Image

ഓര്‍മ്മകളില്‍ ഓണം-മീട്ടു റഹ്മത്ത് കലാം

മീട്ടു റഹ്മത്ത് കലാം Published on 28 August, 2012
ഓര്‍മ്മകളില്‍ ഓണം-മീട്ടു റഹ്മത്ത് കലാം
ഓര്‍മ്മകള്‍ എന്ന് പറയുമ്പോള്‍ തന്നെ എല്ലാവരുടെയും മനസ്സില്‍ തെളിയുന്ന ദൃശ്യങ്ങള്‍ക്ക് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എഫക്ടാണ്. എന്നാല്‍ ഓണത്തെക്കുറിച്ചുള്ള എത്ര പഴക്കമുള്ള ഓര്‍മ്മയും വര്‍ണ്ണാഭമാണ്. പൂക്കളും പൂമ്പാറ്റകളും പകിട്ടാര്‍ന്ന വൈവിധ്യമുള്ള വേഷങ്ങള്‍ ധരിച്ച കുട്ടികളും മുതിര്‍ന്നവരും വള്ളംകളിയും എല്ലാം ഒത്തുചേരുമ്പോള്‍ മഴവില്ലിനെ തോല്‍പ്പിക്കുന്ന തരത്തില്‍ നിറങ്ങളുടെ ആറാട്ട് തീര്‍ക്കുകയാണ് ഓരോ ഓണവും. നിറങ്ങളുടെ ഉത്സവമായ ഹോളിയില്‍പ്പോലും വര്‍ണ്ണങ്ങളുടെ നിറച്ചാര്‍ത്തിന് ഇത്ര സൗന്ദര്യമുണ്ടോ എന്ന് സംശയം തോന്നുന്നത് മലയാളിയുടെ സ്വാര്‍ത്ഥത മാത്രമല്ല എന്നത് തീര്‍ച്ചയാണ്.

അല്ലെങ്കില്‍ തന്നെ ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഓണം സമ്മാനിക്കുന്നത് നിറങ്ങളുടെ ലോകം മാത്രമല്ലല്ലോ. തൂശനിലയില്‍ വിളമ്പിവയ്ക്കുന്ന പലതരം രുചിക്കൂട്ടുകള്‍ നാവിന് ഹരം പകരുമ്പോള്‍ ഓണപ്പാട്ടും തിരുവാതിരകളിയുടെ താളവുമൊക്കെ ചേര്‍ന്ന് കാതിനെ കുളിര്‍പ്പിക്കുന്നു. വേറിട്ട ഗന്ധങ്ങളെ തിരിച്ചറിയാനും ഓണക്കാലം വഴിയൊരുക്കുന്നുണ്ട്. അത്തപ്പൂക്കളമൊരുക്കാന്‍ കൂട്ടുകാരുമൊത്ത് പൂക്കുടയുമായി തൊടിയില്‍ പോയിപ്പറിച്ച പൂക്കളുടെ നറുമണം മുതല്‍ പപ്പടം കാച്ചുന്നതിന്റെയും പായസത്തിന്റെയും സദ്യയുടെയും ഓണക്കോടിയുടെ പുതുമണം വരെയും ഒരിക്കല്‍ അനുഭവിച്ച ആള്‍ ലോകത്തിന്റെ ഏത് കോണിലിരുന്ന് ഓണനാളില്‍ ആഞ്ഞൊരു ശ്വാസമെടുത്താല്‍ മൂക്കിന്‍ തുമ്പത്ത് ആ ഗന്ധം അതേ ഊക്കോടെ എത്തും. ഒത്തുചേരലുകളും ഒന്നിച്ചുള്ള ഊഞ്ഞാലാട്ടവും ഓണത്തല്ലും വടംവലിയും പുലികളിയും ഒരുക്കങ്ങളും ഓര്‍ക്കാന്‍ തുടങ്ങിയാല്‍ സമാനതകള്‍ ഒരു പാടുണ്ട് ഓരോ മലയാളിയുടെയും വികാരങ്ങളെത്തൊട്ടുണര്‍ത്തുന്ന ഓണസ്മരണകളില്‍. എങ്ങനെ നോക്കിയാലും പഞ്ചേന്ദ്രിയങ്ങളെ മൊത്തത്തില്‍ തഴുകിത്തലോടി ആനന്ദലഹരിയില്‍ ആഴ്ത്തിയാണ് ഓരോ ഓണവും കടന്നു പോകുന്നത്.

മുന്‍പേ ജനിച്ചവര്‍ എന്തുകൊണ്ടും ഭാഗ്യവാന്മാരാണ്. ഓണത്തിന്റെ എല്ലാ നന്മകളും ഉള്‍ക്കൊണ്ട് ആഘോഷിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. സത്യത്തില്‍ ഇങ്ങനൊരുത്സവം ആഘോഷിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത് തന്റെ ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് മാത്രം ചിന്താകുലനായിരുന്ന മാവേലിത്തമ്പുരാന്റെ നിസ്വാര്‍ത്ഥ സ്‌നേഹം അതേ അളവില്‍ മടക്കി നല്‍കുക എന്നതാണ്. ഓണത്തിനെ സംബന്ധിച്ചുള്ള ഐതീഹ്യം ലക്ഷ്യമിടുന്നത് ജനങ്ങളുടെ സമൃദ്ധിയോടും സമത്വത്തോടും കൂടിയ ജീവിതമാണ്. വര്‍ഷത്തിലൊരിക്കലല്ലേ മാവേലി ഇതൊക്കെ കാണുകയുള്ളൂ എന്ന് പറഞ്ഞ് മാവേലിയെയും തന്നെതന്നെയും പറ്റിച്ച് മലയാളി തന്റെ ശീലം തുടര്‍ന്നു പോകുന്നു. ഓണം കഴിയുമ്പോള്‍ ദരിദ്രന്‍ ദരിദ്രനായി തന്നെ തുടരുന്നു.

മണ്ണും കാലാവസ്ഥയും കനിയാന്‍ തുനിഞ്ഞ് നിന്നാലും കൃഷിചെയ്യാനുള്ള മനസ്സ് കാണിക്കാതെ അന്യദേശത്തെ പച്ചക്കറികളും വാഴയില വരെയും പൊള്ളുന്ന വിലകൊടുത്ത് സദ്യവട്ടത്തിനായി വാങ്ങേണ്ടി വരുന്നു ഓണക്കാലത്ത് കേരളീയര്‍ക്ക്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ പൂക്കളമൊരുക്കാന്‍ പൂക്കള്‍ക്ക് വേണ്ടിയും ഇത്തരത്തില്‍ മലയാളികള്‍ വല്ലാതങ്ങനെ മറുനാടിനെ ആശ്രയിച്ചിരുന്നു. പൂക്കള്‍ നുള്ളാന്‍ പോലും സമയമില്ലാതായതോടെ ഇപ്പോള്‍ അത്തപ്പൂക്കളവും ഫ്‌ളക്‌സായി ലഭിച്ചു തുടങ്ങി. ഓണം ഓഫര്‍, കാര്‍ണിവല്‍ തുടങ്ങി മലയാളിയുടെ വീക്‌നെസ് അറിഞ്ഞുള്ള കച്ചവടതന്ത്രവുമായി ഞായറാഴ്ചകളിലും തുറന്ന് പ്രവര്‍ത്തിക്കുന്ന ഷോറൂമുകള്‍ക്കുമുന്നിലും പൂക്കളത്തിന്റെയും മാവേലിയുടെയും ഫ്‌ളക്‌സുകളാണ് പ്രധാന ആകര്‍ഷണം. റെഡിമെയ്ഡ് ഓണസദ്യയുമായി ഹോട്ടലുകള്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ഈ തലമുറയ്ക്ക് അമ്മയുടെ കൈപ്പുണ്യം ചാലിച്ച ഓണസദ്യയും അന്യമായി.

ഒരര്‍ത്ഥത്തില്‍ ഓണാഘോഷത്തിന്റെ വിശുദ്ധിയില്‍ വിട്ടുവീഴ്ചകള്‍ വരുത്താതെ വികാരമുള്‍ക്കൊണ്ടുള്ള ആഘോഷങ്ങള്‍ നടത്തുന്നത് മറുനാടന്‍ മലയാളികളും പ്രവാസി മലയാളികളുമാണ്. ജീവിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ നഷ്ടപ്പെടുന്നത് പലതും തിരിച്ചുപിടിക്കാനുള്ള ആത്മാര്‍ത്ഥതയും സ്‌നേഹവും കലര്‍ന്ന അവരുടെ ശ്രമം കൂടിയാണ് അവര്‍ക്ക് ഓണം. അങ്ങനെ വരുമ്പോള്‍ കേരളത്തിന്റെ ഇപ്പോഴുള്ള രാഷ്ട്രീയ പശ്ചാത്തലവും നിരന്തരമായ ഹര്‍ത്താലുകളും അരക്ഷിതാവസ്ഥയുമൊക്കെ കണക്കിലെടുത്ത് ഒരു പക്ഷേ മാവേലി, തന്നെ ചവിട്ടി താഴ്ത്തിയ വാമനനോട് നന്ദി പറയുകയും ഇനിമുതല്‍ കേരളത്തിലേയ്‌ക്കെന്നതിനു പകരം നന്മയുള്ള മലയാളികളുള്ള കോണിലേയ്ക്ക് പോകാനുള്ള അവസരം ചോദിക്കുകയും ചെയ്യും.

നമ്മള്‍ ഉള്ളിടത്ത് തന്നെ മാവേലി വരാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം അതിനായി പ്രയന്തിക്കാം.
ഓര്‍മ്മകളില്‍ ഓണം-മീട്ടു റഹ്മത്ത് കലാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക