Image

പ്രവാസി ഇന്ത്യക്കാര്‍ക്കായി ഐ.സി.സി സാംസ്‌കാരികോല്‍സവം സംഘടിപ്പിക്കും

Published on 26 August, 2012
പ്രവാസി ഇന്ത്യക്കാര്‍ക്കായി ഐ.സി.സി സാംസ്‌കാരികോല്‍സവം സംഘടിപ്പിക്കും
ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാര്‍ക്കായി 'വിന്റര്‍ 2012' എന്ന പേരില്‍ സാംസ്‌കാരികോല്‍സവവും പ്രദര്‍ശനവും സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ (ഐ.സി.സി) ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഐ.സി.സി സ്വതന്ത്രമായോ ഖത്തര്‍ മ്യൂസിയം അതോറിറ്റി (ക്യു.എം.എ)യുടെ സഹകരണത്തോടെയോ പരിപാടി സംഘടിപ്പിക്കാനാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച് ക്യു.എം.എയുമായി പ്രാഥമിക ചര്‍ച്ച നടത്തിയി
ട്ടുണ്ട്.

അന്തിമതീരുമാനമായിട്ടില്ല. നവംബറിനും അടുത്ത ഫെബ്രുവരിക്കുമിടയില്‍ പരിപാടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
അടുത്ത ഒരു വര്‍ഷക്കാലത്തെ ഐ.സി.സിയുടെ പദ്ധതികള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. നിലവില്‍ 1200 അംഗങ്ങളാണ് ഐ.സി.സിയില്‍ ഉള്ളത്. ഒരു വര്‍ഷത്തിനകം അംഗസംഖ്യ 2000 ആയി ഉയര്‍ത്തും. സെപ്തംബര്‍ ഒന്ന് മുതല്‍ ഐ.സി.സിയുടെ ആജീവനാന്ത അംഗങ്ങള്‍ക്കായി ഷോപ്പിംഗ്, ഹെല്‍ത്ത് ഔട്ട്‌ലറ്റുകളില്‍ ഡിസ്‌കൗണ്ടുകള്‍ ലഭ്യമാക്കും. ഇതുസംബന്ധിച്ച് ഗള്‍ഫ് ഐക്കണ്‍, വീഡിയോകോണ്‍, ആസ്റ്റര്‍ ക്‌ളിനിക്, ഗാര്‍ഡന്‍ റെസ്‌റ്റോറന്റ്, പാര്‍ത്ഥാസ് എന്നിവയുമായി ധാരണയിലെത്തിയിട്ടുണ്ട്. മറ്റ് ചില കമ്പനികളും ഔട്ട്‌ലെറ്റുകളുമായും ചര്‍ച്ച പുരോഗമിക്കുകയാണ്. ഐ.സി.സിയുടെ നിലവിലുള്ള സൗകര്യങ്ങള്‍ക്ക് പുറമെ പ്രവാസി ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിധത്തതില്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. ജമ്പാ ഡാന്‍സ്, സില്‍ക് പെയ്ന്റിംഗ് എന്നിവയില്‍ കൂടി പരിശീലന ക്‌ളാസുകള്‍ ആരംഭിക്കും. ക്‌ളാസില്‍ ചേരുന്നവര്‍ക്ക് ഗതാഗതസൗകര്യം ഏര്‍പ്പെടുത്തും. കൂടുതല്‍ സവിശേഷതകളോടെ ഐ.സി.സിയുടെ വെബ്‌സൈറ്റ് നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ഐ.സി.സി സംഘടിപ്പിക്കുന്ന 66ാമത് ഇന്ത്യന്‍ സ്വാതന്ത്രൃദിനാഘോഷം വിവിധ കലാ, സാംസ്‌കാരിക പരിപാടികളോടെ അടുത്തമാസം ഏഴിന് ദോഹ സിനിമയില്‍ നടക്കും. ഈവര്‍ഷം ഇന്റര്‍സ്‌കൂള്‍ നൃത്തമല്‍സരവും പ്രവാസി ഇന്ത്യക്കാര്‍ക്കായി വിന്റര്‍ കായികദിനവും സംഘടിപ്പിക്കും.

ലൈബ്രറി കം റീഡിംഗ് റൂം, വീഡിയോവി.സി.ഡി ലൈബ്രറി സൗകര്യങ്ങള്‍ ഐ.സി.സിയില്‍ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ക്‌ളാസിക്കല്‍വെസ്‌റ്റേണ്‍ ഡാന്‍സ്, സ്‌പോക്കണ്‍ അറബിക്, കരാട്ടെ, യോഗ, ഹിന്ദുസ്ഥാനികര്‍ണാടക സംഗീതം, കീബോര്‍ഡ്, വയലിന്‍, ഗിത്താര്‍, ഡ്രോയിംഗ്, പെയ്ന്റിംഗ്, ചെസ്സ് എന്നിവയില്‍ പരിശീലന ക്‌ളാസ് നടത്തിവരുന്നു.

കുട്ടികളുടെയൊഴികെയുള്ള പാസ്‌പോര്‍ട്ട് പുതുക്കല്‍, സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളില്‍ ഇന്ത്യന്‍ എംബസിയുടെ അറ്റസ്‌റ്റേഷന്‍, പി.സി.സി, പാസ്്‌പോര്‍ട്ട് മാറ്റം തുടങ്ങിയ കോണ്‍സുലാര്‍ സേവനങ്ങളും ഐ.സി.സിയില്‍ ലഭ്യമാണ്.

നിലവില്‍ 85 സംഘടനകളാണ് ഐ.സി.സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഐ.സി.സി മുംബൈ ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രസിഡന്റ് തരുണ്‍കുമാര്‍ ബസു, ജനറല്‍ സെക്രട്ടറി സീനു എസ്. പിള്ള, വൈസ് പ്രസിഡന്റ് കെ.ആര്‍ ഗിരീഷ്‌കുമാര്‍, മറ്റ് ഭാരവാഹികളായ പി.കെ അബൂബക്കര്‍, ജതീന്ദര്‍ ബജാജ്, സാം കുരുവിള എന്നിവര്‍ പങ്കെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക