image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

രുചിയുടെ മന്ദാരങ്ങള്‍ (മീനു എലിസബത്ത്‌)

EMALAYALEE SPECIAL 24-Aug-2012
EMALAYALEE SPECIAL 24-Aug-2012
Share
image
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും ബാല്യത്തില്‍ തൊട്ടനുഭവിച്ച ചില രുചികള്‍ നമ്മെ വിട്ടു പോവില്ല. നാവിന്റെ തുമ്പില്‍ ആ കാലങ്ങളും ഒപ്പം രുചികളും ഗന്ധങ്ങളും ഒരു നനവോടെ മങ്ങാതെ, മായാതെ കിടക്കും.

ഓര്‍മകളില്‍ ആ രുചികള്‍ എപ്പോഴും നമ്മെ കൊതിപ്പിച്ചു കൊണ്‌ടിരിക്കും. ചില പ്രത്യേക മണങ്ങള്‍ ചില കാലങ്ങളെ നമ്മിലേക്ക്‌ മടക്കിക്കൊണ്ട്‌ വരും, ചിലയിടങ്ങളിലേക്ക്‌ മെല്ലെ പുറകോട്ടു നടത്തിക്കും. ചിലത്‌, നമ്മളെ കണ്ണുനീരിന്റെ വക്കോളം എത്തിക്കും. ചിലവ നമുക്ക്‌ നെടുവീര്‍പ്പുകളും ഗദ്‌ഗദങ്ങളും സമ്മാനിക്കും. ഓരോ രുചിയും ഓരോ ഓര്‍മയാണ്‌.

ചില രുചികളും ഗന്ധങ്ങളും എന്നെ എഴുതാന്‍ പ്രേരിപ്പിക്കുന്നു. വാക്കുകളിലൂടെ ഈ രുചിക്കുറിപ്പ്‌ എഴുതി തല്‍സമയത്തില്‍ നിന്നും ചില കാലഘട്ടങ്ങളിലേക്ക്‌ ഒന്ന്‌ മടങ്ങി പോവട്ടെ.

പണ്ട്‌ മുതലേ, അമേരിക്കയില്‍ വെളിച്ചെണ്ണ കിട്ടുമായിരുന്നെങ്കിലും, ഞാന്‍ നാട്ടില്‍ പോകുമ്പോഴെല്ലാം ഒന്നോ രണ്ടോ കുപ്പി വെളിച്ചെണ്ണ, പ്ലാസ്റ്റിക്‌ കുപ്പിയിലാക്കി അമ്മ തന്നു വിട്ടിരുന്നു. ഞങ്ങളുടെ തറവാട്ടു വീട്ടില്‍ ആട്ടിയെടുത്ത തെളിവെളിച്ചെണ്ണയുടെ ഗുണവും മണവും തീര്‍ച്ചയായും കടയില്‍ വാങ്ങാന്‍ കിട്ടില്ലല്ലോ?! അതിനാല്‍ വളരെ ബുദ്ധിമുട്ടി, ടയ്‌പ്പ്‌ ഇട്ട്‌ ചുറ്റിക്കെട്ടി, മൂന്നു നാല്‌ സിപ്‌ ലോക്ക്‌ ബാഗില്‍ പതിഞ്ഞു വളരെ ഭദ്രമായാണ്‌ കുപ്പികള്‍ പാക്ക്‌ ചെയ്യുക.

ഞങ്ങള്‍ അമേരിക്കയിലേക്ക്‌ പോരുന്നതിനു മുന്‍പേ നാട്ടില്‍ വെളിച്ചെണ്ണയെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകള്‍ പ്രചരിച്ചിരുന്നു. അന്നൊക്കെ റേഷന്‍ കടയില്‍ പാമോയില്‍ കിട്ടും. വെളിച്ചെണ്ണ ഉപയോഗം കുറച്ച്‌ കുറെ പേരെങ്കിലും അന്ന്‌ പാമോയില്‍ ഉപയോഗം തുടങ്ങി. പാരമ്പര്യമായി കൊളസ്‌ട്രോളും, പ്രമേഹവും കൈമുതലായി കിട്ടിയ അമ്മ പേടിച്ച്‌ മനസിലാമനസോടെ പാമോയില്‍ ഉപയോഗിക്കാന്‍ തുടങ്ങി.

പക്ഷെ, വെളിച്ചെണ്ണ തന്നെ ചേര്‍ക്കേണ്ട കറികളായ മീന്‍കറി, അവിയല്‍ ഇവയ്‌ക്കും, ഉള്ളി വറുത്ത്‌ കടുക്‌ പൊട്ടിക്കേണ്ട കറികള്‍ക്കും വെളിച്ചെണ്ണ തന്നെ വേണം. അപ്പന്റെ തറവാട്ടില്‍ വലിയമ്മച്ചിയോ അമ്മാമ്മയോ ഒരിക്കലും പാമോയില്‍ ഉപയോഗിച്ചിരുന്നില്ല. ഏത്തക്ക അപ്പം, ശര്‍ക്കര വരട്ടി, ചക്ക ഉപ്പേരി, കായ വറുത്തത്‌, കടച്ചക്ക വറുത്തത്‌, കപ്പ വറുത്തത്‌ അച്ചപ്പം, കുഴലപ്പം, നെയ്യപ്പം, ഇങ്ങനെ എല്ലാ പലഹാരങ്ങളും അപ്പന്റെ വീട്ടില്‍ വെളിച്ചെണ്ണയില്‍ തന്നെ വറുത്തു കോരി.

അടുക്കളകള്‍ എപ്പോഴും അമ്മമാരെ ഓര്‍മപ്പെടുത്തും. എന്റെ അടുക്കളയും പല സമയങ്ങളിലായി അമ്മ സമ്മാനിച്ച പലതരം അടുക്കളസാമഗ്രികളാലും പലവ്യഞ്‌ജനങ്ങളാലും നിറഞ്ഞിരുന്നു.

അമ്മയുടെ വിയോഗത്തിനു ശേഷമുള്ള ആദ്യത്തെ രണ്ടു വര്‍ഷങ്ങളോളം എനിക്ക്‌ വെളിച്ചെണ്ണയില്‍ കടുക്‌ പൊട്ടി കറിവേപ്പില വറക്കുന്ന മണം ഉള്ളിലെവിടെയോ ഒരു നൊമ്പരം ഉണര്‍ത്തിയിരുന്നു.

ആ വേര്‍പാടിന്റെ മുറിവുകള്‍, പച്ചയായി വെന്തു കിടന്ന്‌ പൊള്ളിക്കുന്ന സമയങ്ങളില്‍ ആയിരുന്നു അത്‌. മരണവിവരം അറിഞ്ഞ്‌ ഞാന്‍ നാട്ടില്‍ പോയി തിരികെ വന്നു, വളരെക്കാലത്തെ ഇടവേളയ്‌ക്കു ശേഷം അടുക്കളയില്‍ കയറിയ ദിവസം. ആ മണത്തോടോപ്പം അമ്മയും വന്നെന്റെ അരികില്‍ നില്‌ക്കുന്നതുപോലെ!. എന്നോട്‌ `പോട്ടെ മോളെ' എന്നും `സങ്കടപ്പെടേണ്ടാ'ന്നും `സാരമില്ലെന്നും' പറയുന്നത്‌ പോലെ!,..ഞാന്‍ പൊട്ടിക്കരഞ്ഞു കൊണ്ട്‌ അടുപ്പ്‌ നിര്‍ത്തി ഇറങ്ങി ഓടി. പിന്നീട്‌ ഏകദേശം രണ്ടു വര്‍ഷത്തോളം ഞാന്‍ വെളിച്ചെണ്ണയില്‍ കടുക്‌ വറുക്കാന്‍ ധൈര്യം കാണിച്ചില്ല.

അമ്മ പോയി ഇത്‌ മൂന്നാമത്തെ വര്‍ഷം. ഞാന്‍ മെല്ലെ വെളിച്ചെണ്ണയിലേക്ക്‌ തിരികെ വന്നിരിക്കുന്നു. ഇന്നിപ്പോള്‍ മക്കളും എന്നെപ്പോലെ, ഈ വെളിച്ചെണ്ണമണത്തിന്റെ ആരാധകരായിരിക്കുന്നു. വെളിച്ചെണ്ണ തിളച്ച്‌, കടുക്‌ പൊട്ടി, ഉള്ളിയും കറിവേപ്പിലയും മൂക്കുന്ന മണം വരുമ്പോഴെ ഇളയ കുട്ടികള്‍ വീട്ടിലുണ്ടെങ്കില്‍ ഓടി വരും. മൂക്കിലേക്ക്‌ വലിച്ചു കയറ്റി മണം പിടിക്കും. അറിഞ്ഞോ അറിയാതെയോ അവരും ആ സ്‌നേഹമണം നെഞ്ഞിലേറ്റാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ പോയിക്കഴിയുമ്പോള്‍ ഈ മണങ്ങളിലൂടെ അവരും എന്നെ തിരികെ വരുത്തുമോ, ആവോ?

അമ്മയുടെ അപ്പന്‍ മരിച്ചപ്പോള്‍ വലിയമ്മച്ചിക്ക്‌ കൂട്ടായി ഞാന്‍ കുറെ നാള്‍ അമ്മവീട്ടില്‍ നിന്നാണ്‌ സ്‌കൂളില്‍ പോയിരുന്നത്‌.അമ്മച്ചിക്ക്‌ കടുത്ത പ്രമേഹം ഉള്ളതിനാല്‍ അരിയാഹാരങ്ങള്‍ കുറവാണ്‌. മിക്കവാറും രാവിലെ അമ്മച്ചി ഉണ്ടാക്കി തരുന്നത്‌ ഗോതമ്പ്‌ പുട്ടോ, ഗോതമ്പ്‌ ദോശയോ, ഓട്ട്‌സ്‌, പഞ്ഞപ്പുല്ല ഇവ കുറുക്കിയതോ ആവും. അല്ലെങ്കില്‍ ചപ്പാത്തി.

മുളംകുറ്റിയില്‍ നിന്നും കൈക്കല തുണി കൂട്ടിപ്പിടിച്ച്‌ പാത്രത്തിലേക്ക്‌ കുത്തിയിടുന്ന ഗോതമ്പ്‌ പൂട്ടിന്റെ നിറുകയില്‍ തുമ്പപ്പു നിറമുള്ള തേങ്ങചിരകിയത്‌ ഇഷ്‌ടം പോലെ കാണും. പുട്ടുകുടത്തില്‍ എനിക്കായി എന്നും ഒരു താറാമുട്ട പുഴുങ്ങാനും ഇടും. ഏത്തക്കുല പഴുത്തിട്ടുള്ള സമയമാണെങ്കില്‍ അപ്പച്ചെമ്പില്‍ ഏത്തയ്‌ക്ക പുഴുങ്ങിയതും കാണും. ആവി കയറിയ ചൂട്‌ പുട്ടിന്റെ നടുഭാഗത്തും രണ്ടറ്റങ്ങളിലും കൂടെ തേങ്ങപ്പീര അലങ്കരിക്കും. ചൂട്‌ മാറാത്ത പുട്ടില്‍ ഏത്തക്ക പുഴുങ്ങിയതോ, അല്ലെങ്കില്‍ താറാമുട്ടയോ, കുഴച്ച്‌ കഴിക്കും. ഇത്‌ രണ്ടും ഇല്ലെങ്കില്‍ ഞാലിപ്പൂവനോ, ചുണ്ടില്ലാക്കണ്ണനോ പഴങ്ങള്‍. ചില ദിവസങ്ങളില്‍ പുട്ടിനു കൂട്ട്‌  പശുവിന്‍ നെയ്യും പഞ്ചസാരയും. ചൂട്‌ പുട്ടും, നെയ്യും പഞ്ചസാരയും കൂട്ടിക്കുഴച്ചു ഉരുളകള്‍ ഒന്നൊന്നായി വായിലേക്ക്‌ പോകുമ്പോള്‍ സ്വന്തം വയറാണെന്ന ഓര്‍മ പോലും ഉണ്ടാവില്ല.

ഇവിടെ ഞാന്‍ അവധി ദിവസങ്ങളില്‍ ഇടയ്‌ക്ക്‌, ഗോതമ്പ്‌ പുട്ടും ഗോതമ്പ്‌ ദോശയും ഉണ്ടാക്കും. പക്ഷെ, അന്ന്‌ അമ്മച്ചി ഉണ്ടാക്കിയ മുളംകുറ്റിപ്പുട്ടിന്റെ രുചി എന്താണോ എന്റെ അലുമിനിയം കുറ്റിയിലെ പുട്ടിനില്ലാത്തത്‌? പഴമ എന്നും പഴമ തന്നെ.

അത്‌ പോലെ തന്നെയാണ്‌ അമ്മച്ചിയുടെ ഓട്ട്‌സും. മക്കള്‍ അമേരിക്കയിലേക്ക്‌ വരുമ്പോള്‍ അമ്മച്ചിക്ക്‌ കൊണ്ടു വരുന്ന ഒരു സാധനം ടിന്‍കണക്കിന്‌ ഓട്ട്‌സ്‌ ആണ്‌. അന്നു കോട്ടയത്ത്‌ ഒട്‌സ്‌ കിട്ടുന്നത്‌ ചില പ്രത്യേക കടകളിലാണ്‌. അതും ചിലപ്പോള്‍ പുഴു കയറിയതും ചെള്ളരിച്ചതും ആയിരിക്കും. ചിലപ്പോള്‍ കിട്ടാനുമില്ല.അതിനാല്‍ ഈ അമേരിക്കന്‍ ഓട്ട്‌സിനു രുചി ഏറും. ഓട്‌സില്‍ പാലൊഴിച്ചു, തിളപ്പിച്ച്‌, അതില്‍ കുറച്ചു തേങ്ങയും ശര്‍ക്കരയും ചീകി ഒരല്‌പം ജീരകപ്പൊടിയും ഏലക്കയും ചേര്‍ത്താണ്‌ അമ്മച്ചി എനിക്ക്‌ ഓട്ട്‌സ്‌ ഉണ്ടാക്കി തരുന്നത്‌. അമ്മച്ചി തലേന്നത്തെ, മീന്‍കറിയുടെ ചാറോ, പാവക്ക മെഴുക്കുപുരട്ടിയോ കൂട്ടി ഓട്ട്‌സ്‌ കുടിക്കും. ഇതെല്ലാം ഇന്നും എന്റെ നാവില്‍ കപ്പലോടിക്കുന്നു.

ദൈവം ചിലര്‍ക്ക്‌ അനുഗ്രഹിച്ചു കൊടുക്കുന്ന ഒന്നാണ്‌ കൈപ്പുണ്യം. എന്റെ അമ്മയും നല്ല ഒരു പാചകക്കാരി ആയിരുന്നു. ആ കൈപ്പുണ്യം ഓര്‍മിപ്പിക്കുന്ന ധാരാളം വിഭവങ്ങള്‍ എനിക്കോര്‍മിക്കാന്‍ കഴിയും. നാടന്‍ പാചകങ്ങള്‍ എല്ലാം അതീവ രുചികരം. അതു കൂടാതെ അല്ലേ അമ്മക്ക്‌ വ്യത്യസ്‌തങ്ങളായ പാചകവിധികളോടും രുചികളോടും ഒരു പ്രത്യേക കമ്പം ഉണ്ടായിരുന്നു. തനിയെ പരീക്ഷണങ്ങള്‍ നടത്തി ഓരോന്ന്‌ കണ്ടു പിടിക്കും, എവിടെ പുതിയ പാചകക്കുറിപ്പുകള്‍ കണ്ടാലും എഴുതി എടുക്കും. വനിതയുടെയൊ മനോരമയുടെയോ താളുകളിലല്‍ വരുന്ന പാചകങ്ങള്‍ മുറിച്ചെടുത്ത്‌ അമ്മ ഒന്ന്‌്‌ രണ്ടു ബുക്കുകള്‍ തന്നെയുണ്ടാക്കിയിട്ടുണ്ട്‌.

ചക്കയുടെയും മാങ്ങയുടെയും സീസണില്‍ എല്ലാ വീട്ടിലെയും പോലെ ഞങ്ങളുടെ വീട്ടിലും ഇവ രണ്ടും കൊണ്ട്‌ ആറാട്ടാണ്‌. കോട്ടയത്ത്‌, മിസിസ്‌ കെ എം മാത്യുവിന്റെ പാചക ക്ലാസുകള്‍ക്ക്‌ സ്ഥിരം പോകുമായിരുന്ന അമ്മ, തിരികെ വരുന്നത്‌, അസാധാരണമായ ചില നമ്പരുകളും ആയിട്ടായിരിക്കും. അവരാണ്‌ അമ്മയെ ചക്ക കെയ്‌ക്കും ചക്ക ലഡുവും മംഗോ ബര്‍ഫിയും മംഗോ കുള്‍ഫിയും ദില്‍കുഷ്‌ കബാബും, വാഴപ്പിണ്ടി സമൂസയും എല്ലാം ഉണ്ടാക്കാന്‍ പഠിച്ചത്‌.

പക്ഷെ, ഞങ്ങള്‍ക്ക്‌ അപ്പോഴും ഞങ്ങളുടെ വലിയമ്മച്ചിയുടെ വരിക്കച്ചക്ക കൊത്തിയരിഞ്ഞ്‌ നെയ്യും ശര്‍ക്കരയും, ഏലക്കയും, ചുക്കും ചേര്‍ത്തു വിളയിച്ചെടുക്കുന്ന ചക്ക വരട്ടിയും, കൂഴച്ചക്കയുടെ നൂറു കുട്ടയില്‍ തേച്ച്‌ ചാറെടുത്ത്‌, അരിപ്പൊടിയും തേങ്ങയും ചക്കരയും ചേര്‍ത്ത്‌, വഴനയിലയില്‍ ഉണ്ടാക്കുന്ന കുമ്പിളപ്പവും തന്നെയായിരുന്നു പ്രിയം.

വളരെ അഭിമാനത്തോടെ അമ്മ മിസിസ്‌ കെ.എം മാത്യു പഠിച്ചിരുന്ന കടിച്ചാല്‍ പൊട്ടാത്ത പേരുകളുള്ള നൂതന പാചകങ്ങള്‍ പരീക്ഷിക്കും. ചില പരീക്ഷണങ്ങള്‍ വിജയിക്കും. ചിലവ വന്‍പരാജയം. എന്നാലും അമ്മ പഠിച്ചു കൊണ്ടു വരുന്ന മോഡേണ്‍ പാചക വിധികളുടെ ആരാധകനായും ബാലിയാടായും അപ്പന്‍ നിന്നു കൊടുക്കും. അമ്മ എന്തുണ്ടാക്കി കൊടുത്താലും അപ്പന്‍ അതിന്‌ നൂറില്‍ നൂറു മാര്‍ക്കും കൊടുക്കും. അമ്മയെ വാനോളം അഭിനന്ദിക്കും. വീട്ടില്‍ വരുന്നവരോടെല്ലാം അമ്മയുടെ കൈപ്പുണ്യത്തെക്കുറിച്ചു വാതോരാതെ പ്രകീര്‍ത്തിക്കും.

ഒരിക്കല്‍ പാചകവിദഗ്‌ധയുടെ ക്ലാസ്‌ കഴിഞ്ഞു വന്നുണ്ടാക്കിയ നാടന്‍ വട്ടയപ്പത്തില്‍ അമ്മ ഓറഞ്ച്‌ ഫുഡ്‌ കളര്‍ ചേര്‍ത്തു, എങ്ങിനെയോ അപ്പം കരിങ്കല്ല പോലെയായി. ഫുഡ്‌ കളറിന്റെ വല്ലാത്ത ഒരു മണവും. ഞാനും കുഞ്ഞാങ്ങളയും പാവം `നല്ലോര്‌ വട്ടയപ്പത്തീനി ഗതി വന്നല്ലോ' എന്നോര്‍ത്തു സങ്കടപ്പെട്ടു നിന്നപ്പോള്‍ അപ്പന്‍ ഒരു മടിയും കൂടാതെ അത്‌ കഴിച്ച്‌ അമ്മയുടെ മാനം രക്ഷിച്ചു. ഞങ്ങള്‍ വാ പൊളിച്ചു. വിവാഹ ജീവിതത്തില്‍ അപ്പന്‍ തികഞ്ഞ ഡിപ്ലോമാറ്റ്‌ ആയിരുന്നു. പലരും കണ്ടു പഠിക്കേണ്ട ഗുണം.

അപ്പന്റെ തറവാട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണമായിരുന്നു എനിക്ക്‌ ഏറ്റവും രുചിയുള്ളതായി തോന്നിയിട്ടുള്ളത്‌. അമ്മച്ചി ഒരു വെറും കാന്താരി ചമ്മന്തി അരച്ചാല്‍ അത്‌ മാത്രം മതി രണ്ടു പാത്രം ചോറുണ്ട്‌ പോവാന്‍. അത്രയ്‌ക്ക്‌ രുചിയാണ്‌ കറികള്‍. മിക്കവാറും ദിവസങ്ങളില്‍ തേങ്ങ അരച്ച മഞ്ഞക്കറികള്‍ വലിയപ്പച്ചന്‌ നിര്‍ബന്ധമാണ്‌. ചെമ്മീനും മാങ്ങയും, പടവലങ്ങയും ഉണക്കചെമ്മിനും, വെള്ളരിക്ക ഇവയാണ്‌ കഷണങ്ങള്‍. കടച്ചക്ക, ഉരുളക്കിഴങ്ങ്‌, വെണ്ടയ്‌ക്ക, ഇവയെല്ലാം ഇറച്ചി മസാല ഇട്ട്‌ അവസാനം തേങ്ങാപ്പാല്‍ ചേര്‍ത്തുള്ള പാല്‌ പിഴിഞ്ഞ കറി, തേങ്ങയില്‍ വെയ്‌ക്കുന്ന വറുത്തരച്ചു കറിയില്‍ പാവക്കയോ, പടവലങ്ങയോ ആവും കഷണങ്ങള്‍. അതിനു തീയല്‍ എന്നു കൂടെ പേരുണ്ടെന്ന്‌ ഞാന്‍ പിന്നെയെപ്പോഴോ ആണറിയുന്നത്‌.

ഒടിച്ചു കുത്തി ചീര, തഴുതാമ, ചേനത്തണ്ട്‌, വാഴപ്പിണ്ടി, ചക്കച്ചകിണി, ഇവ കൊണ്ടുള്ള തോരന്‍, വാഴക്കത്തൊലി, ചക്കക്കുരു, കൂര്‍ക്ക, ഇവയില്‍ തേങ്ങാക്കൊത്തു ചേര്‍ത്തുണ്ടാക്കുന്ന മെഴുക്കുപുരട്ടികള്‍. ഇവയെല്ലാം അപ്പന്റെ വീട്ടിലെ പ്രത്യേക ഡെലിക്കസികള്‍ ആണ്‌.

കായലും, തോടും അടുത്തുള്ളതിനാല്‍ മീന്‍ എന്നും കാണും. വള്ളക്കാരോ വലക്കാരോ ആണ്‌ അത്‌ കൊണ്ടു വരിക. അല്ലെങ്കില്‍ രാവിലെ മീന്‍കാരന്‍ കര വഴിയും വരും. വലിയ മീനുകളുടെ പനഞ്ഞീന്‍ (മുട്ട) ഉള്ളിയും മുളകും ഇഞ്ചിയും കറിവേപ്പിലയും ചേര്‍ത്ത്‌ മുട്ട പോലെ പൊരിച്ചെടുക്കുന്ന പനഞ്ഞീന്‍ അപ്പം, വളരെ സ്വാദിഷ്‌ടമാണ്‌. കണ്ടത്തില്‍ വെള്ളം പറ്റിക്കുമ്പോള്‍ പരലിന്റെയും പള്ളത്തിയുടെയും കുറിച്ചിയുടെയും അയ്യര്‌കളി.

ഇറച്ചിവെട്ടുകാരന്‍ ആഴ്‌ചയില്‍ ഒരിക്കലാണ്‌ മാട്ടിറച്ചി കൊണ്ടു വരിക. കുറെ നാള്‍ കഴിഞ്ഞ്‌ അത്‌ ബുധനാഴ്‌ചയും കൂടെ ആയി. വലിയപ്പച്ചന്‌ ഇറച്ചി ചവയ്‌ക്കാന്‍ ഒരല്‌പം ബുദ്ധിമുട്ടുണ്ടായിരുന്നതിനാല്‍ ഇറച്ചി പുഴുങ്ങി ഇറച്ചി മെഷിനില്‍ അരച്ചുരുട്ടി ഉണ്ടാക്കുന്ന മീറ്റ്‌ ബോള്‍ കറിയും വളരെ കേമമായിരുന്നു. അതിലും രുചി കൂട്ടുന്നത്‌ നനുത്ത തേങ്ങാപ്പാല്‍ തന്നെ.

അന്നൊക്കെ ക്രിസ്‌മസിനോ, ഈസ്റ്ററിനോ, നോയമ്പ്‌ വീടലിനോ ആരുടെയെങ്കിലും ഓര്‍മദിവസങ്ങള്‍ക്കോ ആണ്‌ കോഴിയും താറാവും പന്നിയും. അല്ലെങ്കില്‍ ആരെങ്കിലും വിരുന്നുകാര്‍ അപ്രതീക്ഷിതമായി വന്നല്‍ താറാവോ പൂവന്‍ കോഴിയോ ചട്ടിയിലാവും. അന്ന്‌ ഇന്നത്തെ പോലെ ബ്രോയിലര്‍ ചിക്കനോ, കോള്‍ഡ്‌ സ്റ്റോറജുകളോ അത്ര വിപുലമായിരുന്നില്ല നാട്ടില്‍.

ഞങ്ങളുടെ കല്യാണം കഴിയുമ്പോള്‍ എനിക്ക്‌ അങ്ങനെ വലിയ കാര്യമായി പാചകം വശമിലല്‌. അടുക്കളയില്‍ ഞാനും അമ്മയും പണ്ടേ ചേരാറില്ലായിരുന്നു. അമ്മ വല്ലതിനും വിളിക്കുമ്പോള്‍ ഞാന്‍ വലിയ വിഷമത്തോടെയാണ്‌ ചെല്ലുക. എന്റെ മട്ടും മാതിരിയും മടിയും കാണുമ്പോഴേ അമ്മയ്‌ക്ക്‌ ദേഷ്യം വരാന്‍ തുടങ്ങും. പിന്നെ തൊടുന്നതും പിടിക്കുന്നതുമെല്ലാം കുറ്റം.

`നീ ആ പിച്ചാത്തി എടുക്കാതെ, അതിന്റെ വാ പോകും, ഈ സ്‌പൂണ്‍ ഇതിനുള്ളതല്ല, നീ ഒന്ന്‌ വേഗം അരിഞ്ഞേ..എത്ര നേരമായി ഇതും കൊണ്ടിരിക്കുന്നു .ഇത്ര നാളായിട്ടും ഇതൊന്നും ചെയ്യാന്‍ പഠിച്ചില്ലെ.'
ഈ തരത്തിലുള്ള നാല്‌ ഡയലോഗ്‌ കേള്‍ക്കുമ്പോഴേ ഞാന്‍ മുഖം കുത്തി വീര്‍പ്പിച്ചു ഒരു പോക്ക്‌ പോകും. അത്ര നല്ല സ്വഭാവമാണല്ലോ എന്റേത്‌..?!! പിന്നെ ആ ഭാഗത്തോട്ടു നിവര്‍ത്തിയുണ്ടെങ്കില്‍ വരില്ല.

പാചകത്തിലെ എന്റെ ആദ്യ ഗുരു അപ്പനാണ്‌. അമ്മ കുറെ നാള്‍ ജോലി മാറി തൃശൂര്‍ പോകുമ്പോഴാണ്‌ അപ്പന്‍ എന്നെ അടുക്കളയിലേക്കു വലത്ത്‌കാല്‌ വെപ്പിച്ചു കൈ പിടിച്ചു കയറ്റുന്നത്‌. അന്നു വീട്ടിലെ ജോലിക്കാരി അവധിക്ക്‌ വീട്ടില്‍ പോയിട്ട്‌ വരാതെ ഞങ്ങള്‍ അപ്പനും മക്കളും നട്ടം തിരിയുന്ന സമയവും. അപ്പന്‌ രാവിലെ ജോലിക്ക്‌ പോണം. മൂന്നു പേര്‍ക്കും പ്രഭാതഭക്ഷണവും പൊതിച്ചോറും കെട്ടണം. അപ്പനെ കൊണ്ട്‌ തന്നെ പറ്റില്ല. ചെറിയ മീന്‍ വെട്ടുക, ഇറച്ചി നുറുക്കുക ഇവയെല്ലാം വളരെ ക്ഷമയോടെ അപ്പന്‍ എനിക്ക്‌ കാണിച്ചു തന്നു. വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പയറ്‌ തോരന്‍, ചീര തോരന്‍്‌, മോര്‌ കാച്ചല്‍ ഇവയ്‌ക്കെല്ലാം അപ്പനാണ്‌ ഗുരു. ഞാന്‍ വല്ല മണ്ടത്തരവും കാണിച്ചു ദേഷ്യം വന്നാലും അത്‌ കാണിക്കാതെ, അപ്പന്‍ ക്ഷമയോടെ നിന്നു. അത്യാവശ്യം കറികള്‍ വെയ്‌ക്കാനും കഞ്ഞി വെയ്‌ക്കാനും വാര്‍ക്കാനും എല്ലാം ഞാന്‍ പഠിച്ചു. പക്ഷെ, അമ്മ തിരികെ വന്നു കഴിഞ്ഞാല്‍ എന്നെ ആ ഭാഗത്തെങ്ങും കണ്ടു കിട്ടില്ല.

അമേരിക്കയില്‍ വന്ന്‌ ആവശ്യം സൃഷ്‌ടിയുടെ മാതാവായപ്പോഴും, ഞാന്‍ മൂന്നു കുട്ടികളുടെ മാതാവായപ്പോഴേക്കും അത്യാവശ്യ പാചകങ്ങള്‍ എല്ലാം ഞാന്‍ അമ്മയോട്‌ ചോദിച്ചും കണ്ടും പഠിച്ചു. എന്റെ പാചകങ്ങള്‍, ഷാജിയുടെ അമ്മയുടെയും എന്റെ അമ്മയുടെയും ഒരു മിശ്രിതമാണ്‌. ചിറ്റാര്‍കാരുടെ മീന്‍കറി, ആദ്യത്തെ ദിവസം തന്നെ ചാറു കുറുകി, കഷണങ്ങളില്‍ എല്ലാം നന്നായി പിടിക്കും. കല്യാണ മീന്‍ പോലെ ആവും രുചി. പള്ളംകാര്‍ക്ക്‌, വേമ്പനാട്‌ കായല്‍ പോലെ, മീന്‍കറിയില്‍ വള്ളം ഇറക്കി തുഴഞ്ഞു നടക്കണം. ചാറാണ്‌ അവര്‍ക്ക്‌ മുഖ്യം. ആദ്യത്തെ ദിവസം മീന്‍കറിയില്‍ മസാല പിടിക്കാറില്ല. പിന്നെ, ഓരോ ദിവസവും ചെറുതീയില്‍ ചൂടാക്കി, മൂന്നാം ദിവസം മീന്‍കറി തീരാരാകുമ്പോഴാണ്‌ രുചി കൂടുക. ഇങ്ങനെ സ്വഭാവത്തില്‍ എന്ന പോലെ പാചകരീതികളിലും ഭക്ഷണ രീതികളിലും വളരെവ്യത്യാസമുണ്ട്‌്‌ കേരളത്തില്‍ തന്നെയുള്ള ഈ ഈ രണ്ടു കരകള്‍ തമ്മില്‍.

തലമുറകളായി കൈമാറിക്കിട്ടിയ ഈ രുചികളെല്ലാം ഞാനും പരീക്ഷിക്കുന്നു. മക്കള്‍ക്ക്‌ പകര്‍ന്നു കൊടുക്കാന്‍ ശ്രമിക്കുന്നു. അവധിക്കാലങ്ങളില്‍ മക്കള്‍ ചില പാചകങ്ങള്‍ എന്നില്‍ നിന്നു പഠിക്കുന്നു. ഏതാണ്ട്‌ അഞ്ചാറ്‌ വയസുള്ളപ്പോള്‍ തന്നെ, അവര്‍ എന്റെ കൂടെ അടുക്കളയില്‍ ചുറ്റിപ്പറ്റി നില്‌ക്കും. ഒരു പെണ്‍കുഞ്ഞില്ലാത്തത്‌ അല്ലെ, അവര്‍ കുറെയെല്ലാം എന്നെ സഹായിക്കാറുണ്ട്‌.

ഞങ്ങളുടെ വീട്ടില്‍ എല്ലാവരുടെയും താല്‌പര്യം അനുസരിച്ച്‌, എല്ലാത്തരം ഭക്ഷണവും ഉണ്ടാക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്‌. കേരളയും, നോര്‍ത്ത്‌ ഇന്ത്യനും, അമേരിക്കനും, ഇറ്റാലിയനും, മെക്‌സിക്കാനും തായിയും, ചൈനീസും എല്ലാം ഇതില്‍ ഉള്‍പ്പെടും. അമേരിക്കന്‍ ഭക്ഷണങ്ങള്‍ ഉണ്ടാക്കുവാന്‍ കുട്ടികള്‍ക്ക്‌ അത്യാവശ്യം അറിയാം. അവര്‍ക്ക്‌ അമേരിക്കന്‍ വിഭവങ്ങള്‍ പോലെ. നമ്മുടെ തനി നാടനും നോര്‍ത്ത്‌ ഇന്ത്യനും എല്ലാം ഇഷ്‌ടമാണ്‌.

എന്നാലും നാട്ടില്‍ പോയി തിരികെ വരുമ്പോള്‍ അവര്‍ക്ക്‌ ആദ്യം കൊതി വരുന്നത്‌ ഹാംബര്‍ഗറും ഫ്രഞ്ച്‌്‌ ഫ്രയും പിസായും തന്നെ. മിക്ക പുതിയ പാചകവിധികള്‍ പരീക്ഷിക്കാനും അവര്‍ തയാര്‍.

തലമുറകളായി കൈമാറിക്കിട്ടിയ ഈ രുചിസങ്കേതം കുറെയെല്ലാം മക്കളും സൂക്ഷിച്ചേക്കും എന്നാണ്‌ വിശ്വാസം അവര്‍ കെട്ടിക്കൊ
ണ്ടു വരുന്ന, മലയാളിപ്പെണ്ണിനോ, മദാമ്മക്കോ, മെക്‌സിക്കത്തിക്കോ, ഇനി അതുമല്ലെങ്കില്‍ ഇവിടെ തനി അമേരിക്കക്കാരിയായി വളര്‍ത്തിയ മലയാളി മദാമ്മക്കോ, കേരള പാചകം അറിയണമെന്നില്ലല്ലോ. അതിനാല്‍ അവര്‍ എല്ലാം പഠിച്ചു വെയ്‌ക്കട്ടെ. ഞാന്‍ ആണ്‍കുട്ടിയാണ്‌ എന്ന്‌ പറഞ്ഞു മാറി നില്‌ക്കാന്‍ ഇത്‌ പഴയ കാലമൊന്നുമല്ലല്ലോ.

എല്ലാവരും പറയുന്നതു പോലെ രുചിയിലൂടെയാണ്‌ മനുഷ്യഹൃദയത്തിലേക്ക്‌ ഉള്ള എളുപ്പവാതില്‍. ഏതു കാലത്തും രുചി, നമ്മളെ ഓര്‍മകളിലേക്കും ചില കാലങ്ങളിലെക്കും തിരികെ നടത്തിക്കും ചിലതെല്ലാം നമ്മെ ഓര്‍മ്മപ്പെടുത്തും. ചിലരെല്ലാം രുചിയിലൂടെയും മനങ്ങളിലൂടെയും നമ്മിലേക്കോടി വരും. ഈ രുചിക്കുറിപ്പിലൂടെ നിങ്ങളും കണ്ടില്ലെ, നിങ്ങളുടെ പ്രിയപ്പെട്ടവരെ? അവര്‍്‌ സ്‌നേഹത്തില്‍ ചാലിച്ച്‌, വിളമ്പി തന്ന ആ വിഭവങ്ങള്‍ അതിന്റെ മറക്കാനാവാത്ത രുചിഭേദങ്ങള്‍?
(മലയാളം പത്രത്തില്‍ 'തത്സമയം' പംക്തിയില്‍ പ്രസിദ്ധീകരിച്ചത്‌ )


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സർക്കാരിന്റെ മന്ദബുദ്ധിക്കളി: ആഴക്കടല്‍ മീന്‍പിടുത്തവും കബളിക്കപ്പെടുന്ന പ്രവാസികളും (എ.സി.ജോര്‍ജ്ജ്)
ഓരോ പെണ്‍കുട്ടിയും സ്വയം ആഞ്ഞടിക്കുന്ന ഓരോ കടലുകളാണ് (ബിനു ചിലമ്പത്ത് (സൗത്ത് ഫ്‌ലോറിഡ ))
മണ്ണിൽ നിന്നും മണ്ണിലേക്ക് - നോയമ്പുകാല ചിന്തകൾ (ഇ- മലയാളിയുടെ നോയമ്പ്കാല രചനകൾ - 2 )
ദേവി എൻ്റെ കരുത്തുറ്റ കൂട്ടുകാരി.. (ഇരിക്കട്ടെ, സ്ത്രീക്കും ഒരു ദിനം-ഉയരുന്ന ശബ്ദം - 32 ജോളി അടിമത്ര)
വിനോദിനിയും സന്തോഷ് ഈപ്പന്റെ ആറാമത്തെ ഐഫോണും !! (ഷോളി കുമ്പിളുവേലി)
മൊട്ടയടി പുതിയ പ്രതിഷേധമുറയാകുമ്പോൾ...(ഉയരുന്ന ശബ്ദം -31:ജോളി അടിമത്ര)
കേരളത്തിലെ കോൺഗ്രസ്  സ്ഥാനാർത്ഥികളായി പുതുമുഖങ്ങളെ വേണം (ജോർജ്ജ് എബ്രഹാം)
ഓ.സി.ഐ. കാർഡിനു  വീണ്ടും നിയന്ത്രണങ്ങൾ; ദീർഘകാല വിസ ആയി മാറും 
ക്വീന്‍സ് ഗാമ്പിറ്റ്--മലയാളി നിഹാല്‍ സരിന്‍ മഹാത്ഭുതം, ചെസിനു മാമ്പഴക്കാലം ( കുര്യന്‍ പാമ്പാടി)
പുനരുത്ഥാനത്തിലേക്ക് നാൽപ്പതു ദിവസങ്ങൾ (സുധീർ പണിക്കവീട്ടിൽ)
ഇതൊരു കഥയല്ല....ജീവിതമാണ് (തോമസ് കളത്തൂര്‍)
ഇന്ത്യക്കാർ അമേരിക്ക പിടിച്ചെടുത്തിരിക്കുന്നുവെന്ന് പ്രസിഡന്റ് ബൈഡൻ!
ജീവനാണ് ഏറെ വിലപ്പെട്ടത്: ആൻസി സാജൻ
വിശ്വാസികൾക്ക് ഇത് നോയമ്പ് കാലം (E-malayalee invites articles)
വിവാദം സൃഷ്ടിച്ചുകൊണ്ട് വീണ്ടും ഒരവതാരം " ശ്രീ എം" ( മാത്യു ജോയിസ്, ലാസ് വേഗാസ് )
ശ്രീ എം. എന്ന മുംതാസ് അലി ഖാൻ തികഞ്ഞ ആത്മീയാചാര്യൻ; പക്ഷെ  ആർ.എസ്.എസ്സിനെ കുറിച്ചുള്ള അഭിപ്രായം അപക്വം (വെള്ളാശേരി ജോസഫ്)
മെട്രോമാന്‍ ശ്രീധരന്റെ രാഷ്ട്രീയം (ദല്‍ഹികത്ത് : പി.വി.തോമസ്)
യാഥാസ്ഥിക പൊളിറ്റിക്കൽ ആക്ഷൻ കോൺഫ്രൻസ് [സി.പി.എ. സി]. 2 (ആൻഡ്രുസ്)
അമേരിക്കയില്‍ ശരാശരി മനുഷ്യായുസ്സ് കുറയുന്നു; ഇന്‍ഡ്യയില്‍ കൂടുന്നു (കോര ചെറിയാന്‍)
ഇതാണ് ദൃശ്യം, ഇതാണ് ഒടിടി! (ജോര്‍ജ് തുമ്പയില്‍)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut