങളുടെ നിര്‍മാണം തുടങ്ങി
ദുബായ്‌: കാല്‍നടയാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ മേഖലകളില്‍ നൂതന സംവിധാനങ്ങളോടുകൂടിയ പതിമൂന്നു നടപ്പാലങ്ങളുടെ നിര്‍മാണം ആര്‍ടിഎ തുടങ്ങി. ഈ വര്‍ഷം അവസാനത്തോടെ ആകെ നടപ്പാലങ്ങളുടെ എണ്ണം 74 ആകും. 2016 ആകുമ്പോഴേക്കും 105 പാലങ്ങള്‍ പൂര്‍ത്തിയാക്കാനാണു ലക്ഷ്യമിടുന്നത്‌. മെട്രോ സ്‌റ്റേഷനോടനുബന്ധിച്ചും തിരക്കുള്ള മേഖലകളിലുമാണു പാലങ്ങള്‍ നിര്‍മിക്കുകയെന്നു ട്രാഫിക്‌ ആന്‍ഡ്‌ റോഡ്‌സ്‌ ഏജന്‍സി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ മൈതാ ബിന്‍ ആദായി പറഞ്ഞു.

ഈ വര്‍ഷം രണ്ടു നടപ്പാലങ്ങള്‍ തുറന്നു. അബൂബക്കര്‍ അല്‍ സിദ്ദിഖ്‌ റോഡിലും എമിറേറ്റ്‌സ്‌ ഹില്‍സിലുമാണിത്‌. രണ്ടുവര്‍ഷത്തിനിടെ ഖാലിദ്‌ ബിന്‍ അല്‍ വലീദ്‌, അല്‍ മന്‍ഖൂല്‍, ബനിയാസ്‌, ദമാസ്‌കസ്‌, അല്‍ റാഷിദ്‌, അല്‍ റബാത്‌ റോഡുകളില്‍ നടപ്പാലങ്ങള്‍ തുറന്നിരുന്നു. എമിറേറ്റ്‌സ്‌ റോഡില്‍ ഫ്രൂട്‌സ്‌ ആന്‍ഡ്‌ വെജിറ്റബിള്‍ മാര്‍ക്കറ്റ്‌, അല്‍ അവീര്‍ മാര്‍ക്കറ്റിലെ ജീവനക്കാരുടെ താമസസ്‌ഥലം, അല്‍ മിന, ഷെയ്‌ഖ്‌ റാഷിദ്‌, ഉംസുഖൈം, അല്‍ വുഹൈദാ, അമ്മാന്‍, ലത്തീഫ ബിന്‍ത്‌ ഹംദാന്‍, അബൂബക്കര്‍ അല്‍ സിദ്ദിഖ്‌, അല്‍ ഖലീജ്‌ റോഡുകളിലെ പാലം പൂര്‍ത്തിയായി.

പരമ്പരാഗത ശൈലിയിലുള്ള പാലങ്ങളില്‍ നൂതന ഇലക്‌ട്രോണിക്‌ സംവിധാനങ്ങള്‍ ഉണ്ടാകും. പഠനം നടത്തിയാണു പാലങ്ങള്‍ എവിടെയാണെന്നു തീരുമാനിക്കുക. റോഡിലെ തിരക്ക്‌, അനുവദനീയമായ വേഗം, റോഡിന്റെ ഇരുഭാഗത്തെയും സ്‌ഥാപനങ്ങള്‍ തുടങ്ങിയവ കണക്കിലെടുത്താണു പാലം നിര്‍മിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക