Image

റിയാദില്‍ തീവ്രവാദികളെന്ന്‌ സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍

Published on 27 August, 2012
റിയാദില്‍ തീവ്രവാദികളെന്ന്‌ സംശയിക്കുന്ന രണ്ടുപേര്‍ അറസ്റ്റില്‍
റിയാദ്‌: ഭീകരവാദ ശൃംഖലയിലെ കണ്ണികളെന്ന്‌ കരുതുന്ന സംഘം റിയാദില്‍ സുരക്ഷാവിഭാഗത്തിന്‍െറ പിടിയിലായി. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ്‌ സംഘം പ്രത്യേക ഇന്‍റലിജന്‍സ്‌ വിഭാഗത്തിന്‍െറ വലയിലായത്‌. ഭീകരപ്രവര്‍ത്തനം ലക്ഷ്യംവെച്ച്‌ നിരവധി പേരെ സംഘം വലയിലാക്കുകയും ആയുധപരിശീലനം നല്‍കുകയും ചെയ്‌തതായി കരുതുന്നു. റിയാദിന്‍െറ പ്രധാനകേന്ദ്രങ്ങളില്‍ സുരക്ഷാ ആസ്ഥാനങ്ങളും സ്വദേശികളും വിദേശികളും താമസിക്കുന്ന റസിഡന്‍ഷ്യല്‍ മേഖലകളും പൊതു മേഖല സ്ഥാപനങ്ങളും സംഘം ഉന്നമിട്ടിരുന്നതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഭീകരപ്രവര്‍ത്തന ലക്ഷ്യം നേടുന്നതിനുള്ള ആസൂത്രണത്തില്‍ സംഘം വളരെ മുന്നോട്ടുപോയതായും അതിന്‍െറ ഭാഗമായി റിയാദിന്‌ പുറത്ത്‌ സ്‌ഫോടന പരിശീലനം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനത്തില്‍ സംഘത്തിലെ ചില അംഗങ്ങള്‍ക്ക്‌ പൊള്ളലേല്‍ക്കുകയും ചിലരുടെ വിരലറ്റുപോവുകയു ചെയ്‌തതായി സുരക്ഷാവിഭാഗം കണ്ടെത്തി.
രാജ്യത്തിനു പുറത്തുള്ള തീവ്രവാദ ഗ്രൂപ്പുകളുമായി സംഘത്തിന്‌ ബന്ധമുള്ളതായി വ്യക്തമായിട്ടുണ്ട്‌. ഇവര്‍ക്ക്‌ നേതൃത്വം നല്‍കുന്നുവെന്ന്‌ കരുതപ്പെടുന്ന സ്വദേശി പൗരന്‍ പിടിയിലായതോടെയാണ്‌ സംഘത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ സുരക്ഷാവിഭാഗത്തിന്‌ ലഭിച്ചത്‌.

അസദുല്‍ ഹുസൂര്‍, ഫാരിസുല്‍ മഅ്‌റക, നമിറുല്‍ ജിഹാദ്‌, അബൂജന്‍ദല്‍ അല്‍യമാനി എന്നീ അപരനാമങ്ങളിലറിയപ്പെടുന്നവരാണ്‌ പിടിയിലായ മറ്റുള്ളവര്‍. പിടിയിലായ ആറ്‌ പേര്‍ യമനികളാണ്‌. ഇവര്‍ കുറ്റം സമ്മതിച്ചതായി സുരക്ഷാവിഭാഗം വെളിപ്പെടുത്തി. സംഘം ഉപയോഗിച്ചിരുന്ന മൂന്ന്‌ കേന്ദ്രങ്ങളും സുരക്ഷാവിഭാഗം കണ്ടെത്തി. റിയാദ്‌ നഗരത്തിലെ ഒരു പള്ളിയോട്‌ ചേര്‍ന്നുള്ള മുറിയില്‍നിന്ന്‌ സ്‌ഫോടനത്തിനുപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍, മൊബൈല്‍ ഫോണുകള്‍, റിമോട്ട്‌ കണ്‍ട്രോള്‍ ഉപകരണങ്ങള്‍, ഏതാനും രേഖകള്‍, പണം തുടങ്ങിയവ കണ്ടെടുത്തു. ജിദ്ദയില്‍ പിടിയിലായ സ്വദേശിയടക്കമുള്ള ഭീകരവാദ ശൃഖലയിലെ ചിലരുമായും സംഘത്തിന്‌ ബന്ധമുണ്ട്‌.

അന്വേഷണത്തിന്‍െറ ഭാഗമായി ഒളിവില്‍ കഴിയുന്ന സ്വദേശികളായ സ്വാലിഹ്‌ അബ്ദുറഹ്മാന്‍ സുഹൈബാനി, അലി നാസിര്‍ അസീരി എന്നിവരോട്‌ ചോദ്യംചെയ്യലിന്‌ ഹാജരാകാന്‍ സുരക്ഷാവിഭാഗം ഉത്തരവിറക്കുകയും വിവരം ബന്ധുക്കള്‍ക്കും കൈമാറുകയും ചെയ്‌തിട്ടുണ്ട്‌. ഇവരെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 990 എന്ന നമ്പറിലേക്കോ തൊട്ടടുത്ത പൊലീസ്‌ കേന്ദ്രങ്ങളിലോ അറിയിക്കണമെന്നും മന്ത്രാലയത്തിന്‍െറ അറിയിപ്പില്‍ ആവശ്യപ്പെട്ടു. ഭീകരവാദ ശൃംഖലയിലെ ഏതെങ്കിലും വ്യക്തികളുമായി ബന്ധപ്പെടുകയോ അവര്‍ക്ക്‌ സഹായം നല്‍കുകയോ ചെയ്യുന്നതിനെതിരെ മന്ത്രാലയം മുന്നറിയിപ്പ്‌ നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക