Image

കായിക രംഗത്തെ തിരിച്ചടിക്ക് ഉത്തരം പറയേണ്ടത് ഭരണകൂടം: പി.ടി. ഉഷ

കാരൂര്‍ സോമന്‍ (ചാരുമ്മുട്) Published on 25 August, 2012
കായിക രംഗത്തെ തിരിച്ചടിക്ക് ഉത്തരം പറയേണ്ടത് ഭരണകൂടം: പി.ടി. ഉഷ
പിലാവുള്ളകണ്ടി തെക്കേപ്പറമ്പില്‍ ഉഷ, അഥവാ പി.ടി ഉഷ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരി. 1984ല്‍ പദ്‌മശ്രീയും അര്‍ജുന അവാര്‍ഡും. ഇപ്പോള്‍ ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ നടത്തുന്നു. 1985 ലും 1986 ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളില്‍ ഒരാള്‍. അതിനു മുമ്പും പിന്നീടും ഇന്ത്യയില്‍ നിന്നൊരാളും ഈ ലിസ്റ്റില്‍ ഇടംനേടിയിട്ടില്ല. ആ ഉഷയാണ്‌ മുന്നില്‍ ഇരിക്കുന്നത്‌.

സെക്കന്‍ഡുകളുടെ വില നന്നായറിയാവുന്ന ഉഷ, സെക്കന്‍ഡുകളുടെ വിജയം ലണ്ടന്‍ ഒളിമ്പിക്‌സില്‍ നേരിട്ട്‌ കാണാനെത്തിയതായിരുന്നു. 1984ല്‍ ലോസ്‌ ആഞ്ചല്‍സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 55.42 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌ത്‌ നാലാമതെത്തിയ ുഷയ്‌ക്ക്‌ വെങ്കലമെഡല്‍ നഷ്ടമായത്‌ തലനാരിഴയ്‌ക്ക്‌. ഇന്ത്യന്‍ അത്‌ലറ്റിക്‌ ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തിയ നിമിഷം. 1992 ല്‍ ബാഴ്‌സലോണ ഒളിമ്പിക്‌സ്‌ ഒഴിച്ച്‌ 1980 മുതല്‍ 1996 വരെ എല്ലാ ഒളിമ്പിക്‌സ്‌ മത്സരത്തിലും പങ്കെടുത്തെങ്കിലും സെക്കന്‍ഡിന്റെ ഈ വില ഇന്നും ഉഷയുടെ മനസ്സിലെ നൊമ്പരമാണ്‌.

ലണ്ടന്‍ ഒളിമ്പിക്‌സ്‌ വില്ലേജ്‌ സ്ഥിതി ചെയ്യുന്ന സ്‌ട്രാറ്റ്‌ഫോഡ്‌ സ്റ്റേഡിയത്തിനു സമീപമുള്ള പാംഗ്രോവ്‌ ഹോട്ടലില്‍ വച്ചാണ്‌ ഉഷയെ കണ്ടത്‌. ഒപ്പം അരുമശിഷ്യ ടിന്റു ലൂക്കയുമുണ്ട്‌. മെഡല്‍ നേടാനായില്ലെങ്കിലും ലണ്ടന്‍ ഒളിമ്പിക്‌സില്‍ ടിന്റു കാഴ്‌ചവച്ച ട്രാക്കിലെ പ്രകടനത്തിന്റെ സംതൃപ്‌തി ഉഷയുടെ കണ്ണുകളില്‍ കാണാനുണ്ട്‌. കേരളത്തില്‍ നിന്നെത്തിയ മറ്റു കായികതാരങ്ങളും ഉഷയ്‌ക്കൊപ്പമുണ്ടായിരുന്നു. ഏതാനും സമയം അവരോടൊപ്പം ചെലവഴിച്ചു.

ഉഷയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്‌:

? നമ്മുടെ കായിക താരങ്ങള്‍ക്ക്‌ ലോകോത്തരവേദികളില്‍ എന്താണ്‌ സംഭവിക്കുന്നത്‌

= അതിനുത്തരം പറയേണ്ടത്‌ നമ്മുടെ ഭരണകൂടങ്ങളാണ്‌. ഓരോരോ രാജ്യക്കാര്‍, അവരുടെ താരങ്ങള്‍ക്കായി കോടിക്കണക്കിനു രൂപയാണ്‌ ചെലവിടുന്നത്‌. എന്നാല്‍ നമ്മുടെ കായികമന്ത്രാലയങ്ങളുടെ സമീപനം എന്താണെന്ന്‌ ഒന്നാലോചിച്ചു നോക്കൂ. കേരളത്തിലെ ഇന്നുവരെയുള്ള കായികചരിത്രം പരിശോധിക്കുന്ന ആര്‍ക്കും അതു മനസ്സിലാകും. കായികതാരങ്ങള്‍ക്ക്‌ പേരിനായി എന്തെങ്കിലും ചെയ്‌തു ഉന്തി തള്ളി വിടുന്നതിനേക്കാള്‍ അവര്‍ക്ക്‌ പരിപൂര്‍ണ സഹായങ്ങളും ആധുനിക പരിശീലന കളരികളുമുണ്ടാകണം. ലോകോത്തര വേദികളില്‍ കായിക താരങ്ങള്‍ക്ക്‌ നല്ല സമീപനങ്ങളും പ്രോത്സാഹനങ്ങളും ലഭിച്ചാല്‍ നമ്മുടെ കുട്ടികള്‍ ഒളിമ്പിക്‌ മെഡല്‍ നേടും. അതിനായി പിടി ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ മാത്രം ശ്രദ്ധിച്ചാല്‍ പറ്റില്ല.

? റിയോഡിജനീറോയില്‍ 2016-ല്‍ നമുക്ക്‌ ഒരു ഒളിമ്പിക്‌ അത്‌ലറ്റിക്‌ മെഡല്‍ പ്രതീക്ഷിക്കാമോ

= തീര്‍ച്ചയായും. സാധ്യതകള്‍ ധാരാളമാണ്‌. എന്നാല്‍ അതിന്‌ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാവണം. കായിക മന്ത്രാലയം കണ്ണുതുറന്ന്‌ കായികലോകത്തേക്ക്‌ നോക്കണം. എന്തെല്ലാം തരത്തിലുള്ള ആധുനിക പരിശീലന കളരികളും അദ്ധ്യാപന മുറകളുമാണ്‌ അവിടെ നടക്കുന്നത്‌. ഈ മെഡല്‍ നേടുന്ന താരങ്ങള്‍ അവര്‍ക്ക്‌ പ്രിയപ്പെട്ട മുത്തുകളാണ്‌. അഭിമാനമാണ്‌.

? പി.ടി ഉഷ സ്‌കൂള്‍ ഓഫ്‌ അത്‌ലറ്റിക്‌സ്‌ ധാരാളം സഹായങ്ങള്‍ ഈ രംഗത്ത്‌ ചെയ്‌തിട്ടില്ലേ

= സത്യത്തില്‍ സര്‍ക്കാര്‍ മെഷിനറികളാണ്‌ ഈ രംഗത്ത്‌ ആദ്യം വരേണ്ടത്‌. എനിക്ക്‌ സഹായിക്കാന്‍ കഴിയുന്നതിന്‌ ഒരു പരിധിയില്ലേ? ഒന്നോ രണ്ടോ കുട്ടികളെ എന്റെ ചെലവില്‍ ഞാന്‍ നോക്കാം. അതു മതിയോ? നമ്മുടെ സര്‍ക്കാര്‍ ഇന്‍സ്‌റ്റിറ്റിയൂഷന്‍സ്‌ ഈ കാര്യത്തില്‍ ഗൗരവമായി മറ്റ്‌ രാജ്യങ്ങളിലെ കായികസ്ഥാപനങ്ങളെ നോക്കി പഠിക്കണം. ഉസൈന്‍ ബോള്‍ട്ടിന്റെ കുടുംബത്തെപ്പറ്റി അധികമാര്‍ക്കുമറിയില്ല. എന്നാല്‍, അയാള്‍ക്ക്‌ ലഭിക്കുന്ന പരിശീലനത്തെപ്പറ്റി ലോകത്തെ കായികതാരങ്ങള്‍ക്ക്‌ എല്ലാമറിയാം. അതാണ്‌ വ്യത്യാസം. ജമൈക്ക എന്നൊരു രാജ്യത്തു നിന്ന്‌ ഒരു ഉസൈന്‍ ബോള്‍ട്ട്‌ മാത്രമല്ല, യൊഹാന്‍ ബ്ലേക്ക്‌ ഉള്‍പ്പെടെ എത്രയെത്ര താരങ്ങള്‍. അതു മാത്രം കണ്ടു പഠിച്ചാല്‍ മതി, നാം എവിടെ നില്‍ക്കുന്നുവെന്നു തിരിച്ചറിയാന്‍. നമുക്ക്‌ ഒരു ടിന്റു ലൂക്ക മതിയോ? പോരാ. ഇതു പോലെ ധാരാളം ടിന്റുമാര്‍ കടന്നു വരണം. അവര്‍ക്ക്‌ വഴിയും സാഹചര്യവുമുണ്ടാക്കേണ്ടത്‌ നമ്മെ ഭരിക്കുന്നവരാകണം. നമ്മുടെ സമീപനം പലപ്പോഴും നെഗറ്റീവാണ്‌. അതു മാറി പോസിറ്റീവ്‌ സമീപനം വന്നാല്‍ നമുക്ക്‌ ഈ രംഗത്ത്‌ ഇന്നുള്ളതിനേക്കാള്‍ വളരാന്‍ കഴിയും.

? എന്തു കൊണ്ട്‌ ഇന്ത്യന്‍ അത്‌ലറ്റുകള്‍ സാങ്കേതികമായി പിന്നോക്കം പോകുന്നു

= പിന്നോക്കത്തിന്‌ കാരണം കുട്ടികളല്ല. കഴിവും സാമര്‍ത്ഥ്യവുമുള്ള കായികതാരങ്ങള്‍ നമുക്കുണ്ട്‌. കായിക രംഗത്തെപ്പറ്റി അറിവില്ലാത്തവര്‍ കായികരംഗം വാഴാന്‍ ശ്രമിച്ചാല്‍ സാങ്കേതികമായി മാത്രമല്ല അടിസ്ഥാനപരമായി തന്നെ നാം പിന്നോക്കം പോകും. നാം ഇതു തിരിച്ചറിയണം. ഞാന്‍ നടത്തുന്ന ഇന്‍സ്‌റ്റിറ്റിയൂട്ട്‌ തന്നെ ഇതിന്‌ ഏറ്റവും വലിയ ഉദാഹരണമാണ്‌.

? നമ്മുടെ കായികമന്ത്രാലയങ്ങള്‍ ഇക്കാര്യത്തില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ

= ഞാന്‍ മത്സരരംഗത്തേക്കു വരുന്ന 1980 നേക്കാള്‍ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നു പറയാം. എന്നാല്‍ അതു കൊണ്ട്‌ ഫലപ്രദമാണെന്നു പറയാനാകുമോ? കുട്ടികള്‍ക്ക്‌ വേണ്ടത്‌ എന്താണ്‌? സര്‍ക്കാരില്‍ നിന്നും ജനങ്ങളില്‍ നിന്നും നല്ല പിന്തുണ വേണം. മികച്ച സപ്പോര്‍ട്ട്‌ കിട്ടിയാല്‍ നല്ല കുട്ടികളെ ഈ രംഗത്തു വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയും. അതിനു യാതൊരു മാറ്റവുമില്ല. ഞാനെങ്ങനെ എന്റെ സ്ഥാപനം നടത്തിക്കൊണ്ടു പോകുന്നുവെന്ന ബുദ്ധിമുട്ട്‌ ടിന്റുവിന്‌ അറിയാം. സര്‍ക്കാരിന്റെ സമീപനം കുറെയെങ്കിലും പോസിറ്റിവ്‌ ആയാല്‍ നല്ല ഫലം കിട്ടും. ഈ താരങ്ങളെക്കുറിച്ച്‌ മനസ്സിലാക്കി, നല്ല പരിശീലനവും നല്ല ജോലിയും കുടുംബഭാരവുമൊക്കെ മാറ്റിയെടുത്താല്‍ അതിനു കഴിയും. പലപ്പോഴും നമ്മുടെ കുട്ടികള്‍ മാനസികമായി പിരിമുറുക്കം അനുഭവിക്കുന്നവരാണ്‌. ഇതിന്റെ കാരണങ്ങള്‍ കായികമന്ത്രാലയം ശ്രദ്ധിച്ചിട്ടുണ്ടോ? കണ്ടിട്ടുണ്ടോ? കണ്ണുണ്ടായാല്‍ പോരാ കാണണം.

? എങ്ങനെയാവണം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു അത്‌ലറ്റിനെ വാര്‍ത്തെടുക്കേണ്ടത്‌

= അത്‌ അത്ര നിസ്സാരമായിട്ടുള്ള ഒരു കാര്യമല്ല. സ്‌കൂള്‍തലം മുതല്‍ ഒരു കുട്ടിയുടെ കഴിവിനെ തിരിച്ചറിയാനുള്ള അധ്യാപകര്‍ ഉണ്ടാകണം. അങ്ങനെ കഴിവുള്ളവരെ നാം പ്രോത്സാഹിപ്പിച്ചാല്‍ മെല്ലെ മെല്ലെ അവര്‍ വളര്‍ന്നു കൊള്ളും. ഒപ്പം നമ്മള്‍ സപ്പോര്‍ട്ടായി പിന്നിലുണ്ടാകുകയും വേണം. കായിക രംഗത്തേക്ക്‌ വമ്പന്മാര്‍ ഇങ്ങനെയാണ്‌ ഒളിമ്പിക്‌സ്‌ വരെ അവരെ എത്തിക്കുന്നത്‌.

? ലണ്ടന്‍ ഒളിമ്പിക്‌സിന്റെ പശ്ചാത്തലത്തില്‍ ടിന്റു ലൂക്കയുടെ കായിപ്രകടനം എങ്ങനെ വിലയിരുത്തുന്നു

= ടിന്റുവിനെ ഒളിമ്പിക്‌സിനു പങ്കെടുക്കാന്‍ പറ്റിയതു തന്നെ ഒരു മഹാഭാഗ്യമായി ഞാന്‍ കാണുന്നു. വെറും രണ്ടു മിനിറ്റില്‍ താഴെ ടിന്റുവിന്‌ ഫിനിഷ്‌ ചെയ്യാന്‍ കഴിയുന്നു. ടിന്റുവിനു മാത്രമല്ല, ഈ രംഗത്തെ എല്ലാ കുട്ടികള്‍ക്കും വേണ്ടുന്ന എല്ലാവിധ പരിശീലനങ്ങളുമുണ്ടെങ്കില്‍ ടിന്റു ഇന്നുള്ളതിനേക്കാള്‍ നല്ല സ്‌കോര്‍ ചെയ്യും. അത്‌ ഉറപ്പാണ്‌. എന്നാല്‍ അതീവ ദയനീയമെന്നു പറയട്ടെ, നമ്മുടെ കുട്ടികള്‍ക്ക്‌ നല്ല പരിശീലകരില്ല. ഫിസിയോ, സൈക്കോ അങ്ങനെ ശാരീരികക്ഷമതയും മാനസിക സമ്മര്‍ദ്ദവും ചെക്ക്‌ ചെയ്യാനോ നോക്കാനോ പോലും ആരുമില്ല. ഇപ്പോള്‍ ടിന്റുവിന്റെ കാര്യത്തില്‍ പോലും അതിനെല്ലാമുള്ളത്‌ ഞാന്‍ മാത്രം. ഒരു ഭാഗത്ത്‌ സാമ്പത്തിക പ്രശ്‌നം. മറുഭാഗത്ത്‌ ഇങ്ങനെയുള്ള മാനസിക പ്രശ്‌നങ്ങള്‍ അനുഭവിച്ചു കൊണ്ടാണ്‌ സ്‌കൂള്‍ നടത്തിക്കൊണ്ടു പോകുന്നത്‌. ഒന്നെനിക്ക്‌ അഭിമാനത്തോടെ പറയാന്‍ കഴിയും. കേരളത്തില്‍ ഉഷ സ്‌കൂളിന്റെ നിലവാരം വളരെ മുന്നിലാണ്‌. ഒരു കുട്ടിയെ നല്ല രീതിയില്‍ വളര്‍ത്തിയെടുത്താല്‍ ജനങ്ങള്‍ ശ്രദ്ധിക്കും. അതുവരെ തിരിഞ്ഞു നോക്കുകയില്ല. ഈ അവസ്ഥയ്‌ക്ക്‌ മാറ്റം വരണം. ഇത്‌ നമ്മുടെ ദുരവസ്ഥയെയാണ്‌ കാണിക്കുന്നത്‌.

? ഉഷ സ്‌കൂളിനെപ്പറ്റി ചില പരാതികള്‍ ഉണ്ടല്ലോ. കോടികള്‍ കൈപ്പറ്റുന്നു എന്നൊക്കെ

= ആര്‍ക്കാണ്‌ കിംവദന്തികള്‍ പ്രചരിപ്പിക്കാന്‍ പ്രയാസം. 2002-ല്‍ ഞാനിതു തുടങ്ങുമ്പോള്‍ വളരെക്കുറച്ച്‌ കുട്ടികള്‍ മാത്രമാണ്‌ ഉണ്ടായിരുന്നത്‌. കോടികള്‍ പോയിട്ട്‌ ഏതാനും ലക്ഷങ്ങള്‍ കിട്ടിയാല്‍ ഞാനിത്‌ നന്നായി നടത്തിക്കൊണ്ടു പോകും. ഏതാനും നല്ല മനുഷ്യസ്‌നേഹികളുടെ സഹായത്താലാണ്‌ ഇന്നുവരെ നടന്നു പോകുന്നത്‌. ഇനിയും എത്രനാള്‍ ഇങ്ങനെ തുടരുമെന്ന്‌ എനിക്കറിയില്ല. അടച്ചു പൂട്ടേണ്ടി വരുമോ എന്നതാണ്‌ ഇനിയുള്ള എന്റെ ഭയം.

? ടിന്റുവിന്റെ മാതാപിതാക്കള്‍ മകളുടെ വളര്‍ച്ചയില്‍ എന്തെങ്കിലും സഹായം ചെയ്യുന്നുണ്ടോ

= ഒരു നാടിന്റെ അഭിമാനമായ ടിന്റുവിന്റെ വീടൊന്ന്‌ നോക്കൂ. ഒപ്പം എന്തും അഭിനയിക്കാനറിയാവുന്നവരുടെ വീടുകളും. അതാണ്‌ ഞാന്‍ പറഞ്ഞത്‌ ഓരോ കുട്ടികളുടെ സാഹചര്യങ്ങളെ നാം പഠിക്കണം. അവരെ എല്ലാം ദുഃഖദുരിതങ്ങളില്‍ നിന്നുമകറ്റി മാനസികമായും ശാരീരികമായും നാം വളര്‍ത്തണം. അവളുടെ മാതാപിതാക്കള്‍ വെറും നിഷ്‌കളങ്കരാണ്‌. അവള്‍ക്ക്‌ വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്‌ എന്നു മാത്രം പറയാനുള്ള കരുത്തു മാത്രമേ അവര്‍ക്കുള്ളു.

? വളര്‍ന്നു വരുന്ന അത്‌ലറ്റുകളുടെ ഇത്രമാത്രം അനുഭവസമ്പത്തുള്ള അത്‌ല്‌റ്റ്‌ എന്ന നിലയ്‌ക്ക്‌ എന്താണ്‌ പറയാനുള്ളത്‌

= ഏതു സാഹചര്യത്തിലായാലും മാനസികമായി നിങ്ങള്‍ തളരരുത്‌. നിങ്ങള്‍ നിങ്ങളുടെ കഴിവുകളെ താലോലിച്ചു വളര്‍ത്തുക. നല്ലൊരു വിഭാഗം സപ്പോര്‍ട്ട്‌ തന്നില്ലെങ്കിലും മറ്റൊരു വിഭാഗത്തിന്റെ പിന്തുണയും പ്രാര്‍ത്ഥനയും നിങ്ങള്‍ക്കൊപ്പമുണ്ടാകും.

? ലണ്ടന്‍ ഒളിമ്പിക്‌സിനെ എങ്ങനെ വിലയിരുത്തുന്നു

= ഓരോ കായികമാമാങ്കവും സമ്മാനിക്കുന്നത്‌ ഓരോ അറിവാണ്‌. ആ അര്‍ത്ഥത്തില്‍ ലണ്ടന്‍ ഒരുപാട്‌ കാര്യങ്ങള്‍ പഠിപ്പിച്ചു. അതൊങ്ങനെ ശീലിക്കാനും ശീലിപ്പിക്കാനും കഴിഞ്ഞാല്‍ ബ്രസീലില്‍ നിന്നും നമുക്ക്‌ ഒരു മെഡല്‍ നേടിയെടുക്കാനാകും. ലണ്ടനില്‍ വരാന്‍ കഴിഞ്ഞത്‌ ഭാഗ്യമായി കരുതുന്നു. ഞങ്ങള്‍ വന്നിറങ്ങുമ്പോള്‍ മഴയുണ്ടായിരുന്നു. എന്നാല്‍ പിന്നീട്‌ നല്ല ചൂടായി. ട്രാക്ക്‌ ഇവന്റുകളെ മഴ നനയിക്കാതിരുന്നതും നന്നായി. എന്തായാലും, ലണ്ടന്‍ ഒളിമ്പിക്‌സ്‌ അവിസ്‌മരണീയവും പുതിയൊരു അനുഭവവും സമ്മാനിക്കുന്നതായി. എല്ലാത്തിനും നന്ദി.
കായിക രംഗത്തെ തിരിച്ചടിക്ക് ഉത്തരം പറയേണ്ടത് ഭരണകൂടം: പി.ടി. ഉഷകായിക രംഗത്തെ തിരിച്ചടിക്ക് ഉത്തരം പറയേണ്ടത് ഭരണകൂടം: പി.ടി. ഉഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക